യുദ്ധത്തിൽ തകർന്ന കെട്ടിടം നിലംപതിച്ച് ഗാസയിൽ 20 പേർ മരിച്ചു.
ഗാസ: യുദ്ധത്തിൽ തകർന്ന കെട്ടിടം നിലംപതിച്ച് ഗാസയിൽ അഞ്ചു കുട്ടികളടക്കം 20 പേർ മരിച്ചു. ഗാസ നഗരത്തിലെ താൽ അൽ-ഹവാ മേഖലയിലെ ആറുനില കെട്ടിടമാണ് തകന്നുവീണത്.
ഡസൻകണക്കിന് ആളുകളെ കാണാതായതായും അവശിഷ്ടങ്ങളിൽക്കിടയിൽനിന്ന് ഇപ്പോഴും നിലവിളിയും ഞരക്കവും കേൾക്കുന്നതായും രക്ഷാപ്രവർത്തകർ പറയുന്നു. കെട്ടിടത്തിന്റെ സുരക്ഷയെ സംബന്ധിച്ച് മുന്നറിയിപ്പുകളുണ്ടായിട്ടും ഇവ അവഗണിച്ച് പത്തോളം കുടുംബങ്ങളാണു കെട്ടിടത്തിൽ കഴിഞ്ഞുവന്നതെന്ന് തദ്ദേശവാസികൾ പറയുന്നു.
ഗാസാ മേഖലയിലേക്ക് യന്ത്രസാമഗ്രികൾ കടത്തിവടുന്നതിന് ഇസ്രയേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ ആദ്യഘട്ടങ്ങളിൽ വെറും കൈയാലാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് രക്ഷാപ്രവർത്തനം നടത്തിയ സംഘങ്ങൾ ആരോപിച്ചു.
എന്നിരുന്നാലും നിലവിൽ യുഎൻ ഏജൻസികളിൽനിന്നും ഈജിപ്ഷ്യൻ ദുരിതാശ്വാസ സംഘങ്ങളിൽനിന്നും വലിയ യന്ത്രസാമഗ്രികളെത്തിച്ച് തെരച്ചിൽ നടത്താൻ കഴിയുന്നതായി പറഞ്ഞു.
താമസ സകര്യങ്ങളുടെ അപര്യാപ്തത മൂലമാണ്, സുരക്ഷിതമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ കുടുംബങ്ങൾക്ക് ആ കെട്ടിടത്തിൽ തങ്ങേണ്ടിവന്നതെന്ന് ഗാസ പ്രതിരോധന സേന ഡയറക്ടർ റായദ് അൽ-ദഹ്ഷാൻ അഭിപ്രായപ്പെട്ടു. ദൗർഭാഗ്യവശാൽ അത് പൂർണമായും അവർക്കുമേൽ തകർന്നുവീഴുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Gaza War DamagedBuilding Collapsed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash