മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ ഇനി മുതല്‍ നാല് ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാകും. ഇത് സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് എംഎല്‍എ വീണ്ടും ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു.
ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഡോക്ടര്‍മാരുടെ ക്ഷാമം ഇവിടെ ഉണ്ടായിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പടെ ഡോക്ടര്‍മാരുടെ കുറവ് കാരണം ചികിത്സയ്ക്കെത്തുന്ന രോഗികള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണിയും വിഷയം ആരോഗ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള ലക്ഷ്യ ഓപ്പറേഷന് തിയറ്റര്‍ വേഗത്തിൽ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ജനറല്‍ ആശുപത്രിയില്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനു പ്രത്യേകം പരിഗണന നല്‍കണമെന്നും എംഎല്‍എ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : NattuVishesham DistrictNews