കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമെന്നു ഹൈക്കോടതി. സിബിഐ നല്കിയ അപേക്ഷ തള്ളിയ 2025 ഒക്ടോബർ 28 ലെ ഉത്തരവും ജസ്റ്റീസ് എ. ബദറുദ്ദീന്‍ റദ്ദാക്കി.
സിബിഐയുടെ അപേക്ഷ മേയ് 18നകം പുനഃപരിശോധിച്ച് ഉത്തരവിടണം. അന്നേദിവസം വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നിലപാട് സേച്ഛാപരവും പൊതുതാത്പര്യ വിരുദ്ധവും ഹൈക്കോടതി ഉത്തരവിന് എതിരാണെന്നും കോടതി വിലയിരുത്തി. 80 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയ കേസില്‍ പ്രഥമദൃഷ്ട്യാ അഴിമതിനിരോധന നിയമത്തിലെ വകുപ്പുകള്‍ ബാധകമാണ്.
എന്നാല്‍, ഇതില്‍ സര്‍ക്കാര്‍ താത്പര്യക്കുറവ് പ്രകടിപ്പിക്കുന്നതിന്റെ കാരണം മനസിലാകുന്നില്ല. 2015 സെപ്റ്റംബര്‍ 23ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിനാണു സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചത്.
സിബിഐ അന്വേഷണത്തിനാണ് ഉത്തരവുണ്ടായതെങ്കിലും അതു സര്‍ക്കാരടക്കം ചോദ്യം ചെയ്യാത്തതിനാല്‍ അന്തിമമാകുകയും ചെയ്തു. 2020 ഏപ്രില്‍ 30നാണ് പ്രോസിക്യൂഷന് അനുമതി തേടി സിബിഐ അപേക്ഷ നല്‍കിയത്.
2020 ഒക്ടോബര്‍ 15ന് അപേക്ഷ തള്ളി. അപേക്ഷ വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാന്‍ 2024 ജൂലൈ 24ന് കോടതി ഉത്തരവിട്ടു. എന്നിട്ടും 2025 മാര്‍ച്ച് 21നും ഒക്ടോബർ 28നും അപേക്ഷ നിരസിച്ചതാണ് നിലവില്‍ കോടതിയലക്ഷ്യ ഹര്‍ജിക്കു കാരണമായത്.
Tags : Cashew nut corruption case Kerala High Court prosecution permission contempt