നീരൊഴുക്ക് നിലച്ച കല്ലൻപുഴ.
കരുവാരകുണ്ട്: കടുത്തവേനൽ മുന്നിൽ കണ്ട് കരുവാരകുണ്ട് പഞ്ചായത്തിലൂടെ ഒഴുകുന്ന കല്ലൻപുഴയിലും ഒലിപ്പുഴയിലും അടിയന്തരമായി സ്ഥിരം തടയണകൾ (ചെക്ക് ഡാമുകൾ) നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വേനൽക്കാലത്ത് രൂക്ഷമാകുന്ന ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനും ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനും തടയണകൾ നിർമിക്കുന്നത് ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ഏതാനും ദിവസം മഴവിട്ടു നിന്നപ്പോൾ തന്നെ പുഴയിലെ ഒഴുക്ക് നിലച്ച മട്ടാണ്. പുഴകളിൽ തടയണകൾ നിർമിക്കുന്നതിലൂടെ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗം കുറയ്ക്കാനും കൂടുതൽ വെള്ളം മണ്ണിലേക്ക് ഇറങ്ങാനും സാധിക്കും. ഇതുവഴി ഭൂഗർഭജലനിരപ്പ് ഉയരുകയും സമീപത്തെ കിണറുകളിലും കുളങ്ങളിലും ജലലഭ്യത നിലനിർത്താനും കഴിയും.
കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനും പുഴകളെ ആശ്രയിക്കുന്ന പ്രദേശമായതിനാൽ മഴക്കാലത്ത് ലഭിക്കുന്ന വെള്ളം പരമാവധി സംഭരിച്ച് വേനൽക്കാലത്തേക്ക് നിലനിർത്തുന്നതിനുള്ള ശാസ്ത്രീയമായ പദ്ധതികൾക്ക് പഞ്ചായത്ത് മുൻഗണന നൽകണമെന്നാണ് ആവശ്യം. കല്ലൻപുഴയിലും ഒലിപ്പുഴയിലും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി സ്ഥിരം തടയണകൾ നിർമിക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സമഗ്ര സാംസ്കാരിക വേദി ചെയർമാൻ ഒ.പി. ഇസ്മായിൽ അടക്കമുള്ളവർ ആവശ്യപ്പെട്ടു.