കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി മാനുവൽ നാഷണൽ ഹൈവേയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോൾ.
കൊരട്ടി: ദേശീയപാത 544ൽ കൊരട്ടി സർക്കാർ പ്രസിനു മുന്നിലെ യു - ടേണിൽ കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി മാനുവലിന്റെ കുത്തിയിരിപ്പ് സമരം. ഖന്നാനഗർ രണ്ടാം വാർഡിലെ ജനങ്ങൾ നേരിടുന്ന യാത്രാദുരിതത്തിനും ട്രാഫിക് നിയന്ത്രണത്തിലെ അപാകതകൾക്കുമെതിരെയായിരുന്നു ഒറ്റയാൾ സമരം.
കൊരട്ടി ജംഗ്ഷനിൽ പോയി ഇരുചക്രവാഹനങ്ങളിൽ മടങ്ങുന്ന വാർഡിലെ താമസക്കാർക്ക് സർക്കാർ പ്രസിനു മുന്നിലെ യു ടേണിലെത്തി അതേദിശയിൽ 20 മീറ്ററോളം സഞ്ചരിച്ച് എതിർവശത്തെ റോഡിലേക്ക് പ്രവേശിക്കുമ്പോൾ ട്രാഫിക് വാർഡന്മാർ വാഹനങ്ങളുടെ ചിത്രമെടുത്ത് പൊലിസിനു കൊടുത്ത് കേസെടുപ്പിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
ദേശീയപാതയിൽ ഗതാഗതക്കുരുക്കോ മഴയോ തിരക്കേറിയ സമയമോ ഉള്ളപ്പോൾ കടത്തിവിടാതിരിക്കാം. എന്നാൽ ഹൈവേയിൽ ഗതാഗതത്തിരക്ക് കുറഞ്ഞ സമയങ്ങളിൽ പ്രദേശവാസികൾക്ക് യാത്ര ചെയ്യാൻ സൗകര്യം ഒരുക്കണമെന്നാണ് സമരക്കാരന്റെ ആവശ്യം.
കേവലം 20 മീറ്റർ ദൂരം സഞ്ചരിക്കാൻ അഞ്ചു കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ് വാർഡിലെ ജനങ്ങൾ നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമരം അറിഞ്ഞതിനെ തുടർന്ന് കൊരട്ടി എസ്എച്ച്ഒ വിഷ്ണു രാമചന്ദ്രൻ, എസ്ഐമാരായ സി.പി. ഷിബു, സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി. പൊലിസ് അനുനയനീക്കം നടത്തിയെങ്കിലും എൻഎച്ച്എഐ അധികൃതർ സ്ഥലത്തെത്തി പ്രശ്നത്തിന് പരിഹാരം കാണണെന്ന നിലപാടിൽ ജോബി മാനുവൽ ഉറച്ചുനിന്നു. തുടർന്ന് എൻഎച്ച്എഐയുമായി കൂടിയാലോചിച്ച് ആവശ്യങ്ങൾ പരിശോധിക്കാമെന്ന പോലീസിന്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
എന്നാൽ ദേശീയപാതയിൽ ദിശമാറ്റി സഞ്ചരിക്കാൻ അനുമതി നൽകുന്നത് അപകടസാധ്യത സൃഷ്ടിക്കുമെന്നതാണ് പോലീസിന്റെ നിലപാട്. ചുരുങ്ങിയ ദൂരമാണെങ്കിലും തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതിനിടെ അപകടമുണ്ടായാൽ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന ചോദ്യമാണ് പൊലിസ് ഉയർത്തുന്നത്.
Tags : NattuVishesham DistrictNews