Movies
കാൻസർ എന്ന മാരക രോഗത്തോടും അതിനൊപ്പം സോഷ്യൽ മീഡിയയിലെ ക്രൂരമായ വ്യാജ പ്രചാരണങ്ങളോടും ഒരേസമയം പോരാടുകയാണ് രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം ഗുരുതരാവസ്ഥയിലായ രേണു ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഈ കഠിനമായ ഘട്ടത്തിലും തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണുവും സഹോദരിയും.
രേണുവിന് കാൻസർ ഇല്ലെന്നും, ചികിത്സാ ബില്ലുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ വ്യാജ പ്രചാരണങ്ങൾക്കെതിരെ രേണുവിന്റെ സഹോദരി ശക്തമായി പ്രതികരിച്ചു. നിലവിൽ തങ്ങളുടെ ഏക വരുമാന മാർഗ്ഗമായ യൂട്യൂബ് ചാനലിനെ തകർക്കാൻ ബോധപൂർവ്വം നടക്കുന്ന ശ്രമങ്ങളുടെ സത്യാവസ്ഥ ഇരുവരും ചേർന്ന് വ്യക്തമാക്കി.
''രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം കടുത്ത ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും കാരണം കഴിഞ്ഞ അഞ്ച് ദിവസമായി ഞാൻ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും വഴിപാടുകളും കൊണ്ടാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അവർക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.
ഇനിയും എനിക്ക് നാല് കീമോകളും അതിനുശേഷം ശസ്ത്രക്രിയയും കൂടിയുണ്ട്. പൂർണ ആരോഗ്യത്തോടെ ഞാൻ തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. കുട്ടിക്കാലം തൊട്ടേ എന്റെയോ മറ്റുള്ളവരുടെയോ ശരീരത്തിൽ ഒരു മാരക രോഗവും വരാതിരിക്കണേ എന്ന് ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു.
എന്നിട്ടും എനിക്ക് എന്തുകൊണ്ടാണ് ഈ അസുഖം വന്നതെന്ന് ആശുപത്രി കിടക്കയിൽ കിടന്ന് ഞാൻ ദൈവത്തോട് ചോദിച്ചു. നാളെ മറ്റുള്ളവരുടെ മുന്നിൽ ദൈവകൃപ സാക്ഷ്യപ്പെടുത്താൻ വേണ്ടിയാകാം ഇതെന്നാണ് എന്റെ മനസ് ഇപ്പോൾ എന്നോട് പറയുന്നത്.
എന്റെ അഭാവത്തിൽ മകൻ ഒറ്റപ്പെട്ടുപോകുമോ എന്നൊരു വിഷമം ഉള്ളിലുണ്ടായിരുന്നു. എന്നാൽ എന്റെ ചേച്ചിയുടെ മക്കൾ അവനെ സ്വന്തം സഹോദരനെപ്പോലെയാണ് നോക്കുന്നത്. ഒരു അമ്മയുടെ വയറ്റിൽ ജനിച്ചതുപോലെ അവർ അവനെ ചേർത്തുപിടിക്കുന്നത് കാണുമ്പോൾ എനിക്ക് വലിയ സന്തോഷമുണ്ട്. മനസിന് അധികം വിഷമം ഉണ്ടാക്കരുതെന്നും ഫോൺ ഉപയോഗിക്കരുതെന്നും ഡോക്ടർമാർ എന്നോട് കർശനമായി പറഞ്ഞിട്ടുണ്ട്. അതിനാൽ ഞാൻ ഫോൺ ഉപയോഗിക്കാറില്ല.
