മുഖ്യമന്ത്രി വി.ഡി.സതീശൻ
തിരുവനന്തപുരം: പിഎസ്സിയിൽ പരീക്ഷാ തട്ടിപ്പു നടത്തി ഉദ്യോഗാർഥികളെ കബളിപ്പിച്ചുവെന്ന പരാതിയിൽ അന്വേഷണം നടക്കുന്പോൾ ക്രൈംബ്രാഞ്ച് എസ്ഐടിയുമായി സഹകരിക്കില്ലെന്നു പറയാനുള്ള അധികാരം പിഎസ്സി ചെയർമാനോ അംഗങ്ങൾക്കോ ഇല്ലെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ പൊലിസ് നിയമപരമായ വഴി തേടും. പിഎസ്സി ചെയർമാൻ എന്നതു പ്രത്യേക പദവിയൊന്നുമല്ല.
അന്വേഷണവുമായി സഹകരിക്കില്ലെന്നു പറയാനുള്ള പ്രത്യേക അധികാരമൊന്നും ആർക്കുമില്ല. എല്ലാവരും പൗരൻമാരല്ലേ. എനിക്കെതിരെ അന്വേഷണം വന്നാൽ ഞാൻ സഹകരിക്കണം. അന്വേഷണം വന്നപ്പോൾ ഞങ്ങളെല്ലാം സഹകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തവരാണ്. അതുമായി സഹകരിച്ചേ മതിയാകൂ. അതിൽ പൊലിസിന്റെ ചോദ്യങ്ങൾക്കു മറുപടി കൊടുത്തേ മതിയാകൂ. രേഖകൾ കൊടുക്കണം. അല്ലെങ്കിൽ പൊലിസിന്റേതായ നിയമപരമായ മാർഗം തേടും.
പ്രധാനപ്പെട്ടവരെ ചോദ്യം ചെയ്യാൻ വിളിക്കുന്പോൾ പിഎസ്സി ചെയർമാനു മാത്രം എന്ത് ഇളവാണുള്ളത്? ഗുരുതരമായ ക്രമക്കേട് നടന്നെന്ന ആരോപണം വന്നപ്പോഴാണ് അന്വേഷണം പ്രഖ്യാപിച്ചത്. പൊലിസ് അന്വേഷണവുമായി ആർക്കും സഹകരിക്കാതിരിക്കാനാകില്ല. നേരത്തേ ഇഡിയുടെ വണ്ടി തല്ലിപ്പൊളിച്ചിട്ട് എന്താണ് അവസാനമുണ്ടായത്. 18 റാങ്ക് അധ്യാപക പട്ടികകളുടെ കാലാവധി ദീർഘിപ്പിക്കാനുള്ള ശിപാർശ പിഎസ്സി തിരിച്ചയച്ചതു സർക്കാർ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡാൻസ് വീഡിയോ നീക്കാൻ ആവശ്യപ്പെട്ടില്ല
മുഖ്യമന്ത്രി എന്ന നിലയിൽ താനോ മുഖ്യമന്ത്രിയുടെ ഓഫീസോ ആവശ്യപ്പെട്ടിട്ടല്ല സമൂഹമാധ്യമങ്ങളിൽ നിന്നു താൻ ഡാൻസ് ചെയ്യുന്ന എഐ വീഡിയോ നീക്കിയതെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. അതു ശരിക്കും എൻജോയ് ചെയ്യുന്നതായി പരസ്യമായി പറഞ്ഞിരുന്നു. അത്ര നന്നായിട്ട് എനിക്ക് നൃത്തം ചെയ്യാൻ പറ്റുമോ എന്ന് എനിക്കുപോലും അറിയില്ല. യാത്രചെയ്യുന്പോൾ അതു കണ്ട് ആസ്വദിക്കുമായിരുന്നു.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടല്ലാതെ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അതു നീക്കം ചെയ്തത്. അതിൽ നിയമപ്രശ്നമുണ്ടെന്നാണ് പൊലിസ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തോൽവിയുടെ ഉത്തരവാദിത്വം ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നു
തോൽവിയുടെ ഉത്തരവാദിത്വം പാവം എം.വി. ഗോവിന്ദന്റെയും വോട്ട് ചെയ്ത ജനങ്ങളുടെയും തലയ്ക്കു വച്ച് ഉത്തരവാദിത്വപ്പെട്ടവർ മുങ്ങിയെന്നു വി.ഡി.സതീശൻ പറഞ്ഞു.
