ആന്റോ അഗസ്റ്റിന്.
കൽപറ്റ: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്റെ വസതിയില്‍ ഇന്നലെ നടത്തിയ റെയ്ഡിൽ അനധികൃത മദ്യശേഖരം കണ്ടെത്തി. വിദേശ നിര്മിതമടക്കം 66.934 ലിറ്റര്‍ മദ്യമാണു കണ്ടെത്തിയത്.
മെസി വിവാദവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം വയനാട്ടിലെ വാഴവറ്റയ്ക്കടുത്ത് കാരാപ്പുഴയില്‍ നടത്തിയ റെയ്ഡിലാണു മദ്യം പിടിച്ചെടുത്തത്.
എസ്ഐടി വിവരം അറിയിച്ചതനുസരിച്ച് കാരാപ്പുഴയിലെത്തിയ എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ 43 ലിറ്റര്‍ വിദേശ നിര്‍മിത മദ്യം, 4.824 ലിറ്റര്‍ വിദേശനിര്‍മിത വൈന്‍, അഞ്ചര ലിറ്റര്‍ കേരള വൈന്‍, 860 മില്ലി ലിറ്റര്‍ മിലിട്ടറി മദ്യം, 12.750 ഗാര്‍ഹിക നിര്‍മിത വൈന്‍ എന്നിവയാണു വീട്ടിലുള്ളതെന്നു സ്ഥിരീകരിച്ചു.
കേരള അബ്കാരി നിയമപ്രകാരം ലൈന്‍സോ പെര്‍മിറ്റോ ഇല്ലതെ ഒരു വ്യക്തിക്കു പരമാവധി മൂന്നു ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, മൂന്നര ലിറ്റര്‍ വീതം ബിയർ, വൈന്‍, രണ്ടര ലിറ്റര്‍ വിദേശനിര്‍മിത വിദേശ മദ്യം, ഒന്നര ലിറ്റര്‍ കള്ള്, ഒരു ലിറ്റര്‍ കൊക്കോ ബ്രാന്‍ഡി എന്നിവയിൽ ഏതെങ്കിലുമാണ് കൈവശം വയ്ക്കാന്‍ അവകാശം.
അനധികൃത മദ്യശേഖരം കസ്റ്റഡിയിലെടുത്ത എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെതിരേ അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തുന്നതു വിശദാന്വേഷണത്തിനുശേഷം തീരുമാനിക്കും.
ആന്റോ അഗസ്റ്റിന്റെ തറവാടാണ് കാരാപ്പുഴയിലേത്. സഹോദരന്മാരായ റോജി അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവരും ഈ വീട്ടിലെ താമസക്കാരാണ്. എറണാകുളത്തുള്ള അഗസ്റ്റിന് സഹോദരന്മാരും കുടുംബാംഗങ്ങളും പലപ്പോഴും ആഴ്ചയില്‍ ഒരിക്കലാണു കാരാപ്പുഴയിലെ വീട്ടില്‍ എത്തുന്നത്.
എസ്ഐടി മേധാവി എസിപി സി.കെ. ബിജോയ് ചന്ദ്രന്റെ നിര്‍ദേശപ്രകാരം വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എല്‍. ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു വസതിയില്‍ പരിശോധന.
Tags : IllegalLiquor Stockpile CaseRegistered AntoAgustin Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash