റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശേരിയിലെ ആസ്ഥാനത്തു പരിശോധനയ്ക്കെത്തിയ തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്.
കൊച്ചി: മെസിയുടെ പേരില്‍ നടന്ന സാമ്പത്തികതട്ടിപ്പില്‍ കേസെടുത്തു പൊലിസ്. എസ്ഐടി രൂപവത്കരിച്ചു നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കളമശേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമയും റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന് ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്.
വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. മണിക്കൂറുകൾ നീണ്ട പരിശോധനയില്‍ ഡിജിറ്റല്‍ രേഖകള്‍, വിദേശ കറന്‍സി, വിദേശ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായാണു വിവരം. രാത്രി വൈകിയും പൊലിസ് പരിശോധന തുടര്‍ന്നു.
കേസെടുത്തതിനു പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശേരിയിലെ ആസ്ഥാനം, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമകളായ അഗസ്റ്റിന് സഹോദരന്മാരുടെ കൊച്ചിയിലെ ഫ്ലാറ്റുകള്‍, ഇടപ്പള്ളിയിലെ പരസ്യകമ്പനിയായ ഗോടാഡിന്റെ ഓഫിസ്, വയനാട്ടിലെ വീട് എന്നിവിടങ്ങളില്‍ പ്രത്യേക അന്വേഷണസംഘം ഒരേസമയം പരിശോധന നടത്തി. പുലര്‍ച്ചെ ആരംഭിച്ച പരിശോധന കൊച്ചിയിലടക്കം മണിക്കൂറുകൾ നീണ്ടു. റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശേരിയിലുള്ള ന്യൂസ് ഡെസ്കിലേക്കു പൊലിസ് കയറിയത് വ്യാപക പ്രതിഷേധത്തിനിടയാക്കി.
സംപ്രേഷണം തടസപ്പെടുത്തിയെന്ന്
തൃക്കാക്കര അസി. പൊലിസ് കമ്മിഷണര്‍ ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണു ചാനല്‍ ആസ്ഥാനത്തു പരിശോധന നടത്തിയത്. ന്യൂസ് ഡെസ്കിലേക്കു കയറിയ പൊലിസ്, മാധ്യമപ്രവര്‍ത്തകരുടെയും സാങ്കേതികവിദഗ്ധരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവച്ചെന്നും വാര്‍ത്താസംപ്രേഷണത്തിന് ഫോണ്‍ ആവശ്യമാണെന്നു പറഞ്ഞിട്ടും നല്കാന് തയാറായില്ലെന്നും റിപ്പോര്‍ട്ടര്‍ ജീവനക്കാര്‍ പറഞ്ഞു. ന്യൂസ്, ഡിജിറ്റല്‍ ഡെസ്കുകളിലുണ്ടായിരുന്നവരെ പുറത്തിറക്കിയശേഷമായിരുന്നു പൊലിസ് പരിശോധന.
മാധ്യമപ്രവര്‍ത്തകരുടെ ഡയറികളും ഫയലുകളും പരിശോധിച്ചു. എഡിറ്ററുടെ കസേരയില്‍ കയറിയിരുന്നാണ് എസിപി പരിശോധനയ്ക്കു നിര്‍ദേശം നല്‍കിയത്. അഡ്മിനിസ്ട്രേറ്ററുടെയും എച്ച്ആറിന്റെയും മുറികള്‍ തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വൈകിയാണ് ഇത് തുറന്നുനല്കിയതെന്ന് പൊലിസ് പറഞ്ഞു. ഉച്ചയോടെയാണു പൊലിസ് ഇവിടെ പരിശോധന ആരംഭിച്ചത്. പരിശോധനയുടെ കാരണം വ്യക്തമാക്കാതെ ഒന്നര മണിക്കൂറോളം സംപ്രേഷണം തടസപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി ആരോപിച്ചു.
പരിശോധനയ്ക്ക് അഡ്മിനിസ്ട്രേഷന്, എച്ച്ആര്‍ എന്നിവരുടെ മുറികള്‍ തുറന്നുനല്‍കണമെന്നാവശ്യപ്പെട്ട് പൊലിസ് ഭീഷണിപ്പെടുത്തിയതായി ജീവനക്കാര്‍ പറഞ്ഞു. അതിക്രമം ചോദ്യംചെയ്തപ്പോള്‍ എസിപി കൂടുതല്‍ പൊലിസുകാരെ വിളിച്ചുവരുത്തി. അവര്‍ ലാത്തിയുമായാണ് ഓഫിസിലേക്കു കയറിയത്.
പരിശോധനയുടെ കാരണം വ്യക്തമാക്കാന്‍ ആദ്യം പൊലിസ് തയാറായില്ല. എഫ്ഐആര്‍ പകര്‍പ്പ് കാണിക്കാനും വിസമ്മതിച്ചു. എഫ്ഐആര്‍ ആവശ്യപ്പെട്ട് നാലു മണിക്കൂറിനുശേഷമാണിത് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തതെന്നും ജീവനക്കാര്‍ പറഞ്ഞു.
അർജന്റൈൻ ടീമിന്റെ പേരിൽ വഞ്ചന
അര്‍ജന്റൈൻ ടീമിനെ കേരളത്തില്‍ എത്തിക്കുമെന്ന് അവകാശപ്പെട്ടു സര്‍ക്കാരിനെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്തുവെന്നാണ് കളമശേരി പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത്.
മെസിയുടെ പേരില്‍ നടന്ന സാമ്പത്തികതട്ടിപ്പില്‍ എസ്ഐടി രൂപീകരിച്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എസ്ഐടി അംഗമായ പി. വിക്രമന്റെ പരാതിയിലാണു പൊലിസ് കേസെടുത്തിട്ടുള്ളത്.
ആന്റോ അഗസ്റ്റിനും മറ്റു പ്രതികളും ചേര്‍ന്ന് 2024 ഡിസംബര്‍ 20നു മുന്‍പ് മുതല്‍ ഗൂഢാലോചന നടത്തി സര്‍ക്കാരിനെ വഞ്ചിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
Tags : Conspiracy Fraud Reporter BroadcastingCompany Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash