Kerala
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ മനസുകളിലിനി ഓര്മ. സമൂഹത്തിന്റെ നാനാതുറയിലുള്ള നൂറുകണക്കിനാളുകളെ സാക്ഷിനിര്‍ത്തി പെരുന്ന പടിഞ്ഞാറ് കോയിക്കല്‍ വിജയ ഭവനം വീട്ടുവളപ്പില്‍ അദ്ദേഹത്തിന്റെ ഭൗതീകശരീരം എരിഞ്ഞടങ്ങി. വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സാമൂഹ്യ സാംസ്കാരിക സമുദായ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി വന്‍ജനാവലി ആദരവ് അര്‍പ്പിച്ചു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, പ്രസിഡന്റ് ഡോ. എം.ശശികുമാര്‍, വൈസ് പ്രസിഡന്റ് എം.സംഗീത്കുമാര്‍, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള, മുന്ഗവര്ണര് പി. ശ്രീധരന്‍പിള്ള, രാജ്യസഭാ മുന്‍ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്, എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാല്‍, മന്ത്രി വി.എന്‍. വാസവന്, മുന്‍മന്ത്രി കെ.സി.ജോസഫ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ്, നേതാക്കളായ രമേശ് ചെന്നിത്തല, ജോസഫ് വായ്ക്കന്‍, എ.എന്‍.രാധാകൃഷ്ണന്, തോമസ് ചാഴികാടന്, ജോബ് മൈക്കിള്‍, വിനു ജോബ്, ബി.രാധാകൃഷ്ണമേനോന് തുടങ്ങിയവര്‍ വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
വ്യക്തിജീവിതത്തിലും സമീപനങ്ങളിലും ലാളിത്യത്തിന്റെയും സൗഹൃദത്തിന്റെയും ശൈലി അവലംബിച്ചിരുന്ന അദ്ദേഹം നല്ലൊരു സംഘാടകനുമായിരുന്നു.
ചങ്ങനാശേരിയിലെ സാമുദായിക സാംസ്കാരിക സംഘടനകള്‍ പൊതുപരിപാടികള്‍ ആവിഷ്കരിക്കുമ്പോള്‍ ക്ഷണിക്കേണ്ടവരുടെ പട്ടികയിലെ ആദ്യപേര് ഹരികുമാര്‍ കോയിക്കലിന്റേതായിരുന്നു.
ആരോഗ്യം മോശമാകുന്ന അവസ്ഥയിലെത്തുന്നതുവരെ എന്‍എസ്എസ് സെക്രട്ടറി, ഡയറക്ടര്‍ബോര്‍ഡംഗം, ചങ്ങനാശേരി താലൂക്ക് യൂണിയന് പ്രസിഡന്റ് എന്നീ നിലകളില്‍ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ഒരു വീഴ്ചയും വരുത്തിയില്ല. സമുദായപ്രവര്ത്തനത്തിനായി ഇറങ്ങിത്തിരിച്ചതുമുതല്‍ എന്‍എസ്എസ് നേതൃത്വത്തോടൊപ്പം സമുദായത്തിന്റെ വളര്‍ച്ചക്കായി എന്നും കര്‍മനിരതമായ സാന്നിധ്യമായിരുന്നു ഹരികുമാറിന്റേത്.
പെരുന്ന പടിഞ്ഞാറ് കരയോഗം പ്രസിഡന്റായി പ്രവര്‍ത്തനം തുടങ്ങിയ ഹരികുമാര്‍ കോയിക്കല്‍ 1984ല്‍ എന്‍എസ്എസ് പ്രതിനിധിസഭയിലെത്തി. 1999മുതല്‍ സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡംഗമാണ്.
ചങ്ങനാശേരി താലൂക്ക് യൂണിയന് പ്രസിഡന്റായിരുന്ന ജി.സുകുമാരന്‍നായര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി നിയമിതനായപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന ഹരികുമാര്‍ കോയിക്കല്‍ താലൂക്ക് യൂണിയന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2025 മേയ് ഏഴിനാണ് എന്‍എസ്എസ് സെക്രട്ടറിയായി നിയമിതനായത്.
കൃഷിവിഭാഗം സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ എസ്റ്റേറ്റുകളുടെയും കൃഷിയുടേയും മേല്‍നോട്ടം വഹിച്ചു.
Special News
കഴിഞ്ഞ ദിവസം അന്തരിച്ച, സിജെ സന്യാസിനി സമൂഹാംഗം സിസ്റ്റർ ഡമസീന മണ്ണഞ്ചേരിയിലിന്റെ ജീവിതം ഏതൊരു വ്യക്തിയെയും പ്രചോദിപ്പിക്കുന്നതാണെന്ന് സഹപ്രവർത്തകർ. ഏഴു പതിറ്റാണ്ട് ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ നിസ്വാർഥമായി ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞ മലയാളി സന്യാസിനിമാരിലൊരാളാണ് സിസ്റ്റർ ഡമസീനയെന്ന് സഭാംഗങ്ങൾ ഒാർമിക്കുന്നു. കഴിഞ്ഞ 23നായിരുന്നു സിസ്റ്ററിന്റെ വേർപാട്. സിസ്റ്റർ ഡമസീനയെക്കുറിച്ചു യുപി പ്രയാഗ്രാജിലെ സെന്റ് മേരീസ് കോൺവന്റ് അംഗം സിസ്റ്റർ എം. സുമിത സിജെ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് ഇങ്ങനെ:
ദൈവസ്നേഹം അഗ്നിപോലെയാണ്. അതു സ്വയം അടച്ചുപൂട്ടാൻ അനുവദിക്കില്ല. കാരണം ദൈവത്തെ സ്നേഹിക്കാനും അവിടത്തെ ബഹുമാനം വർധിപ്പിക്കാതിരിക്കാനും കഴിയില്ല. സിസ്റ്റർ ഡമസീന അംഗമായിരുന്ന സിജെ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക ദൈവ ദാസി മേരി വാഡിന്റെ വാക്കുകളാണിത്.
ഈ അർഥപൂർണമായ വാക്കുകൾ തന്റെ ജീവിതത്തിലൂടെ അന്വർഥമാക്കാൻ സിസ്റ്റർ ഡമസീനയ്ക്കു സാധിച്ചിരുന്നു. അതിരമ്പുഴ മണ്ണഞ്ചേരിയിൽ പരേതരായ ദേവസ്യയുടെയും മറിയക്കുട്ടിയുടെയും എട്ട് മക്കളിൽ മൂന്നാമതായി 1934 ജൂൺ 14നാണ് സിസ്റ്റർ ജനിച്ചത്. പ്രാർഥയുടെയും കഠിനാധ്വാനത്തിന്റെയും മൂല്യത്തിലും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം നിശബ്ദമായി വളർത്തിയെടുത്തതുമായ കുടുംബത്തിലാണ് സിസ്റ്റർ വളർന്നുവന്നത്.
പ്രേഷിത തീഷ്ണതയാൽ കുഞ്ഞുമനസുകളെ ജ്വലിപ്പിച്ചിരുന്ന ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ പ്രചോദനം സിസ്റ്ററിന്റെ ഉളളിലെ ദൈവവിളിയെ പരിപോഷിപ്പിച്ചിരുന്നു.
1956 ഫെബ്രുവരി രണ്ടിന് സിസ്റ്റർ പാറ്റ്നയിലെ ഐബിഎംവി മിഷനറി സന്യാസിനി സമൂഹത്തിൽ ചേർന്നു.അന്നത്തെ ബിഷപ്പായിരുന്ന ഡോ. വിൽഡർമൂത്തിന്റെ എഴുത്തുമായി ഐബിഎംവിയിലെ രണ്ട് സന്യാസിനിമാർ വന്നപ്പോൾ ഭാഗ്യസ്മരണാർഹനായ മാലിപ്പറന്പിൽ ജോസഫ് അച്ചനാണ് സിസ്റ്ററിനെ പാറ്റ്നയിലേക്കയച്ചത്. 1964 ഫെബ്രുവരി എട്ടിന് സിസ്റ്റർ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചു.
നിസ്വാർഥ സേവനം
അന്നുമുതൽ ഉത്തരേന്ത്യയിലെ വിവിധ മിഷൻ കേന്ദ്രങ്ങളിൽ സ്നേഹശുശ്രൂഷയുമായി കടന്നുചെന്നു. ആതുര ശുശ്രൂഷ, സാധുജന പരിപാലനം, രോഗീപരിചരണം എന്നീ മേഖലകളിൽ വ്യാപൃതയായി. നൈനിറ്റാൾ, മുംബൈ, പാറ്റ്ന, കാൺപൂർ, അലഹബാദ് എന്നീ സ്ഥലങ്ങളിൽ ശുശ്രൂഷ സജീവമായി. ദിവ്യകാരുണ്യത്തിന്റെ മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കാൻ സിസ്റ്റർ മടിച്ചിരുന്നില്ല. സഭയ്ക്കുവേണ്ടി നിരന്തരം പ്രാർഥിച്ചിരുന്നു.
അസഖ്യം ജപമാലകൾ ചൊല്ലി ദൈവവിളിക്കായും ലോകസമാധാനത്തിനായും കാഴ്ചവയ്ക്കു ശീലവും ഈ സന്യാസിനിക്ക് ഉണ്ടായിരുന്നു. 2003ൽ ഐബിഎംവി എന്ന പേര് പുനർനാമകരണം ചെയ്ത് സിജെ (കോൺഗ്രഗേഷൻ ഓഫ് ജീസസ് ) എന്ന പേര് സ്വീകരിച്ചു. വരും തലമുറയ്ക്കു ശ്രേഷ്ഠമായ ഒരു മാതൃക അവശേഷിപ്പിച്ചിട്ടാണ് 70 വർഷത്തെ മിഷൻ ജീവിതത്തിനു ശേഷം സിസ്റ്റർ ദൈവസവിധത്തിലേക്കു യാത്രയായിരിക്കുന്നത്. ധന്യമായ സിസ്റ്റർ ഡമസീനയുടെ ഓർമകൾക്കു മുന്നിൽ ശിരസ് നമിക്കുന്നു.
Kerala
വൈപ്പിൻ: അര നൂറ്റാണ്ടോളം കന്നട സിനിമകൾക്കായി കാമറ ചലിപ്പിച്ച മലയാളത്തിന്റെ സ്വന്തം എം.എസ്. രാജപ്പ ഓർമയായി. 2005ൽ സിനിമാലോകം വിട്ട രാജപ്പ മൈസൂരുവിലെ ജെപി നഗറിൽ വിശ്രമജീവിതം നയിച്ചുവരവെ കഴിഞ്ഞദിവസമാണു മരിച്ചത്. 97 വയസായിരുന്നു.
എറണാകുളം കുമ്പളങ്ങിയിലെ മുടവശേരി രാജപ്പൻ എന്ന രാജപ്പ 1955ൽ തന്റെ 25-ാമത്തെ വയസിൽ മൈസൂരുവിലേക്ക് വണ്ടി കയറിയതാണ്. ചെന്നെത്തിയത് മൈസൂരുവിലെ പ്രീമിയർ സ്റ്റുഡിയോയിലായിരുന്നു. കാമറ സഹായിയായി അവിടെ കൂടി. പിന്നീട് ഇവിടെനിന്ന് 200 ഓളം ചിത്രങ്ങളുടെ ചീഫ് അസിസ്റ്റന്റ് ഓപ്പറേറ്റീവ് കാമറാമാനായി പ്രവർത്തിച്ചു.
ധർമേന്ദ്ര ആദ്യമായി അഭിനയിച്ച ഷോല ഔർ സ്വപ്ന എന്ന സിനിമ അഭ്രപാളിയിൽ പകർത്തിയത് രാജപ്പയാണ്. കൃഷ്ണ സൈഗാൾ കാമറാമാനായ ഈ ചിത്രത്തിന്റെ ചീഫ് അസിസ്റ്റന്റ് കാമറാമാനായിരുന്നു ഇദ്ദേഹം. കന്നടയിലെ മാടിമനൈ എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി സ്വന്തം നിലയ്ക്കു കാമറ ചലിപ്പിച്ചത്. കൂടാതെ കൊങ്കിണി, ലംബാണി ഭാഷകളിൽ ആദ്യമായി ഇറങ്ങിയ സിനിമകൾക്കുവേണ്ടിയും രാജപ്പ കാമറയേന്തി.
കന്നട സിനിമാലോകത്ത് ഏറെ പ്രശസ്തി നേടിയ രാജപ്പൻ മലയാളിയായിരുന്നെങ്കിലും മലയാളികൾക്ക് ഇദ്ദേഹം അജ്ഞാതനായിരുന്നു. വല്ലപ്പോഴുമൊക്കെ നാട്ടിൽ ബന്ധുക്കളെ സന്ദർശിക്കാനെത്തുമെന്നല്ലാതെ മറ്റു ബന്ധങ്ങളൊന്നും മലയാളത്തിനോടില്ല. ജീവിതപങ്കാളിയെ തെരഞ്ഞെടുത്തപ്പോഴും അതും കന്നടയിൽനിന്നുതന്നെയായി.
ഇതിനിടെ 1958ൽ രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ കാമറ അസിസ്റ്റന്റായി പ്രവർത്തിച്ചതാണ് മലയാളസിനിമയുമായുള്ള ബന്ധം.
മൈസൂരുവിൽ മൂവി ഇന്റർനാഷണൽ എന്നപേരിൽ സ്വന്തമായൊരു സ്റ്റുഡിയോ തുടങ്ങിയ ഇദ്ദേഹം ഇന്ത്യ എവരിഹോം ക്രൂസേഡ് എന്ന ആഗോള സംഘടനയ്ക്കുവേണ്ടി രണ്ടു ഡോക്യുമെന്ററി സിനിമകൾ ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് ഹോളിവുഡ് സിനിമകൾക്കു പിന്നിലും പ്രവർത്തിച്ചു.
ഇടക്കാലത്ത് മൂവിലാൻഡ് സിനിമാമാഗസിന്റെ മൈസൂരു കറൻസ്പോണ്ടന്റായി. ഇതിനിടയിൽ സിറ്റി ഫിലിം ജേർണലിസ്റ്റ് പ്രസിഡന്റ് പദവികൂടി അലങ്കരിച്ചിരുന്നു. കുറച്ചുകാലം ബിബിസിക്കുവേണ്ടിയും കാമറ ചലിപ്പിച്ചിട്ടുണ്ട്.
ഭാര്യ: സത്യപ്രേമകുമാരി. മകൾ: ചിത്ര. മരുമകൻ: രജനികാന്ത് രാജ അരസ്.