പൊന്നാനി വെളിയംകോട് തണ്ണിത്തുറ സെന്ററിൽ നടന്ന സുനാമി മോക് ഡ്രില്ലിൽ കടലിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു.
പൊന്നാനി: സുനാമി പോലുള്ള കടൽദുരന്തങ്ങളെ നേരിടുന്നതിനുള്ള തയാറെടുപ്പും രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനവും പരിശോധിച്ച് വിലയിരുത്തുന്നതിനായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി വെളിയംകോട് തണ്ണിത്തുറ സെന്ററിൽ സുനാമി മോക് ഡ്രിൽ സംഘടിപ്പിച്ചു.
വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിലാണ് മോക് ഡ്രിൽ നടന്നത്. സുനാമി മുന്നറിയിപ്പ് ലഭിക്കുന്നത് മുതൽ ജനങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റുന്നതും രക്ഷാപ്രവർത്തനങ്ങളും അടിയന്തര ചികിത്സയും ദുരന്താനന്തര പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന്റെ പ്രായോഗിക പരിശീലനമാണ് മോക് ഡ്രില്ലിലൂടെ നടത്തിയത്. ഇന്നലെ രാവിലെ 9.45ന് വിവിധ വകുപ്പുകളിലെ ജീവനക്കാരും വാഹനങ്ങളും വെളിയംകോട് പെട്രോൾ പന്പിന് സമീപം അണിനിരന്നു.
ഇന്ത്യാനേഷ്യയിലെ വടക്കൻ സുമാത്രയിൽ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായ അറിയിപ്പ് രാവിലെ 10 ന് വന്നതോടെ തീരദേശ ജില്ലകളിൽ ജാഗ്രത പ്രഖ്യാപിച്ചു കൊണ്ടുള്ള ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് വന്നു. ഇതോടെ ജനങ്ങൾക്കുള്ള മുന്നറിയിപ്പ് അനൗണ്സ്മെന്റുകൾ വന്നുതുടങ്ങി. 10.30 ഓടെ സുനാമിത്തിരകൾ വെളിയംകോട് എത്തുമെന്ന സന്ദേശം വന്നു. സമയോചിതമായി ഇടപെട്ട പൊലിസ്, ഫയർ ഫോഴ്സ്, തീരദേശ സേന, സിവിൽ ഡിഫെൻസ് ഓഫിസർമാർ എന്നിവർ തീരദേശത്തുള്ള കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.
മോട്ടോർ വാഹന വകുപ്പ് രക്ഷാപ്രവർത്തനത്തിനായി മാർഗതടസങ്ങൾ ഒഴിവാക്കി. വീടുകളിൽ കുടുങ്ങിക്കിടന്ന കിടപ്പുരോഗികൾ, കടലിൽ കുടുങ്ങിയവർ, വീടിനു മുകളിലും മരത്തിലുമായി കുടുങ്ങിയവർ എന്നിവരെ ദുരിതാശ്വാസ ക്യാന്പായി സജ്ജീകരിച്ച മീറത്തുൽ ആംബിയ മദ്രസയിൽ എത്തിച്ചു. വൈദ്യസഹായം ആവശ്യമുള്ളവർക്ക് ചികിത്സ നൽകി.
ഉച്ചയ്ക്ക് 12 ന് ജാഗ്രതാ നിർദേശം പിൻവലിച്ചതോടെ മോക്ക് ഡ്രിൽ അവസാനിച്ചതായി ദുരന്ത നിവാരണ അഥോറിറ്റി പ്രഖ്യാപിച്ചു. പൊന്നാനി താലൂക്ക് എമർജൻസി ഓപ്പറേഷൻസ് സെന്ററിൽ പ്രവർത്തിച്ച ഇൻസിഡന്റ് കമാൻഡ്മെന്റ് സംവിധാനത്തിലൂടെയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ദുരന്തനിവാരണ വകുപ്പ്, പൊലിസ്, ഫയർഫോഴ്സ്, ആരോഗ്യം, ഫിഷറിസ്, കോസ്റ്റ് ഗാർഡ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സിവിൽ ഡിഫൻസ്, ആപ്ത മിത്ര, ആശ, കുടുംബശ്രീ പ്രവർത്തകരും പൊതുജനങ്ങളും മോക് ഡ്രില്ലിൽ പങ്കാളികളായി.
മോക് ഡ്രില്ലിന്റെ ഭാഗമായി ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ, രക്ഷാപ്രവർത്തനം, പ്രഥമശുശ്രൂഷ, ആശയവിനിമയം, ഗതാഗത നിയന്ത്രണം, ദുരന്തബാധിതർക്ക് ആവശ്യമായ സഹായം ലഭ്യമാക്കൽ തുടങ്ങിയ വിവിധ ഘട്ടങ്ങൾ പരിശോധിച്ചു.
ദുരന്തസാഹചര്യത്തിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനും അടിയന്തര പ്രതികരണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനും ഡ്രിൽ സഹായകമായി.
മോക് ഡ്രില്ലിന് ശേഷം ചേർന്ന അവലോകന യോഗത്തിൽ പൊന്നാനി തഹസിൽദാർ പ്രമോദ് പി. ലാസറസ്, ഡെപ്യൂട്ടി തഹസിൽദാർ കെ.കെ. ഗോപാലകൃഷ്ണൻ, വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ, പൊന്നാനി, തിരൂർ ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ, പൊലിസ് ഉദ്യോഗസ്ഥർ, ആരോഗ്യം, കോസ്റ്റ് ഗാർഡ്, സിവിൽ ഡിഫെൻസ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. മോക് ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ് എക്സർസൈസും പൊതുജനങ്ങൾക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുമായി ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. തീരശോഷണം നേരിടുന്ന മേഖലയായതിനാലാണ് വെളിയങ്കോട് തീരപ്രദേശം സുനാമി മോക് ഡ്രില്ലിനായി തെരഞ്ഞെടുത്തത്.
Tags : District News Nattuvishesham Training survive a sunami mock drills