മുംബൈ: രാജ്യത്തെ പ്രമുഖ സ്വര്‍ണാഭരണ നിര്‍മാതാക്കളായ രാജേഷ് എക്സ്പോര്‍ട്സിനെതിരേ അതീവ ഗുരുതരമായ കണ്ടെത്തലുകളുമായി ഇന്ത്യന്‍ ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെബി. ഈ മാസം ആദ്യവാരം പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് വരുമാനത്തില്‍ 15.15 ലക്ഷം കോടി രൂപയുടെ കൃത്രിമം കാണിച്ചുവെന്ന ഞെട്ടിക്കുന്ന വിവരമുള്ളത്. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വരുമാന തട്ടിപ്പ് ആരോപണങ്ങളിലൊന്നാണിത്.
◄99.80 ശതമാനം വരുമാനവും വ്യാജം
2020-21 സാമ്പത്തികവര്‍ഷം മുതല്‍ 2024-25 വരെയുള്ള അഞ്ചു വര്‍ഷ കാലയളവില്‍ കമ്പനി തങ്ങളുടെ ആകെ വരുമാനം വലിയതോതില്‍ പെരുപ്പിച്ചു കാണിച്ചു. തങ്ങളുടെ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ‘വല്കംബി’ ഉള്‍പ്പെടെയുള്ള വിദേശ സബ്സിഡിയറി കമ്പനികളില്‍നിന്നാണ് ഈ വരുമാനമെന്നാണ് രാജേഷ് എക്സ്പോര്‍ട്സ് കാണിച്ചിരുന്നത്. എന്നാല്‍ യഥാർഥ ഓഡിറ്റ് രേഖകള്‍ പരിശോധിച്ചപ്പോള്‍ വിദേശ കമ്പനികളുടെ വരുമാനം നാമമാത്രമാണെന്നു കണ്ടെത്തി. വിദേശ സബ്സിഡിയറികളുടെ പേരില്‍ കാണിച്ച വരുമാനത്തിന്റെ 99.80 ശതമാനവും (ഏകദേശം 15.15 ലക്ഷം കോടി രൂപ) വ്യാജമാണെന്നാണ് സെബി വ്യക്തമാക്കുന്നത്. വിദേശ അനുബന്ധ കമ്പനികളുടെ പേരില്‍ കന്പനി പുറത്തുവിട്ട വരുമാനവും തട്ടിക്കൂട്ടിയതാണെന്നാണു വിവരം. ഇതിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
◄ഓഹരി ഉടമയുടെ പരാതിയിൽ അന്വേഷണം
2024 മാര്‍ച്ചില്‍ കമ്പനിയുടെ ഒരു ഓഹരി ഉടമ നല്കിയ പരാതിയാണ് ഈ അന്വേഷണത്തിനു വഴിത്തിരിവായത്. കമ്പനി മറ്റുള്ളവരില്‍നിന്ന് ഈടാക്കാനുള്ള വലിയൊരു തുക രണ്ടു വര്‍ഷത്തിലേറെയായിട്ടും ലഭിക്കാതെ കിടക്കുന്നതു ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. തുടര്‍ന്നു നടത്തിയ ഓഡിറ്റിലാണ് വരുമാനം പെരുപ്പിച്ചുകാണിച്ചതും കമ്പനിയുടെ പണം പ്രൊമോട്ടറുടെ സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റി ഡെറിവേറ്റീവ് ട്രേഡിംഗിനായി ഉപയോഗിച്ചതായും സെബി കണ്ടെത്തിയത്. രാജേഷ് എക്സപോർട്ട്സ് നിരവധി വിദേശ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഈ ഇടപാടുകൾക്കൊന്നും മതിയായ രേഖകളോ തെളിവുകളോ ലഭിച്ചില്ലെന്നും സെബി ചൂണ്ടിക്കാട്ടുന്നു. പരിശോധനകളിലും ഓഡിറ്റുകളിലും നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണാഫ്രിക്കയടക്കം ചില ആഫ്രിക്കൻ രാജ്യങ്ങളിലെ സ്വര്‍ണഖനികളില്‍ നിക്ഷേപമുണ്ടെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇതിനു കൃത്യമായ രേഖകള്‍ ഒന്നുമില്ലെന്നാണു പുറത്തുവരുന്ന വിവരം. സെബിയുടെ ഓഡിറ്റര്‍മാര്‍ക്ക് കൃത്യമായ അക്കൗണ്ട് വിവരങ്ങളോ രേഖകളോ മാനേജ്മെന്റ് നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◄താത്കാലിക വിലക്ക്
