പ്രതീകാത്മക ചിത്രം
കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ ഇഡിക്കെതിരേ ഗുരുതര ആരോപണവുമായി സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍. കേസില്‍ ഇഡി ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.
കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിലെ (സിഎംആര്‍എല്‍) ചീഫ് ജനറല്‍ മാനേജരും കമ്പനി സെക്രട്ടറിയുമായ പി. സുരേഷ് കുമാര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്. സുരേഷ് കുമാര്‍ എന്നിവര്‍ ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയത് നിയമവിരുദ്ധ സമീപനമാണെന്നു കാണിച്ച് ഇഡി ഡയറക്ടര്‍ക്ക് ഔദ്യോഗികമായി നല്കിയ റിട്രാക്ഷന്‍ സ്റ്റേറ്റ്മെന്റിലാണ് (മൊഴി പിന്‍വലിക്കല്‍ പ്രസ്താവന) ഇതു വ്യക്തമാക്കിയിട്ടുള്ളത്. 2024 ഏപ്രിലില്‍ നടന്ന ചോദ്യം ചെയ്യലിനെക്കുറിച്ച് മേയിലായിരുന്നു ഇഡി ഡയറക്ടര്‍ക്ക് കത്തയച്ചത്.
2024 ഏപ്രിലില്‍ ഇഡി നല്കിയ സമന്‍സിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനു ഹാജരായ സമയത്ത് തങ്ങള്‍ക്ക് കടുത്ത പീഡനങ്ങളും നിയമവിരുദ്ധമായ നടപടികളും നേരിടേണ്ടിവന്നുവെന്ന് ഉദ്യോഗസ്ഥര്‍ തങ്ങളുടെ മൊഴി പിന്‍വലിക്കല്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
എക്സാലോജിക് കമ്പനി സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സത്യസന്ധമായി മറുപടി നല്കിയപ്പോള് അതു തിരുത്തിപ്പറയാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന് പി. സുരേഷ് കുമാര്‍ ആരോപിക്കുന്നു. ഇതു നിരസിച്ചതോടെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ചോദ്യംചെയ്യലിന്റെ ഭാഗമായി 24 മണിക്കൂറോളം ഇഡി ഓഫീസില്‍ തന്നെ തടഞ്ഞുവച്ച് രാത്രി മുഴുവന്‍ ഉറങ്ങാന്‍ അനുവദിക്കാതെ പീഡിപ്പിച്ചതായി സിഎഫ്ഒ കെ.എസ്.സുരേഷ് കുമാറും പറയുന്നു.
സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്‍ത്തയുടെ വസതിയില്‍ നടന്ന ചോദ്യംചെയ്യലിലും ഇഡി ഉദ്യോഗസ്ഥര്‍ സമാനമായ രീതിയിലാണു പെരുമാറിയതെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
Tags : MonthlyPayoffCase FalseStatement CMRL Allegations ED Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash