അന്തരിച്ച കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എ. ഹിദുര്‍ മുഹമ്മദിന് മന്ത്രി പി.സി വിഷ്ണുനാഥ്, എൻ.കെ.പ്രേമചന്ദ്രൻ എംപി എന്നിവർ അന്തിമോപചാരം അര്‍പ്പിക്കുന്നു.
കൊല്ലം: കഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ അന്തരിച്ച ഹിദുര്‍ മുഹമ്മദിന്റെ മൃതദേഹം രാത്രിയോടെ ചിതറയിലുള്ള പ്രിയദര്‍ശിനി വീട്ടില്‍ എത്തിച്ചിരുന്നു. അപ്പോള്‍ മുതല്‍ വിവിധ തുറകളില്‍ പെട്ട ആയിരങ്ങളാണ് ഹിദുറിനെ ഒരു നോക്ക് കാണാന്‍ വീട്ടിലേക്ക് പ്രവഹിച്ചത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തിയിരുന്നു. അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ, ജനറല്‍ സെക്രട്ടറിയായിരുന്ന ഹിദുര്‍ മുഹമ്മദും തിരുവനന്തപുരം കുറവംകോണത്തെ വാടക വീട്ടില്‍ ഒരുമിച്ചാണ് താമസിച്ചത്.
ഹിദുര്‍ മുഹമ്മദിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കടയ്ക്കല്‍ മുസ്ലിം ജമാ അത്ത് പള്ളിയില്‍ ഖബറടക്കി. ചിതറയിലെ പ്രിയദര്‍ശിനി വീട്ടില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം കടയ്ക്കല്‍ പള്ളിയിലെത്തിച്ചത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റും വൈദ്യുത മന്ത്രിയുമായ അഡ്വ. സണ്ണി ജോസഫ്, മന്ത്രിമാരായ പി.സി. വിഷ്ണു നാഥ്, അഡ്വ. ബിന്ദു കൃഷ്ണ, എം. ലിജു, സി.പി ജോണ്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, രാജ്മോഹന്‍ ഉണ്ണിത്താന്, എന്‍.കെ. പ്രേമചന്ദ്രന്, എംഎല്‍എമാരായ മാത്യു കുഴല്നാടന്, എം. വിന്‍സെന്റ്, എം.എം. നസീര്‍, ജ്യോതികുമാര്‍ ചാമക്കാല, കെ.എന്‍. ബാലഗോപാല്‍, കെപിസിസി മുന്‍ പ്രസിഡന്റുമാരായ എം.എം. ഹസന്, വി.എം. സുധീരന്, ജനറല്‍ സെക്രട്ടറിമാരായ സൂരജ് രവി, പി. ജെര്‍മിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാര്‍, ഡിസിസി പ്രസിഡന്റുമാരായ പി. രാജേന്ദ്ര പ്രസാദ്, ബാബു പ്രസാദ്, കെ. മോഹന്‍കുമാര്‍, വിവിധ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
അനുശോചനയോഗം
അനുശോചനയോഗം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കതീതമായി കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തുന്നതിന് തന്റെ ജീവിതകാലയളവ് മാറ്റിവെച്ച വ്യക്തിത്വമായിരുന്നു ഹിദുര്‍ മുഹമ്മദെന്ന് അദ്ദേഹം അനുസ്മരിച്ചു. കൊല്ലം ഡിസിസി പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, എം.എം. നസീര്‍ എംഎല്‍എ, ജോസഫ് വാഴക്കന്, സിപിഎം ജില്ലാ കമ്മിറ്റിയംഗം എസ്. വിക്രമന്, സിപിഐ നേതാവ് എസ്. ബുഹാരി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം. തമീമുദീന്‍, ജമാഅത്ത് ഫെഡറേഷന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, കരകുളം ബാബു, കെപിസിസി അംഗം ബി.എസ്. ഷിജു, ചിതറ ബ്ലോക്ക് പ്രസിഡണ്ട് അഡ്വ.എ. ശ്രീകുമാര്‍, അഡ്വ മോഹനന്, ഡി. ചന്ദ്രബോസ്, ഷായിദാസ് എന്നിവര്‍ സംസാരിച്ചു.
Tags : District News Nattuvishesham Hidhur Muhammed memory