ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലടക്കം ഡോക്ടർമാരില്ലാത്തത് മൂലം രോഗികൾ നേരിടുന്ന ദുരിതത്തെ കുറിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അഞ്ചു ഡോക്ടർമാരെ നിയമിച്ചു. ജോലിക്രമീകരണത്തിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിലാണ് നിയമനം. നാലുപേർ ഇന്നലെ ചുമതലയേറ്റു. ഒരാൾ ഇന്ന് ചുമതലയേൽക്കും. ജില്ലാ മെഡിക്കൽ ഓഫിസറുടെ സെപ്റ്റംബർ 15ലെ ഉത്തരവ് പ്രകാരം ഡോ. കെ. അബിനന്ദ് രാജ് (ഒഫ്താൽമോളജി), ഡോ. എം. ദേവിക , ഡോ. ബരത് ജോഷി (ഗൈനക്കോളജി), ഡോ. കെ. ഐശ്വര്യ, ഡോ. അഥിര മഹേശൻ (കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ) എന്നിവരെയാണ് നിയമിച്ചത്. പരമാവധി 179 ദിവസത്തേക്കോ സ്ഥിരം ഡോക്ടർമാർ ചുമതലയേൽക്കുന്നതുവരെയോ ആയിരിക്കും നിയമനം. സ്ഥിരം ഡോക്ടർമാർ എത്തുന്ന മുറയ്ക്ക് കരാർ നിയമനം അവസാനിപ്പിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പുതിയ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതോടെ കാഷ്വാലിറ്റിയിലടക്കം ചികിത്സാ സേവനങ്ങൾക്ക് താത്കാലിക ആശ്വാസമാകും. എന്നാൽ സ്ഥിരം നിയമനത്തിലൂടെ മാത്രമേ ആശുപത്രിയിലെ ഡോക്ടർക്ഷാമത്തിന് ശാശ്വത പരിഹാരമാകൂ.
Tags : NattuVishesham DistrictNews