ഫുട്ബോള്‍ കളിച്ചു തുടങ്ങി അധികം വൈകാതെ തന്റെ ഐക്കണ്‍ ആയി മാറിയ കാല്‍പ്പന്ത് രാജാവ് പെലെയെക്കുറിച്ചും ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ തന്റെ ആരാധനാപാത്രം ഗോര്‍ഡന്‍ ബാങ്ക്സിനെക്കുറിച്ചുമാണ് 'പറക്കും ഗോളി' എന്നറിയപ്പെടുന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരവും ഇന്ത്യന്‍ താരവുമായിരുന്ന വിക്ടര്‍ മഞ്ഞിലയ്ക്ക് ഫിഫ ലോകകപ്പിനെക്കുറിച്ചുള്ള ആദ്യ ഓര്മ. 'അന്നൊന്നും ടെലിവിഷനോ മറ്റു സൗകര്യങ്ങളോ ഇല്ല.
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍ പൂരം എക്സിബിഷന് നടക്കുമ്പോള്‍ സ്ക്രീനില്‍ കളികാണിക്കുന്ന പരിപാടി ഉണ്ടായിരുന്നു. അങ്ങനെ 25 പൈസ മുടക്കി ആദ്യമായി കണ്ടത് 1966 ലോകകപ്പിലെ ഇംഗ്ലണ്ട് - വെസ്റ്റ് ജര്‍മനി ഫൈനല്‍ ആയിരുന്നു. പിന്നെ 1970 ലോകകപ്പിലെ ചില മത്സരങ്ങളും'- വിക്ടര്‍ മഞ്ഞില പറഞ്ഞു.
“1966 ജൂലൈ 30ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം.
11-ാം മിനിറ്റില്‍ ജര്‍മനി ഗോള്‍ നേടി. അധികം വൈകാതെ ജെഫ് ഹര്സ്റ്റിലൂടെ സമനില. 88-ാം മിനിറ്റില്‍ മാര്ട്ടിന് പീറ്റേഴ്സിലൂടെ ഇംഗ്ലണ്ടിനു ലീഡ്. 90-ാം മിനിറ്റില്‍ ജര്‍മനിക്കു നാടകീയ സമനില. കളി അധികസമയത്തേക്കു നീണ്ടു. ജെഫ് ഹര്‍സ്റ്റ് അടിച്ച ഒരു തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി താഴേക്കുപതിച്ചു. പന്ത് ഗോള്‍ലൈന്‍ കടന്നോയെന്നു സംശയം. എന്തായാലും ലൈന്‍ റഫറിയുടെ നിര്‍ദേശപ്രകാരം മെയിന്‍ റഫറി ഗോള്‍ വിളിച്ചു. 101-ാം മിനിറ്റിലായിരുന്നു ആ വിവാദ ഗോള്‍. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ 120-ാം മിനിറ്റില്‍ ഹര്‍സ്റ്റ് തന്റെ മൂന്നാം ഗോള്‍ നേടി;
ലോകകപ്പ് ഫുട്ബോള്‍ ഫൈനലിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി. ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പുയര്‍ത്തി ചരിത്രംകുറിച്ചു. ബോബി മൂര്‍ ആയിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍. ലോകത്തെ ഏറ്റവും നല്ല ഗോള്‍ കീപ്പര്‍ ആയിരുന്നു ഗോര്‍ഡന്‍ ബാങ്ക്സ്. പിന്നെ ഇംഗ്ലണ്ടിന്റെ പ്രധാന ആകര്‍ഷണമായിരുന്നു ബോബി ചാള്ട്ടണ് (മുന്‍നിര താരം), ജാക്ക് ചാള്ട്ടണ് ( പ്രതിരോധ താരം) എന്നീ സഹോദരങ്ങള്‍”- മഞ്ഞില ഓര്‍മിക്കുന്നു.
