x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷൻ സൈ - ഹണ്ട്; പത്തനംതിട്ടയിൽ യുവതി അറസ്റ്റിൽ

പത്തനംതിട്ട ബ്യൂറോ
Published: July 29, 2026 03:27 PM IST | Updated: July 29, 2026 04:33 PM IST

അറസ്റ്റിലായ ജയമോൾ.

പത്തനംതിട്ട: ഓൺലൈൻ സാന്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്താൻ നടത്തിയ ഓപ്പറേഷൻ സൈ - ഹണ്ടിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ല പോലീസ് മേധാവി ആർ. ആനന്ദിന്‍റെ നിർദേശാനുസരണം ജില്ലയിൽ വിവിധ സ്റ്റേഷൻ പരിധികളിലായി 10 ഇടങ്ങളിൽ റെയ്ഡ് നടത്തി. വിവിധ സ്റ്റേഷനുകളിലായി നാലു കേസുകൾ രജിസ്റ്റർ ചെയ്തു. ഒരാൾ അറസ്റ്റിൽ ആയിട്ടുണ്ട്. കൊടുമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടത്തിട്ട എന്ന സ്ഥലത്ത് ജയാലയം വീട്ടിൽ ജയമോൾ (40) ആണ് കൊടുമൺ പോലീസിന്‍റെ പിടിയിൽ ആയത്.

ഇവരുടെ പക്കൽനിന്നു സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചതെന്നു സംശയിക്കുന്ന ഒരു മൊബൈൽ ഫോൺ, എടിഎം കാർഡുകൾ, പാൻ കാർഡ് എന്നിവ പിടിച്ചെടുത്തു. സംശയകരമായ ഇടപാടുകളിലൂടെ ഇവർ 2,60,800 രൂപയുടെ കൈമാറ്റമാണ് നടത്തിയത്.


ജില്ലാ പോലീസ് മേധാവിക്കു ജില്ലയുടെ പല ഭാഗങ്ങളിൽനിന്നായി ഇത്തരത്തിലുള്ള നിരവധി സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് സംശയകരമായ അക്കൗണ്ട് ഉടമകളെ നിരീക്ഷിക്കാനും നിയമ നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയത്.

ഇപ്പോൾ അറസ്റ്റിലായ യുവതിയെ കൂടാതെ മറ്റു മൂന്നു പേരെകൂടി പോലീസ് അന്വേഷിച്ചു വരുന്നതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇവരുടെ അക്കൗണ്ടുകളിലൂടെ 2,88,000, 1,21,000 , 75000 വീതമുള്ള തുകകൾ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്‍റെ ഭാഗമായി പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെയും താമസിയാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകൾക്കു നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമ നടപടി ദ്രുതഗതിയിലാക്കാനുമായി കേരള പോലീസ് നടപ്പാക്കിയ പദ്ധതിയാണ് ' ഓപ്പറേഷൻ സൈ - ഹണ്ട് '. ഓൺലൈൻ തട്ടിപ്പിലൂടെ നേടിയെടുക്കുന്ന പണം ഇത്തരത്തിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത ശേഷം എടിഎം കാർഡ് വഴിയോ ചെക്ക് വഴിയോ പിൻവലിച്ചു വീതിച്ചെടുക്കുകയാണു തട്ടിപ്പുകാരുടെ രീതി.

Tags : Arrest Fraud YoungWoman Pathanamthitta Crime Police Investigation CaseFile FIR Digital CyberCrime

Recent News

Corehub Up