രാജേഷ് എക്സ്പോര്‍ട്സിന്റെ പ്രൊമോട്ടറും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ രാജേഷ് മേത്തയെ ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍നിന്നും ഓഹരികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സെബി താത്കാലികമായി വിലക്കി. കമ്പനിയുടെ രേഖകൾ പൂര്‍ണമായി പരിശോധിക്കാന്‍ പുതിയ ഫോറന്‍സിക് ഓഡിറ്ററെക്കൂടി നിയമിക്കാനും ഉത്തരവിട്ടിട്ടുണ്ട്. 30 ദിവസത്തിനകം വിശദീകരണം നല്കാന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ ‘സത്യം കംപ്യൂട്ടേഴ്സ്’ തട്ടിപ്പിനു സമാനമായ രീതിയിലാണ് വരുമാന കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയതെന്നാണ് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരാന്‍ അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്. ചില ഇടപാടുകളില്‍ ഒരേ തുക ആവര്‍ത്തിച്ച് കണക്കാക്കിയിരിക്കാമെന്നാണ് സെബി സംശയിക്കുന്നത്.
◄എൽഐസി ആശങ്കയിൽ
പൊതുമേഖലാസ്ഥാപനമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പറേഷന് രാജേഷ് എക്സ്പോര്‍ട്സില്‍ 10.8% ഓഹരി പങ്കാളിത്തമുണ്ട്. ഈ തകര്‍ച്ച എല്‍ഐസി നിക്ഷേപകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. പൊതുമേഖലാസ്ഥാപനമായ എൽഐസി കോര്‍പറേറ്റ് ഗവേണന്‍സ് തകരാറിലായ ഒരു കമ്പനിയില്‍ എന്തിന് ഇത്രയും നിക്ഷേപം നടത്തിയെന്ന ചോദ്യമാണ് എൽഐസിയുടെ നിക്ഷേപകര്‍ ഉയര്‍ത്തുന്നത്. തട്ടിപ്പ് നടത്തിയതായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ രാജേഷ് എക്സ്പോര്‍ട്സിന്റെ ഓഹരികള്‍ 5% ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കമ്പനിയുടെ വിപണിമൂല്യത്തിന്റെ 80 ശതമാനത്തിലധികമാണ് ഇടിഞ്ഞത്.
◄നിഷേധിച്ച് രാജേഷ് മേത്ത
അതേസമയം, സെബിയുടെ ഈ ആരോപണങ്ങള്‍ രാജേഷ് എക്സ്പോര്‍ട്സ് പൂര്‍ണമായി നിഷേധിച്ചു. ഇതൊരു ഇടക്കാല ഉത്തരവ് മാത്രമാണെന്നും കമ്പനി പ്രഖ്യാപിച്ച വരുമാനക്കണക്കുകള്‍ കൃത്യമാണെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുന്‍പ് അന്തിമ നിഗമനത്തില്‍ എത്തുന്നത് ശരിയല്ലെന്നുമാണ് മാനേജിംഗ് ഡയറക്ടര്‍ രാജേഷ് മേത്ത പ്രതികരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണാഭരണ കയറ്റുമതി കമ്പനികളിലൊന്നാണ് രാജേഷ് എക്സ്പോര്‍ട്സ്. ബംഗളൂരുവാണ് കന്പനിയുടെ ആസ്ഥാനം. കമ്പനി വിവിധ രാജ്യങ്ങളിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിക്ക് ലക്ഷക്കണക്കിനു നിക്ഷേപകരാണുള്ളത്.
Tags : SEBI fraud Rajesh Exports