പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ രാഷ്്ട്രീയ കോളിളക്കം സൃഷ്്ടിച്ച നിയമസഭാ കൈയാങ്കളി കേസിന്റെ വിചാരണ നടപടികൾ വീണ്ടും നീണ്ടു.
സർക്കാരിന്റെ സ്പെഷൽ പ്രോസിക്യൂട്ടറായി ചുമതലയേറ്റ അഡ്വ. സന്തോഷ് കുമാറിന് കേസ് ഫയലുകൾ പഠിക്കാൻ സമയം വേണമെന്ന ആവശ്യത്തെത്തുടർന്നാണ് വിചാരണ നടപടികൾ കോടതി മാറ്റിവച്ചത്.
വിചാരണയ്ക്കായി ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ഒന്നാം സാക്ഷിയായ ശാർങ്ഗധരൻ തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായിരുന്നു. എന്നാൽ, പ്രോസിക്യൂഷന്റെ അഭ്യർഥന മാനിച്ച കോടതി പുതിയ വിചാരണത്തീയതി തീരുമാനിക്കുന്നതിനായി കേസ് 26ലേക്ക് മാറ്റി.
2019ൽ നിയമനടപടികൾ ആരംഭിച്ച കേസിൽ ആറുവർഷം പിന്നിട്ടിട്ടും വിചാരണ എന്ന് ആരംഭിക്കാനാകുമെന്ന കാര്യത്തിൽ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. സാക്ഷികളുടെയും പ്രതികളുടെയും അസാന്നിധ്യവും പ്രോസിക്യൂഷൻ മാറ്റങ്ങളും കേസ് നടപടികൾ വൈകാൻ ഇടയാക്കുകയാണ്.
മുതിർന്ന എൽഡിഎഫ് നേതാക്കളായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസ് നേരിടുന്ന പ്രധാന പ്രതികൾ.
2015 മാർച്ച് 13ന് അന്നത്തെ ധനകാര്യ മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്തുന്നതിനായി പ്രതികൾ സഭയ്ക്കുള്ളിൽ അക്രമം അഴിച്ചുവിടുകയും 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു എന്നാണ് പോലീസ് ചാർജ് ചെയ്ത കേസ്.
Tags : Assembly RuckusCase Trial Adjourned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash