പ്രതീകാത്മക ചിത്രം
കോട്ടയം: അങ്കണവാടികളിലെ കുട്ടികളിലെ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തി ആവശ്യമായ പരിഹാരനടപടികള്‍ ഉറപ്പാക്കുന്നതിനായി സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പ് നടപ്പാലിക്കുന്ന ബാല്യസ്പന്ദനം പദ്ധതിക്കു ജില്ലയില്‍ തുടക്കമായി. അങ്കണവാടി കുട്ടികളുടെ ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ (ഡോക്ടര്‍), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് എന്നിവരടങ്ങുന്ന രണ്ടംഗ സംഘം അങ്കണവാടികളില്‍ എത്തി മൂന്നു മുതല്‍ ആറു വയസു വരെയുള്ള കുട്ടികളുടെ ഉയരം, ഭാരം, ശരീര അളവുകള്‍, പോഷകാഹാരനില, കാഴ്ച, കേള്‍വി തുടങ്ങിയവ പരിശോധിക്കും. ഇതിനായി സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തും.
ആദ്യഘട്ട ആരോഗ്യപരിശോധന 20നകം പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പരിശോധനയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും തുടര്‍നടപടികള്‍. ആരോഗ്യപരമായോ പോഷകാഹാരവുമായി ബന്ധപ്പെട്ടോ പ്രത്യേക പരിചരണം ആവശ്യമായ കുട്ടികളെ പരിശോധനയിലൂടെ കണ്ടെത്തി ആവശ്യമായ തുടര്‍ചികിത്സയും പരിചരണവും ഉറപ്പാക്കും.
പരിശോധനയില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ പോഷകാഹാര ആവശ്യങ്ങള്‍ വിലയിരുത്തി ഭക്ഷണക്രമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. കുട്ടികളുടെ ആരോഗ്യവിവരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവരുടെ സ്വകാര്യതയും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
പദ്ധതിയുടെ ഏകോപനത്തിനും മേല്‍നോട്ടത്തിനുമായി സംസ്ഥാനത്തെ 258 ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ അങ്കണവാടികളിലെ കുട്ടികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. സംസ്ഥാനത്ത് ആദിവാസി, പിന്നാക്ക മേഖലകളില്‍നിന്നുള്ള കുട്ടികളില്‍ പോഷകാഹാരക്കുറവ് ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ബാല്യസ്പന്ദനം പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നത്.
കുട്ടികളുടെ ആരോഗ്യവും പോഷണവും ഉറപ്പാക്കുന്നതിനൊപ്പം പ്രശ്നങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും പദ്ധതി സഹായകമാകും. ‘ആരോഗ്യമുള്ള ബാല്യം ശക്തമായ ഭാവി ’ എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തെ കൂടുതല്‍ ശാസ്ത്രീയവും സമഗ്രവുമായ രീതിയില്‍ ശക്തിപ്പെടുത്തുകയാണ് ബാല്യസ്പന്ദനം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Tags : Nattuvishesham DistrictNews