പൂജാ അവധി ആരംഭിച്ചതോടെ വാഗമൺ മൊട്ടക്കുന്നിൽ അനുഭവപ്പെട്ട തിരക്ക്.
ഉപ്പുതറ: വാഗമൺ മൊട്ടക്കുന്നിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി സഞ്ചാരികളുടെ തിരക്ക് വർധിച്ചു. സാധാരണ ദിവസങ്ങളിൽ ആയിരത്തിനു മുകളിലും അവധിദിവസങ്ങളിൽ 5,000ത്തിന് മുകളിലുമാണ് സഞ്ചാരികൾ എത്തുന്നത്. പ്രകൃതിസൗന്ദര്യം ആവോളമുണ്ടങ്കിലും അടിസ്ഥാന സൗകര്യമില്ലാത്തത് സഞ്ചാരികളെ വലയ്ക്കുന്നുണ്ട്.
പൂജാ അവധി ആരംഭിച്ചപ്പോൾതന്നെ വാഗമണ്ണിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. മൊട്ടക്കുന്നുകളുടെ മനോഹാരിത ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും പട്ടം പറത്താനുമായി നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. ഡിടിപിസി മൊട്ടക്കുന്നിലേക്ക് പ്രവേശന ഫീസായി മുതിർന്നവരിൽനിന്ന് 25 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് ഈടാക്കി വരുന്നത്.
ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളും ആയിരക്കണക്കിന് വാഹനങ്ങളുമെത്തുന്ന ഇവിടെ പാർക്ക് ചെയ്യാനുള്ള യാതൊരു അടിസ്ഥാനസൗകര്യങ്ങളും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഒരുക്കിയിട്ടില്ല.
Tags : NattuVishesham.DistricteNews