ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നപ്പോള്‍.
തൊടുപുഴ: ജില്ലയിലെ ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് കവറേജും മറ്റ് അനുബന്ധ സേവനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ അടിയന്തര അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ കണക്ടിവിറ്റി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചകള്‍ യോഗത്തിലുണ്ടായി.
വിവിധ വാര്‍ഡുകളില്‍ ബിഎസ്എന്‍എല്‍ ശൃംഖല നേരിടുന്ന തടസങ്ങളും പരാതികളും കണ്ടെത്തുന്നതിനൊപ്പം പുതിയ മൊബൈല്‍ ടവറുകള്‍ അടിയന്തരമായി സ്ഥാപിക്കേണ്ട പ്രദേശങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തദ്ദേശ പ്രതിനിധികളില്‍നിന്നു നേരിട്ട് ശേഖരിക്കും. ഇതിനായി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും എംപി നേരിട്ട് കത്തയയ്ക്കും. മുനിസിപ്പാലിറ്റികളില്‍ നെറ്റ്വര്‍ക്ക് കവറേജും ഫൈബര്‍ കണക്ടിവിറ്റിയും വര്‍ധിപ്പിക്കാനും ഗ്രാമപ്രദേശങ്ങളില്‍ ശൃംഖല കൂടുതല്‍ വ്യാപിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നെറ്റ്വര്‍ക്ക് കവറേജ് തീരെ ലഭ്യമല്ലാത്ത ഭൂമിശാസ്ത്രപരമായി ഏറെ ദുഷ്കരമായ ആദിവാസി, പിന്നാക്ക മേഖലകളിലെ കണക്ടിവിറ്റി പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും. ഇത്തരം പ്രദേശങ്ങളില്‍ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കും. ഇടമലക്കുടി, മൂന്നാര്‍, ദേവികുളം, മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധനകള്‍ നടത്തും. പ്രശ്നപരിഹാരത്തിനുള്ള വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമപ്പിക്കണമെന്ന് എംപി നിര്‍ദേശം നല്കി.
യുഎസ്ഒഎഫ് ഫണ്ടുപയോഗിച്ച് ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതി മുന്‍പ് ലഭിച്ചതും വനംവകുപ്പിന്റെയും തോട്ടങ്ങളുടെയും എന്‍ഒസി തുടങ്ങിയ വിവിധ അനുമതികള്‍ ലഭിക്കാത്തതുമൂലം മുടങ്ങിപ്പോയതുമായ എല്ലാ നിര്‍ദേശങ്ങളും പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍തലത്തില്‍ ഇടപെടും. പുതുതായി ടവറുകള്‍ അനുവദിക്കേണ്ട അപേക്ഷകള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും. മറ്റു കമ്പനികളുടെ ടവറുകള്‍ വാടക അടിസ്ഥാനത്തില്‍ ഉപയോഗിച്ച് ബിഎസ്എന്‍എലിന്റെ സേവനം വിപുലീകരിക്കുന്നതിനും നടപടിയെടുക്കും.
ബിഎസ്എന്‍എല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവത്കരിക്കുന്നതിന് വാര്‍ഡ്തല വാട്സാപ്പ് ഗ്രൂപ്പുകള്‍ പ്രയോജനപ്പെടുത്തും. വരാനിരിക്കുന്ന ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും ഉദ്യാഗസ്ഥര്‍ നേരിട്ടെത്തി പുതിയ പദ്ധതികളെയും പരാതി പരിഹാരങ്ങളെയും കുറിച്ച് വിശദീകരിക്കും. സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് ബിഎസ്എന്‍എലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്‍ഗണന നല്കി വാടകയ്ക്ക് ലഭ്യമാക്കുന്നതിന് നടപടി വേഗത്തിലാക്കുമെന്നും എംപി പറഞ്ഞു.
Tags : Local News Nattuvishesham BSNL service improved