തിരുവനന്തപുരം: പിഎസ്സിയിൽ അഞ്ച് അംഗങ്ങളുടെ ഒഴിവിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാവൂ എന്നും ഭീമമായ പെൻഷൻ ഘടന പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകി.
കഴിഞ്ഞ ഏഴു വർഷമായി എൽഡിഎഫ് പ്രതിനിധികളുടെ മാത്രം പൂർണ നിയന്ത്രണത്തിലുള്ള പബ്ലിക് സർവീസ് കമ്മീഷനിൽ യുഡിഎഫിന്റെ അഞ്ച് പ്രതിനിധികൾ കൂടി പുതുതായി നിയമിതരാകും.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്‍പ് രണ്ടുപേരെ പിഎസ്സി അംഗങ്ങളായി നിയമിക്കാൻ ശിപാർശ ചെയ്തെങ്കിലും സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ ഇത് അംഗീകരിച്ചില്ല.
ഗവർണറേക്കാൾ ശന്പളം പറ്റുന്ന പിഎസ്സി അംഗങ്ങളായി വിസിമാരുടേതിന് സമാനമായ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കുവാൻ പാടുള്ളൂവെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പിഎസ്സിയിലുണ്ടായ അഞ്ച് ഒഴിവുകളിൽ യുഡിഎഫിന് അവസരം ഒരുങ്ങുന്നുവെന്നു കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ മൂന്നെണ്ണം കോണ്‍ഗ്രസും രണ്ടെണ്ണം മുസ്ലിംലീഗും കേരള കോണ്‍ഗ്രസുമായി പങ്കിടാനാണു സാധ്യത.
Tags : PSC vacancies Petition highly qualified candidates