മുഹമ്മദ് അഫ്നാസ്
മലപ്പുറം: വീട്ടുകാരെ ഭയപ്പെടുത്താൻ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർഥി മരിച്ചു.
വേങ്ങര കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന പാലത്തിങ്ങൽ അഷ്റഫിന്റെ മകൻ മുഹമ്മദ് അഫ്നാസാണ് (11) മരിച്ചത്. എടക്കാപറന്പ് എഎംഎംയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
സ്കൂളിൽ ഇന്നലെ മേളയായിരുന്നു. സ്കൂളിലേക്കു പോകാൻ സമയം വൈകിയതുമായി ബന്ധപ്പെട്ട് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നുവത്രേ. ഇതേത്തുടർന്ന് അവരെ ഭയപ്പെടുത്താനായി വീട്ടിലെ ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നു അഫ്നാസ്.
ഇതിനിടെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഉടൻ വീട്ടുകാർ സമീപമുള്ള കുന്നുംപുറത്തെ സ്വകാര്യആശുപത്രിയിലും തുടർന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഊക്കത്ത് ജുമാ മസ്ജിദിൽ കബറടക്കി. മാതാവ് : റംല. സഹോദരങ്ങൾ : ആസിഫ്, സക്കീന, സഫിയ, സഹാന.
Tags : StudentDies Rope entangled HangingScene Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash