ചാവക്കാട് ബസിൽനിന്നു പുറത്തേക്കു തെറിച്ചുവീണു പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.
ചാവക്കാട്: ഗർഭിണിയായ യുവതി ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്ന് പുറത്തേക്കു തെറിച്ചുവീണു. ഗുരുവായൂർ അന്പലത്ത് വീട്ടിൽ ഷജിലിന്റെ ഭാര്യയും ഒറ്റത്തെങ്ങ് തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് അബ്ദുൽജലീലിന്റെ മകളുമായ ഫാത്തിമ(21)യാണു ബസിന്റെ തുറന്നുകിടന്ന പിൻവാതിലിലൂടെ റോഡിലേക്കു തെറിച്ചുവീണത്. ഉടനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
മൂന്നുമാസം ഗർഭിണിയായ ഫാത്തിമ മമ്മിയൂർ എൽഎഫ് കോളജിലെ വിദ്യാർഥിയാണ്.
കുന്നംകുളത്തേക്കു പോകുന്ന ബസിൽ ചാവക്കാട് സ്റ്റാൻഡിൽനിന്നു കയറിയ ഫാത്തിമ ബസ് തെക്കേ ബൈപാസിലെ ആദ്യ വളവ് തിരിയുന്പോഴാണു പുറത്തേക്കു വീണത്. ഇന്നലെ രാവിലെയാണു സംഭവം. യുവതിയുടെ മുഖത്തും കൈയിലും മറ്റുമാണു പരിക്ക്. ഗുരുതരമല്ലാത്തതിനാൽ വൈകീട്ട് ആശുപത്രിവിട്ടു.
ഫാത്തിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ബസ് ജീവനക്കാർക്കെതിരേ നടപടിയെന്നു പൊലിസ് അറിയിച്ചു.
Tags : NattuVishesham DistrictNews