എന്നാൽ ഈ യൂട്യൂബ് ചാനൽ മാത്രമാണ് എന്റെ ഏക വരുമാനമാർഗ്ഗം; എനിക്ക് ജീവിക്കാൻ വേറെ വഴികളില്ല. എന്നെ സ്നേഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും പിന്തുണയ്ക്കുകയും വേണം. ദയവായി എന്റെ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി എന്നെ അവഹേളിക്കരുത്. എന്നെപ്പോലെ കാൻസർ ബാധിച്ച് പ്രയാസമനുഭവിക്കുന്ന ഒട്ടനവധി രോഗികളുണ്ട്. ആ വേദന അത് അനുഭവിക്കുന്നവർക്കോ അവരുടെ കുടുംബത്തിനോ മാത്രമേ മനസ്സിലാകൂ. അവരോട് അല്പമെങ്കിലും കരുണ കാണിക്കുക.’’ രേണു സുധി പറഞ്ഞു.
‘‘രണ്ടാമത്തെ കീമോയ്ക്ക് ശേഷമുള്ള അസ്വസ്ഥതകൾ കാരണമാണ് രേണുവിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതിനിടയിലും രേണുവിന് കാൻസർ ഇല്ലെന്നും മരുന്നിന്റെ ബിൽ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നും ചില വ്ലോഗർമാർ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സാഹചര്യം കൊണ്ടാണ് ആ ബിൽ പോലും സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടി വന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻ-ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് ഞങ്ങൾ ഈ മരുന്ന് വാങ്ങുന്നത്. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബില്ലിലുള്ള നമ്പറിലോ ഫാർമസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാർമസിക്ക് ലൈസൻസ് കിട്ടിയ വർഷമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയർന്ന വില പുറത്തറിഞ്ഞ് ആളുകൾ വിമർശിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതിൽ യാതൊരു കള്ളത്തരവുമില്ല.
ചില വ്ലോഗർമാർ കാൻസർ രോഗികളുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പുകൾ പങ്കുവെച്ചുകൊണ്ട് രേണുവിനെ വിമർശിക്കുന്നുണ്ട്. എന്നാൽ ഈ രോഗം ബാധിച്ച് അതിന്റെ വേദന അനുഭവിച്ചറിഞ്ഞ ഒരു കാൻസർ രോഗിയും മറ്റൊരു രോഗിയെക്കുറിച്ച് ഇത്രയും മോശമായി സംസാരിക്കില്ല. ആ വോയിസ് ക്ലിപ്പുകൾ കെട്ടിച്ചമച്ചതാണെന്നു തോന്നുന്നു.
മുൻപ് രേണു എന്തിനാണ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നത് എന്ന് വിമർശിച്ചതുകൊണ്ടാണ് അവൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ കാര്യങ്ങൾ പറയാൻ തുടങ്ങിയത്. ഇത് സാധാരണ പെയിൻ കില്ലറല്ല, അവളുടെ ജീവൻ നിലനിർത്താനുള്ള ലൈഫ് സേവിംഗ് മെഡിസിനാണ്.
ആറ് കീമോ കഴിഞ്ഞാലും ചിലപ്പോൾ ഈ മരുന്ന് വീണ്ടും ആവശ്യമായി വരും. അതിന് ഭീമമായ തുക വേണം. അതിനാണ് അവൾ ഈ ചാനലുമായി മുന്നോട്ട് പോകുന്നത്. ദൈവത്തെ ഓർത്ത് വ്യൂസിനും റീച്ചിനും വേണ്ടി അവളെ ഇനിയും ദ്രോഹിക്കാതിരിക്കുക. അവളെ സ്നേഹിക്കുന്ന ഒരു കൂട്ടം ജനങ്ങളുണ്ട്. ഞങ്ങളുടെ കുഞ്ഞിന് വേണ്ടി അവൾ തിരിച്ചുവരണം. സഹായിച്ചില്ലെങ്കിലും അവളെ ക്രൂശിക്കുന്ന വീഡിയോകൾ ചെയ്യരുത്.
