ഈസ്റ്റ് എളേരി പഞ്ചായത്ത് അംഗങ്ങൾ റവന്യു മന്ത്രി എ.പി. അനിൽ കുമാറിന് നിവേദനം നൽകുന്നു.
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഉരുൾപൊട്ടലിനെയും പ്രളയത്തെയും തുടർന്നുണ്ടായ നഷ്ടം നികത്താൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദീപ് വാര്യർ എംഎൽഎയുടെ സാന്നിധ്യത്തിൽ സർക്കാരിന് നിവേദനം നൽകി. ആവശ്യം മന്ത്രിസഭായോഗം അനുഭാവപൂർവം പരിഗണിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ച അടിയന്തര നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുമെന്നും നിവേദനം ഏറ്റുവാങ്ങിയ റവന്യു മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.
നഷ്ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്കും കൃഷിവകുപ്പിനും നിർദേശം നൽകിയതായി റവന്യുമന്ത്രിയും കൃഷിമന്ത്രി ടി. സിദ്ദിഖും നിവേദകസംഘത്തെ അറിയിച്ചു.
ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലുമായി പഞ്ചായത്തിലാകെ 25 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. റോഡുകളും കലുങ്കുകളും ഉൾപ്പെടെയുള്ള പൊതു ആസ്തികൾക്ക് എട്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. വാസയോഗ്യമല്ലാതായിത്തീർന്ന ആറു വീടുകളിലെ കുടുംബങ്ങളെ പുതിയ സ്ഥലം വാങ്ങി വീടുവച്ചു നൽകി പുനരധിവസിപ്പിക്കാൻ 72 ലക്ഷം രൂപയും ഭാഗികമായി തകർന്ന വീടുകൾക്ക് 20 ലക്ഷം, വീടുകൾക്കു സമീപം ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാൻ അഞ്ചു ലക്ഷം, വിളകൾ നശിച്ചതിന് 16 ലക്ഷം, വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചവർക്കുള്ള നഷ്ടപരിഹാരത്തിന് 20 ലക്ഷം, വ്യാപാര സ്ഥാപനങ്ങൾ, ഗോഡൗണുകൾ എന്നിവയുടെ നഷ്ടപരിഹാരത്തിന് 25 ലക്ഷം, വീടുകളിലെ ഇലട്രിക്കൽ, ഇലട്രോണിക്സ് ഉപകരണങ്ങൾ നശിച്ചവർക്ക് 50 ലക്ഷം, അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകൾക്കുമുണ്ടായ ചെലവിന് 20 ലക്ഷം എന്നിങ്ങനെയും തുക ലഭ്യമാക്കണമെന്ന് പഞ്ചായത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു. മഴയിൽ തകർന്ന മുനയംകുന്ന്-കോലുവള്ളി കമ്പിപാലത്തിനു പകരം പുതിയ പാലം, തുടർന്നും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതു തടയാൻ പുഴയോരത്ത് സംരക്ഷണ ഭിത്തി നിർമിക്കൽ, ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയ്ക്കായി പ്രത്യേക ബ്ലോക്ക് എന്നിവയ്ക്കും പ്രത്യേക പാക്കേജിൽ തുക അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, അംഗങ്ങളായ ജോസ് കുത്തിയതോട്ടിൽ, ഡൊമിനിക് കോയിത്തുരുത്തേൽ, പി.സി. ലേഖ, ഷീബ ജോസഫ്, മാത്യു സെബാസറ്റ്യൻ, സിന്ധു ടോമി, ജോൺ പേണ്ടാനത്ത്, ഷേർലി ചീങ്കല്ലേൽ, സോണിയ വേലായുൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജ് കരിമഠം എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
Tags : NattuVishesham DistrictNews