“ഓര്‍മയില്‍ തങ്ങിനില്ക്കുന്ന മറ്റൊരു മത്സരം 1970 ലോകകപ്പിലെ ബ്രസീല്‍ - ഇംഗ്ലണ്ട് ഗ്രൂപ്പ് പോരാട്ടമാണ്. 1970 ജൂണ്‍ ഏഴിന് മെക്സിക്കോയിലെ ഗ്വാഡലഹാരയിലായിരുന്നു മത്സരം. വലതു വിംഗില്‍നിന്ന് ജൈര്സീന്യോ നല്കിയ ക്രോസ് പെലെ അതിശക്തമായ ഹെഡറിലൂടെ ഗോള്‍പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. ഗോളെന്നുറച്ച് സന്തോഷിക്കാന്‍ തുടങ്ങിയ പെലെ ഒന്നു ഞെട്ടി. ഒന്നാം പോസ്റ്റില്‍ നിന്നിരുന്ന ഗോര്‍ഡന്‍ ബാങ്ക്സ് മിന്നല്‍ വേഗത്തില്‍ പറന്നുവന്ന് പന്ത് തട്ടിയകറ്റി. കളിക്കാരും സ്റ്റേഡിയവും ഒന്നടങ്കം ഞെട്ടി. ഇന്നും ‘നൂറ്റാണ്ടിന്റെ സേവ്' എന്നറിയപ്പെടുന്നത് ബാങ്ക്സിന്റെ ഈ സേവാണ്. ഇതോടെ ബാങ്ക്സ് ഗോള്‍കീപ്പര്‍മാരില്‍ എന്റെ ആരാധനാപാത്രമായി. കളി പിന്നീട് ബ്രസീല്‍ 1-0 ന് ജയിച്ചു. അത്തവണ പെലെയുടെ ടീം കപ്പും നേടി”- മായാത്ത ഓര്‍മയോടെ മഞ്ഞില പറയുന്നു.
എന്നും പെലെ
കളിക്കാരില്‍ പെലെ തന്നെയാണ് എന്നും മനസില്‍. വായുവില്‍ ഉയര്‍ന്നുചാടി പന്ത് ലക്ഷ്യത്തിലെത്തിക്കാനും ഹെഡറിലൂടെ ഗോളാക്കാനുമുള്ള അസാമാന്യ കഴിവ്. ഇടത് - വലതുകാല്‍ വ്യത്യാസമില്ലാതെ പവര്‍ഫുള്‍ ഷോട്ടുകള്‍. എതിരാളികളുടെ കാലിലേക്ക് പന്തടിച്ച് തിരിച്ചെടുക്കുന്ന ഒരു സവിശേഷ ശൈലിയും സ്വന്തം. മൂന്നു ലോകകപ്പ് കിരീടങ്ങള്‍ (1958, 62, 70) നേടിയ ഏകതാരം. 1958 ലെ ലോകകപ്പില്‍ തന്റെ 17-ാം വയസില്‍ സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക് നേടിയും ഫൈനലില്‍ സ്വീഡനെതിരേ രണ്ടു ഗോള്‍ നേടിയും ലോകത്തെ വിസ്മയിപ്പിച്ചു.
2026ലെ കരുത്തര്‍ ഇവർ
“ഫിഫ 2026 ലോകകപ്പിലെ കരുത്തരായ ടീമുകള്‍ ഫ്രാന്‍സ്, അര്‍ജന്റീന, സ്പെയിന് തുടങ്ങിയവരാണ്. എഴുതിത്തള്ളാനാവില്ലെങ്കിലും ബ്രസീലിന് അത്ര സാധ്യതയുണ്ടെന്ന് പറയാനാകില്ല. എങ്കിലും ബ്രസീലിനോടാണ് എനിക്ക് ഏറെയിഷ്ടം”- മഞ്ഞിലയുടെ വാക്കുകള്‍.
Tags : seve service football pele