ഞങ്ങളുടെ കുഞ്ഞിന് വേണ്ടി അവൾ ജീവനോടെ തിരിച്ചുവരണം. സഹായിച്ചില്ലെങ്കിലും അവളെ ക്രൂശിക്കുന്ന വിഡിയോകൾ ഇനിയും ചെയ്യാതിരിക്കുക. അവൾക്കായി പ്രാർഥിക്കുക എന്ന് മാത്രമേ ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളൂ." രേണുവിന്റെ സഹോദരി പറഞ്ഞു
Kerala
കൊച്ചി: തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്നാണ് പത്മകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയാണ് പത്മകുമാർ.
Kerala
കൽപ്പറ്റ: വയനാട് ബത്തേരിയിൽ നാൽപതോളം വിദ്യാർഥികൾ ആശുപത്രിയിൽ.കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർഥികളാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് ക്ഷ്യവിഷബാധയേറ്റതാണോ അതോ വൈറൽ പനിയാണോ എന്നതിൽ സ്ഥിരീകരണമായില്ല.
ഇവരുടെ സാമ്പിളുകൾ വിശദപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ 150ഓളം കുട്ടികൾ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരുന്നു.
Kerala
ആലപ്പുഴ: ചെങ്ങന്നൂർ ഗവൺമെന്റ് വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് വീണ്ടും ഭക്ഷ്യവിഷബാധ. സർവേയർ വിഭാഗത്തിലെ അഞ്ചു വിദ്യാർഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച സ്ഥാപനത്തിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി അനുഭവപ്പെട്ടിരുന്നതായി വിദ്യാർഥിനികൾ പറഞ്ഞു.
150ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ പുറത്തു നിന്നുള്ള ഏജൻസിയാണ് ഉച്ചഭക്ഷണം എത്തിച്ചു നൽകുന്നത്. ഇതിന്റെ ഗുണനിലവാരത്തെച്ചൊല്ലി നേരത്തേയും പരാതികളുണ്ടായിരുന്നു.
ഉച്ചയ്ക്ക് രണ്ടിന് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർഥിനികൾ സ്വന്തം നിലയ്ക്കാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഐടിഐ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും വൈകുന്നേരം അഞ്ചിനാണ് രക്ഷിതാക്കളെ വിവരമറിയിക്കാൻ തയാറായതെന്നും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ആരോപിച്ചു.
Kerala
ചെങ്ങന്നൂർ: ഗവൺമെന്റ് വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സർവേയർ വിഭാഗത്തിലെ അഞ്ച് വിദ്യാർഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരിപ്പാട് സ്വദേശിനി സ്നേഹ, ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശിനി സോന, കൊല്ലം ഭരണിക്കാവ് സ്വദേശിനി കർണ്ണകി, ബുധനൂർ സ്വദേശിനി ജ്യോതിലക്ഷ്മി എന്നിവരുൾപ്പെടെ അഞ്ച് പേരാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച കോളജിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നു.
ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി അനുഭവപ്പെട്ടിരുന്നതായി ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനികൾ പറഞ്ഞു. നൂറ്റമ്പതോളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ സർക്കാർ വിദ്യാർഥികൾക്ക് അനുവദിച്ചിരിക്കുന്ന ഉച്ചഭക്ഷണം പുറത്തുനിന്നുള്ള ഏജൻസിയാണ് എത്തിച്ചു നൽകുന്നത്. ഈ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി നേരത്തെയും പരാതികൾ ഉയർന്നിരുന്നു.
*അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച
സംഭവത്തിൽ ഐടിഐ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി രക്ഷിതാക്കളും പിടിഎ ഭാരവാഹികളും ആരോപിച്ചു. ഉച്ചയ്ക്ക് രണ്ടോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട വിദ്യാർഥിനികൾ സ്വന്തം നിലയ്ക്കാണ് ആശുപത്രിയിൽ അഭയം തേടിയത്. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, വൈകുന്നേരം അഞ്ചോടെ മാത്രമാണ് കോളജ് അധികൃതർ വിവരം രക്ഷിതാക്കളെ അറിയിക്കാൻ തയാറായതെന്ന് ആക്ഷേപമുണ്ട്.
*തുടർക്കഥയാകുന്ന അനാസ്ഥ
ഒരു മാസം മുൻപും സമാനമായ രീതിയിൽ ഇവിടെ കുട്ടികൾക്ക് ഭക്ഷണത്തിൽ നിന്ന് അസ്വസ്ഥതകൾ ഉണ്ടായതായി പരാതിയുണ്ട്. എന്നിട്ടും പുറത്തുനിന്ന് എത്തിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാൻ അധികൃതർ തയാറാകാതിരുന്നതാണ് വീണ്ടും ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു.
സംഭവത്തിൽ ആരോഗ്യവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Sports
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സി 3-2ന് ലിവര്‍പൂള്‍ എഫ്സിയെ കീഴടക്കുന്നതു കാണാതെ ക്ലബ്ബിന്റെ ഇതിഹാസ മാനേജര്‍ അലക്സ് ഫെര്ഗൂസണ് ആശുപത്രിയില്‍.
മത്സരം കാണാനായി യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ എത്തിയെങ്കിലും അനാരോഗ്യത്തെത്തുടര്‍ന്ന് ഫെര്‍ഗിയെ ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഫെര്ഗൂസണ് ആശുപത്രിവിടുമെന്നും ക്ലബ് വൃത്തങ്ങല്‍ അറിയിച്ചു.
1986 മുതല്‍ 2013വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിശീലിപ്പിച്ച ഫെര്ഗൂസണ്, 13 പ്രീമിയര്‍ ലീഗും രണ്ട് ചാമ്പ്യന്‍സ് ലീഗും അടക്കം 38 ട്രോഫിയില്‍ ക്ലബ്ബിനെ എത്തിച്ചു.
മാത്യൂസ് കുന്‍ഹ (6), ബെഞ്ചമിന്‍ സെസ്കോ (14), കോബി മൈനു (77) എന്നിവര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോള്‍ നേടി. ഡൊമിനിക് സോബോസ്ലായ് (47), കോഡി ഗാക്പോ (56) എന്നിവര്‍ ലിവര്‍പൂളിനായും ലക്ഷ്യംകണ്ടു.
ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ 2-1ന് ആസ്റ്റണ്‍ വില്ലയെ കീഴടക്കി. തരംതാഴ്ത്തല്‍ ഭീഷണിയിലാണ് ടോട്ടന്‍ഹാം.
National
മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) അധ്യക്ഷനും രാജ്യസഭാ എംപിയുമായ ശരദ് പവാര്‍ ആശുപത്രിയില്‍. ശരദ് പവാറിനെ രണ്ടു ദിവസം മുമ്പാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പതിവ് ആരോഗ്യ പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പവാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
നെഞ്ചിലെ അണുബാധയും നിര്‍ജ്ജലീകരണവും കാരണം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ പവാറിനെ നേരത്തെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം ആദ്യവാരം രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശരദ് പവാർ വീൽചെയറിൽ ഇരുന്നാണ് സത്യപ്രതിജ്ഞ ചെയ്തത്.
National
മുംബൈ: ഹൃദയാഘാതത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആശ ഭോസ്ലെ ചികിത്സയിലുള്ളത്. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് ആശ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് കുടുംബം പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ആശ ഭോസ്ലെയെ തേടിയെത്തിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.
National
മുംബൈ: ഷോലെ, ദീവാർ, ഡോൺ തുടങ്ങിയ ബോളിവുഡിലെ എക്കാലത്തെയും മികച്ച ജനപ്രിയ ചിത്രങ്ങൾക്കു ജാവേദ് അക്തറിനൊപ്പം തൂലിക ചലിപ്പിച്ച സലിം ഖാൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ. 90 കാരനായ സലിം ഖാനെ ബാന്ദ്ര ലീലാവതി ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് എത്തിച്ചത്.
മകനും സൂപ്പർതാരവുമായ സൽമാൻ ഖാൻ, മകൾ അൽവിറ, മരുമക്കളായ അതുൽ അഗ്നിഹോത്രി, ആയുഷ് ശർമ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.
Kerala
കൊച്ചി: കളമശേരി കിൻഫ്ര ഹൈടെക് പാർക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ 70 ഓളം പേർ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി.
33 പേർ കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളജിലും ബാക്കിയുള്ളവർ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സ തേടിയത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.
കമ്പനിയിലെ ക്യാന്റീനിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് ജീവനക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.
പുറം കരാർ നൽകിയ കാക്കനാട്ടെ സ്വകാര്യ കാറ്ററിംഗ് സർവീസിൽ നിന്നും എത്തിക്കുന്ന ഭക്ഷണമാണ് കാന്റീനിൽ വിതരണം നടത്തിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് മാറ്റിയത്.
മെഡിക്കൽ കോളജിലെ ജയിൽ സെല്ലിലാണ് തന്ത്രിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച അദ്ദേഹത്തെ ആന്‍ജിയോഗ്രാമിനു വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. റിമാൻഡിലായി തൊട്ടടുത്ത ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സ്വര്‍ണക്കൊള്ളക്കേസിലെ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിയുമായി രാജീവര്‍ക്ക് ദീര്‍ഘകാലബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തന്ത്രിയുടെ ജാമ്യ ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി മൂന്നിന് പരിഗണിക്കും.
National
മഥുര (ഉത്തർപ്രദേശ്): തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാന്പിനെ ജാക്കറ്റിലിട്ട് മുപ്പത്തിയൊന്പതുകാരൻ ആശുപത്രിയിൽ ചികിത്സയ്ക്കെത്തി. മഥുര സ്വദേശി ദീപക് ആണ് ഇന്നലെ ഡോക്ടറെ കാണിക്കാനായി പാന്പിനെ ശരീരത്ത് ഒളിപ്പിച്ച് എത്തിയത്.
കടിച്ച പാന്പ് ഏതാണെന്നു ഡോക്ടർ ചോദിക്കുന്നതും ഉടൻതന്നെ ജാക്കറ്റിൽനിന്നു പാന്പിനെ പുറത്തെടുക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആശുപത്രിയിലെത്തിയവരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തി അനുവദിക്കാനാവില്ലെന്നും പാന്പുമായി മുറിക്കു പുറത്തിറങ്ങണമെന്ന് ചീഫ് മെഡിക്കൽ ഓഫീസറും ഡോക്ടറും ദീപകിനോട് ആവശ്യപ്പെട്ടു. പിന്നീട് പോലീസിനെ വിളിച്ചുവരുത്തി പാന്പിനെ രക്ഷപ്പെടുത്തി.
അതേസമയം, കടിച്ച പാന്പിനെ ദീപക് വളർത്തുന്നതാണോ എന്നു സംശയിക്കുന്നതായും ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മാലിന്യംകലർന്ന കുടിവെള്ളം മൂന്നുപേരുടെ ജീവനെടുത്തു. ഏതാനുംദിവസങ്ങൾക്കുള്ളിൽ നൂറിലേറെ ആളുകൾ ആശുപത്രിയിലാവുകയും ചെയ്തു. നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചുവെന്നാണു പ്രദേശവാസികൾ പറയുന്നത്.
ക്രിസ്മസ്ദിനത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിനു അസാധാരണഗന്ധം ഉണ്ടായിരുന്നതായി കൗൺസിലർ പറഞ്ഞു. വെള്ളം കുടിച്ച പലരം രോഗംബാധിച്ച് ആശുപത്രിയിലാവുകയും ചെയ്തു.
അതിസാരം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് പ്രദേശത്തെ 2.703 വീടുകളിൽ പരിശോധന നടത്തിയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. 12,000 ആളുകളെയും പരിശോധിച്ചു. ഇതിൽ 1,146 പേർ നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. 111 രോഗികളാണ് ആശുപത്രിയിലായതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയ്ക്ക് നിർമല ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്ത സമ്മർദത്തിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിന് മരുന്ന് നൽകി.
