മുഖ്യമന്ത്രി വി.ഡി.സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തേക്കു വരുന്ന നിക്ഷേപങ്ങൾക്കും ബിസിനസുകൾക്കും ഉടനടി അനുമതി നൽകാൻ ”സരൾ കേരള’പദ്ധതിക്കു മന്ത്രിസഭായോഗം അനുമതി നൽകി. വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ ലൈസൻസുകളും അനുമതികളും വൈകാതെ ലഭ്യമാക്കുക എന്നതാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇതിനായി വണ്‍ സ്റ്റേറ്റ്, വണ്‍ അപ്രൂവൽ, വണ്‍ ഡോക്യുമെന്റ് (ഒസാദ്) എന്ന ആശയം മുൻനിർത്തി എല്ലാ അനുമതികളും ഒരൊറ്റ കേന്ദ്രത്തിലൂടെ നൽകാനായി ഏകീകൃത അഥോറിറ്റിക്കു രൂപം നൽകും. ഇതിന്റെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളിൽ ഭേദഗതി വരുത്താനും മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
സിംപ്ലിഫൈഡ് ആൻഡ് ആക്സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവൽ ആൻഡ് ലൈസൻസസ് എന്നതാണ് സരൾ കൊണ്ട് ഉദ്ദേശിക്കുന്നത്. 25 കോടി മുതൽ 50 കോടിരൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ജില്ലാതലസമിതിയും 50 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് സംസ്ഥാന തല സമിതിയുമാണ് അംഗീകാരം നൽകുക.
ഒരു നിക്ഷേപനിർദേശം വന്നാൽ എത്ര ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കി അനുമതി നൽകണമെന്ന് നിയമത്തിൽ നിഷ്കർഷിക്കും. ഇതിനായി ഒരു വകുപ്പിന്റെയും അധികാരം കവരില്ല. വകുപ്പുകൾ നിശ്ചിത സമയത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണം എന്ന വ്യവസ്ഥയാണ് കൊണ്ടുവരിക. കെഎസ്ഐഡിസിക്കാണ് ഏകോപനചുമതല.
ഏതെങ്കിലും വകുപ്പിന് അവരുടെ നിബന്ധനകൾക്ക് വിധേയമല്ല പദ്ധതിയെന്ന് പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകി പരിഹാരം കണ്ടെത്താനുള്ള വ്യവസ്ഥയും സരൾകേരളത്തിലുണ്ടാകും. നിക്ഷേപങ്ങളുമായി വരുന്നവർക്കു ബുദ്ധിമുട്ടുകളില്ലാതെ, നടപടികൾ ലളിതവത്കരിക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളത്ത് രണ്ട് എൻഐഎ കോടതികൾ സ്ഥാപിക്കും
എൻഐഎയ്ക്ക് എറണാകുളത്ത് രണ്ട് കോടതികൾ കൂടി സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിന്റെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും. ആരോഗ്യവകുപ്പിൽ റേഡയോഗ്രാഫർ ഗ്രേഡ് രണ്ടിൽ 18 പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Tags : SaralKerala Approval Investments Business Scheeme Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash