ഭോപ്പാൽ: മധ്യപ്രദേശിൽ ഭർതൃഗൃഹത്തിൽ മരിച്ച ട്വിഷ ശർമയുടേത് കൊലപാതകമല്ല, ആത്മഹത്യ തന്നെയെന്ന് ആവർത്തിച്ച് ഭോപ്പാൽ പോലീസ്. ട്വിഷയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയിലാണ് പോലീസിന്റെ ഈ സ്ഥിരീകരണം.
അതേസമയം, ട്വിഷ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന ഭർതൃമാതാവിന്റെ വാദങ്ങളെ തള്ളുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് ഭോപ്പാൽ പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ വ്യക്തമാക്കി.
യുവതിയുടെ ശരീരത്തിൽ ലഹരിമരുന്നിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമത്തോടു പറഞ്ഞു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും ഇതുവരെ ശേഖരിച്ച മറ്റ് തെളിവുകളിൽ നിന്നും ഇത് ആത്മഹത്യാ കേസ് ആണെന്നാണ് വ്യക്തമാകുന്നതെന്നും കൊലപാതകമല്ലെന്നും പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.
നോയിഡ സ്വദേശിയായ ട്വിഷയെ മേയ് 12നാണ് ഭോപ്പാലിലെ ഭർത്താവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തെച്ചൊല്ലി ഭർതൃവീട്ടുകാരിൽ നിന്ന് കടുത്ത മാനസിക പീഡനം ട്വിഷ നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു.
ട്വിഷ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ വ്യക്തമാക്കുന്നു.ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം ഇത് വ്യക്തമായ ഒരു ആത്മഹത്യാ കേസാണെന്നാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വിഷയുടെ ഭർത്താവ് സമർഥ് സിംഗ്, വിരമിച്ച ജഡ്ജിയായ ഭർതൃമാതാവ് ഗിരിബാല സിംഗ് എന്നിവരാണ് കേസിലെ പ്രതികൾ. ഭാര്യയുടെ മരണശേഷം സമർഥ് ഒളിവിൽ പോയിരിക്കുകയാണ്. ട്വിഷ ലഹരി മരുന്നിന് അടിമയാണെന്നായിരുന്നു ഗിരിബാല സിംഗിന്റെ ആരോപണം.
"പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലഹരിമരുന്നുകളെക്കുറിച്ച് യാതൊരു പരാമർശവുമില്ല. ഞങ്ങളുടെ അന്വേഷണത്തിലും അത്തരം കാര്യങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല'.- എന്ന് പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ വ്യക്തമാക്കി.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയെന്ന ആരോപണവും പോലീസ് കമ്മീഷണർ നിഷേധിച്ചു. രണ്ടാമത് പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള അനുമതി ഭോപ്പാൽ പോലീസ് പിൻവലിച്ചെന്ന കുടുംബത്തിന്റെ വാദത്തോട് പ്രതികരിക്കവേ, അത്തരം അനുമതി നൽകാൻ പോലീസിന് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.