സുബ്രഹ്മണ്യനെ ഉടനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകില്ലെന്നാണ് സൂചന. ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുഖ്യമന്ത്രിയുടെയും എഐ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനാണ് എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കലാപ ആഹ്വാനത്തിനാണ് പോലീസ് കേസെടുത്തത്. ഇന്ന് രാവിലെ ചേവായൂർ പോലീസ് അദ്ദേഹത്തെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
District News
ഇരിട്ടി: കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിൽ. ഇരിട്ടിയിലാണ് സംഭവം.
ബുധനാഴ്ച രാത്രി ഏഴോടെ കാസർഗോട്ടു നിന്ന് കണ്ണൂർ-ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ. ബാബുവിനെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ വച്ച് മർദിച്ചത്.പയഞ്ചേരി മുക്കിന് സമീപത്തു വച്ച് ബസ് കാറിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ഡ്രൈവറെ മർദിച്ചതോടെ ബസ് ഇരിട്ടിയിൽ യാത്ര അവസാനിപ്പിച്ചു.
ഇരിട്ടി ബസ് സ്റ്റാൻഡിനു സമീപം കാർ മുന്നിലിട്ട് തടയാൻ ശ്രമിക്കുകയും കാറിലുണ്ടായിരുന്നവർ ചീത്ത വിളിക്കുകയും ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പിന്നാലെയെത്തി ചീത്തവിളിച്ചുകൊണ്ട് മർദിക്കുകയുമായിരുന്നുവെന്നാണ് ഡ്രൈവർ ബാബു പറയുന്നത്. ഡ്രൈവർ കൈയേറ്റം ചെയ്തെന്ന് കാണിച്ച് കാറിൽ ഉണ്ടായിരുന്നവരും പോലീസിൽ പരാതി നൽകി. രണ്ടുകൂട്ടരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ച
Kerala
ഇരിട്ടി: കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിൽ. ഇരിട്ടിയിലാണ് സംഭവം. ഇന്നലെ രാത്രി ഏഴോടെ കാസർഗോഡുനിന്നു കണ്ണൂർ-ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ. ബാബുവിനെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ മർദിച്ചത്.
പയഞ്ചേരി മുക്കിനു സമീപത്തു വച്ച് ബസ് കാറിൽ ഇടിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ചായിരുന്നു മർദനം. ഡ്രൈവറെ മർദിച്ചതോടെ ബസ് ഇരിട്ടിയിൽ യാത്ര അവസാനിപ്പിച്ചു. തുടർന്ന് ഡ്രൈവർ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഇരിട്ടി ബസ് സ്റ്റാൻഡിനു സമീപം കാർ മുന്നിലിട്ട് തടയാൻ ശ്രമിച്ചെന്നും മാറ്റാൻ പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ ചീത്ത വിളിച്ചെത്തും ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പിന്നാലെയെത്തി ചീത്തവിളിച്ചു മർദിച്ചെന്നുമാണ് ഡ്രൈവർ ബാബു പറയുന്നത്. ഡ്രൈവർ കൈയേറ്റം ചെയ്തെന്നു കാണിച്ചു കാറിൽ ഉണ്ടായിരുന്നവരും പോലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. രണ്ടു കൂട്ടരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ സെപ്റ്റംബർ ആറ് മുതൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു. തൃശൂരിന്റെ സ്വന്തം പുലിക്കളി ആഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ ദുഃഖം രേഖപ്പെടുത്തി.
തൃശൂരിലെ മുഴുവൻ പുലികൾക്കും പുലിക്കളി സംഘങ്ങൾക്കും മന്ത്രി ആശംസകൾ നേർന്നു. ഇനിയും രണ്ട് ദിവസത്തേക്ക് കൂടി ചികിത്സ തുടരേണ്ടതിനാൽ പൊതുപരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.