തോറ്റതിന്റെ യഥാർഥ കാരണം സിപിഎം ഇനിയും കാണുന്നില്ല. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ യഥാർഥ ഉത്തരവാദികൾ രക്ഷപ്പെട്ടു നിൽക്കുകയാണ്. ഉത്തരവാദിത്വം ഗോവിന്ദന്റെയും ജനങ്ങളുടെയും തലയിൽ വച്ചു ഉത്തരവാദപ്പെട്ടവർ മുങ്ങുന്നതു കാണുന്പോൾ ചിരിയാണ് വരുന്നതെന്നും സതീശൻ പറഞ്ഞു.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഉള്ളവർ തിരിച്ചെത്തിയാൽ സെക്രട്ടറിതല മാറ്റമുണ്ടാകും
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് കുറച്ച് ഐഎഎസ് ഉദ്യോഗസ്ഥർ കൂടി വൈകാതെ മടങ്ങിയെത്തുമെന്നും അതിനാലാണ് സെക്രട്ടറി തലത്തിലെ സ്ഥലംമാറ്റം മാറ്റിവച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി . പുതിയ സർക്കാർ വന്നശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറെ മൂന്ന് തവണ മാറ്റിയതിനെതിരേ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പരസ്യമായി എതിർപ്പ് അറിയിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പ്രതികരിക്കവേയാണ് സെക്രട്ടറി തലത്തിൽ വൈകാതെ മാറ്റമുണ്ടാകുമെന്ന സൂചന മുഖ്യമന്ത്രി നൽകിയത്.
ഉദ്യോഗസ്ഥർ നിരന്തരം മാറുന്നതിലെ ബുദ്ധിമുട്ടാണ് മന്ത്രി ഷംസുദ്ദീൻ ചൂണ്ടിക്കാട്ടിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. രണ്ട് വർഷമെങ്കിലും ഒരു ചുമതലയിൽ ഇരുന്നാലേ അതിന് അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യാനാകൂ.
നിശ്ചിത സ്ഥലത്തു തന്നെ തുടർന്ന് പ്രവർത്തിക്കാനുള്ള അവസരം കൊടുക്കാനാണ് ഇപ്പോഴത്തെ മാറ്റം. സ്ഥാനക്കയറ്റത്തിന് നിർബന്ധമായും മൂന്നു വർഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷൻ ആവശ്യമാണെന്ന നിബന്ധന കേന്ദ്രസർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്.
ഡെപ്യൂട്ടേഷൻ കാലയളവു കഴിഞ്ഞാലും പലരും തിരിച്ചുവരാത്തതു കാരണം സംസ്ഥാന സർക്കാർ പ്രയാസപ്പെടുകയാണ്. രണ്ടോ മൂന്നോപേർ പോയാൽ വീണ്ടും പുനഃക്രമീകരണം നടത്തേണ്ടിവരുന്ന സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎംആർഎൽ മാസപ്പടി കേസിൽ നിയമോപദേശം പരിശോധിച്ചു
വരുന്നതായും ഇതു സംബന്ധിച്ച് ഉടൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുമായി ബന്ധപ്പെട്ടു രാഷ്ട്രീയമായ വീക്ഷണത്തിലേക്ക് അല്ല പോകുന്നത്. നിയമപരമായ കാര്യങ്ങളാണ് പരിശോധിക്കുന്നത്. സംസ്ഥാന പൊലിസ് മേധാവിക്ക് ഇഡി നൽകിയ കത്തിൽ ഗുരുതര പരാമർശങ്ങളാണുള്ളത്.
ഇതിൽ ചൂണ്ടിക്കാട്ടുന്ന കുറ്റകൃത്യങ്ങൾ അതീവ ഗുരുതരമാണ്. ഇതു സംബന്ധിച്ചു പപിണറായി വിജയനും മുഹമ്മദ് റിയാസും പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നത്. ചുവപ്പു ഡയറി സംബന്ധിച്ച് എന്തു ഡയറി, ഏതു ഡയറി എന്നിങ്ങനെയാണ് ഒരാൾ ചോദിക്കുന്നത്. മറ്റൊരാൾക്ക് വ്യത്യസ്തമായ മറ്റൊരു നിലപാടുമാണ്. നിയമോപദേശത്തിൽ തുടർ നടപടി വൈകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസപ്പടി കേസിൽ ഇഡി, ഡിജിപിക്കു നൽകിയ കത്തിൽ എജിയും ഡിജിപിയും ചേർന്നുള്ള നിയമോപദേശം സർക്കാരിനു നൽകിയതായി ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
Tags : PSCFraud PSCChairman SpecialPosition VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash