വാഹനങ്ങൾ തിരിച്ചുവിട്ട് വടക്കഞ്ചേരി മേൽപാലത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ.
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയും വടക്കഞ്ചേരി- പാലക്കാട് നാലുവരി ദേശീയപാതയും ഇപ്പോൾ പേരിൽമാത്രം ഒതുങ്ങുന്നെന്നു ആക്ഷേപം. വാഹനങ്ങൾ കടന്നുപോകുന്നത് പലഭാഗത്തും ഒറ്റപ്പാതയിൽതന്നെ ഏറെ ഞെങ്ങി ഞെരുങ്ങി.
തുരങ്കപ്പാതയോടെയുള്ള സംസ്ഥാനത്തെ ആദ്യത്തെ ആറുവരിപ്പാത, കൊച്ചി- സേലം ഇടനാഴിയിലെ വേഗദൂരപാത അങ്ങനെ വിശേഷണങ്ങൾ പലതും വടക്കഞ്ചേരി- മണ്ണുത്തി ആറുവരി പാതയ്ക്കുണ്ടെങ്കിലും പാതകൾ തുറന്നു കൊടുത്തതിനുശേഷം ആറുവരി പാതകളിലൂടെയും ഒരേസമയം വാഹനങ്ങൾ പോകുന്ന സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ല.
കൊതിപ്പിക്കുന്ന വിശേഷണങ്ങൾനിരത്തി പന്നിയങ്കരയിൽ ഉയർന്ന ടോൾ പിരിക്കുന്നതല്ലാതെ മറ്റൊരു യാത്രാസൗകര്യവും ഇത്രവർഷം കഴിഞ്ഞിട്ടും പാതയിലില്ല എന്നതാണ് വസ്തുത.
ഏതു സമയവും വാഹനങ്ങൾ തടഞ്ഞുള്ള പ്രവൃത്തികളാണ് പാതയിലുടനീളം നടക്കുന്നത്. ഇതുമൂലമുണ്ടാകുന്ന വാഹനക്കുരുക്കും അത്യാവശ്യങ്ങൾക്ക് പോകുന്നവർ വഴിയിൽകുടുങ്ങി മണിക്കൂറുകളേറെ നരകിക്കുന്നതും ഇപ്പോഴും തുടരുകയാണ്.
കുരുക്കും ഇന്ധനനഷ്ടവും
വാഹനം ഓഫ് ചെയ്യാതെ വരിയിൽ കിടക്കേണ്ടി വരുന്നതിനാൽ വലിയ ഇന്ധനനഷ്ടവും ഉണ്ടാക്കുന്നുണ്ട്. മണിക്കൂറുകളേറെ വാഹനം ഓഫാക്കാനാകാതെ നിർത്തുന്നതിനാൽ ഇന്ധനം തീർന്ന് കുരുക്കുകളിൽ കുടുങ്ങുന്ന വാഹനങ്ങൾക്കും കുറവില്ല. തൃശൂർ- പാലക്കാട് ദേശീയപാത വഴി പോകുന്ന വാഹനങ്ങൾ ടോൾപണത്തിനൊപ്പം ടാങ്ക് നിറയെ ഇന്ധനവും വഴിയിൽ കിടക്കുമ്പോൾ കഴിക്കാനായി ഭക്ഷണവും അത്യാവശ്യം മരുന്നുകളും കരുതേണ്ട ഗതികേടിലാണ്.
എത്രതവണ കുത്തിപ്പൊളിച്ചു ?
വടക്കഞ്ചേരി മേൽപാലം എത്ര തവണ കുത്തിപ്പൊളിച്ച് നന്നാക്കിയിട്ടുണ്ടെന്ന് കരാർകമ്പനിക്കുപോലും കണക്കുകളില്ല. 2021 ഫെബ്രുവരി ആറിന് മേൽപാലം തുറന്ന് നാലര വർഷത്തിനുള്ളിൽ അന്പതിലേറെ തവണയെങ്കിലും കുത്തിപ്പൊളിച്ചുള്ള പണികൾ നടന്നിട്ടുണ്ടാകുമെന്നാണ് തൊഴിലാളികൾ പറയുന്ന ഏകദേശ കണക്ക്. മേൽപാലത്തിൽ ഗതാഗതം ഏതുസമയവും ഒറ്റ വരിയാണ്. ഇപ്പോഴും സ്ഥിതിക്ക് മാറ്റമില്ല. ഇപ്പോൾ ഗതാഗതം തടഞ്ഞ് തൃശൂർ ലൈനിലാണ് പണികൾ നടക്കുന്നത്.
മന്ദം, മന്ദം കുഴൽമന്ദം...
മേൽപാലങ്ങളുടെ പണി നടക്കുന്ന ആലത്തൂർ സ്വാതി ജംഗ്ഷനിലും കുഴൽമന്ദത്തും കടന്നുപോകാൻ വാഹനങ്ങൾക്ക് ഏറെസമയം ഊഴം കാത്തുകിടക്കണം. ബംഗളൂരു ഉൾപ്പെടെയുള്ള ദീർഘദൂര യാത്രക്കാരാണ് ഇത്തരത്തിൽ 40 കിലോമീറ്റർദൂരം താണ്ടാൻ വഴിയിൽ പലയിടത്തായി കിടക്കേണ്ടി വരുന്നത്.
ദേശീയപാത പോലെയുള്ള തിരക്കേറിയ പാതകളിൽ പണികൾ നടക്കുമ്പോൾ വാഹനങ്ങൾക്ക് തടസമില്ലാതെ കടന്നുപോകാനുള്ള സമാന്തര സംവിധാനം ഒരുക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും കരാർകമ്പനി അതൊന്നും ചെയ്യാതെയാണ് റോഡ് ക്ലോസ്ഡ് എന്ന ബോർഡുവച്ച് ഇഴഞ്ഞിഴഞ്ഞുള്ള പണികൾ നടത്തുന്നത്.
സമാന്തരപാതയില്ലാതെ ദുരിതം
കുതിരാൻ വഴിയല്ലാതെ തൃശൂർ, പാലക്കാട് ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മറ്റു സമാന്തര പാതകൾ ഇല്ലാത്തതും ഈപാതയിൽ ചരക്കുലോറികൾ ഉൾപ്പെടെ വാഹനത്തിരക്ക് കൂടാൻ കാരണമാണ്. മറ്റൊരുപാതയുള്ളത് പഴയന്നൂർ, ചേലക്കര, വടക്കാഞ്ചേരി വഴിയാണ്. എന്നാൽ ഇതുവഴി പോയി തൃശൂർ ഭാഗത്തേക്ക് എത്താനും തൃശൂരിൽനിന്ന് പാലക്കാട്ടേക്ക് പോകാനുമായി 30 കിലോമീറ്ററിലേറെ ദൂരക്കൂടുതലുണ്ട്. കുതിരാൻപാത തുറന്നപ്പോൾ വലിയ പ്രതീക്ഷയാണ് ദീർഘദൂര യാത്രക്കാരിലുണ്ടാക്കിയത്.
ഇതിനിടയ്ക്കാണ് ഇപ്പോൾ ജില്ലാ അതിർത്തിയായ വാണിയംപാറയിലും ആലത്തൂരിലും കുഴൽമന്ദത്തും പുതിയ മേൽപാലങ്ങളുടെ നിർമാണം തുടങ്ങിയത്. കുതിരാൻ മേൽപാലത്തിലും പണി ഒഴിഞ്ഞ സമയമില്ല. ഈ പണികളെല്ലാം പൂർത്തിയായി പാതകൾ രൂപപ്പെടാൻ ഇനിയും വർഷമെടുക്കും. അതിനാൽ സർവീസ് റോഡുകൾ ഉൾപ്പെടെയുള്ള പാതകൾ വാഹനങ്ങൾക്ക് പെട്ടെന്ന് കടന്നുപോകാനാകുംവിധം നിലനിർത്തണമെന്ന ആവശ്യമാണ് ശക്തമായിട്ടുള്ളത്.
Tags : NattuVishesham DistrictNews