കോട്ടയം: കാലിത്തീറ്റ വിലവര്ധന ക്ഷീരകര്ഷകന്റെ നടുവൊടിക്കുന്നു. കേരള ഫീഡ്സ് ഉള്പ്പടെയാണ് അടുത്തനാളില് വില കൂട്ടിയത്. 1, 574 രൂപയായിരുന്ന കേരള ഫീഡ്സ് ഡെയ്റി റിച്ച് പ്ലസ് കാലിത്തീറ്റയ്ക്ക് 70 രൂപയാണ് വര്ധിച്ചത്. 50 കിലോഗ്രാം പാക്കറ്റിന് 1, 644 ആയി. മേയില് 50 കിലോഗ്രാമിനു 1,455 രൂപയായിരുന്ന എലൈറ്റ് കാലിത്തീറ്റ 1,540 രൂപയായി ഉയര്ന്നു. മിടുക്കി കാലിത്തീറ്റയുടെ വില 1285ല്നിന്ന് 1,440 രൂപയായി.
വരുമാനത്തിന്റെ പകുതിയോളം കാലിത്തീറ്റയ്ക്ക് ചെലവഴിക്കേണ്ട അവസ്ഥയില് പല കൃഷിക്കാരും പശുവളര്ത്തൽ ഉപേക്ഷിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. കാലിത്തീറ്റ നിര്മാണത്തിനുപയോഗിക്കുന്ന ചോളം, സോയാബീന്, ഗോതമ്പ് തവിട് തുടങ്ങിയ അസംസ്കൃതവസ്തുക്കളുടെ വിലകൂടിയതാണ് ഇപ്പോഴത്തെ വിലവര്ധനയ്ക്കു കാരണമായി പറയപ്പെടുന്നത്.
അയല്സംസ്ഥാനങ്ങളില്നിന്നാണ് അസംസ്കൃത വസ്തുക്കള് എത്തുന്നത്. ഇ-20 പെട്രോളിനായുള്ള എഥനോള് ഉത്പാദനത്തിനു ചോളവും സോയാബീനും വന്തോതില് ഉപയോഗിക്കുന്നതുമൂലം കാലിത്തീറ്റ നിര്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാന് കാരണം. കാലിത്തീറ്റയ്ക്ക് പുറമെ തീറ്റപ്പുല്ല്, ചോളത്തണ്ട്, വൈക്കോല്, കടലപ്പിണ്ണാക്ക്, കൊപ്രപ്പിണ്ണാക്ക് എന്നിവയുടെ വില കൂടിയതിനു പിന്നാലെയാണ് പാക്കറ്റിലുള്ള കാലിത്തീറ്റവിലയും ഉയര്ന്നത്. വിലക്കയറ്റം തടയാന് സര്ക്കാര് ഒന്നും ചെയ്യാത്തത് വലിയ വിമര്ശനത്തിനിടയാക്കുന്നുണ്ട്. 15 ലിറ്റര് കറവയുള്ള പശുവിന് ദിവസം ആറു കിലോഗ്രാം കാലിത്തീറ്റ നല്കാന് 180 രൂപയോളം ചെലവാകും. സബ്സിഡി നിരക്കില് കാലിത്തീറ്റ ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പാലുത്പാദനം കുറഞ്ഞതിനാല് തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനം.
Tags : NattuVishesham.DistricteNews