വീയപുരം ജില്ലാ പഞ്ചായത്ത് വിത്തുത്പാദന കേന്ദ്രത്തിൽ ആധുനിക കുബോട്ട നടീൽ യന്ത്രം ഉപയോഗിച്ചുള്ള ഞാറുനടീൽ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ
ഹരിപ്പാട്: ആധുനിക കുബോട്ട ഫ്ലോട്ടിംഗ് യന്ത്രത്തിന്റെ കരുത്തിൽ വീയപുരം കൃഷിഫാമിൽ യന്ത്രവത്കൃത ഞാറുനടീലിന് തുടക്കമായി. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിത്തുത്പാദന കേന്ദ്രത്തിലെ 50 ഏക്കർ പാടശേഖരത്തിൽ മൂന്നു ദിവസം കൊണ്ട് ഞാറുനടീൽ പൂർത്തിയാക്കും. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഞാറുനടീൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ നിർവഹിച്ചു. ഫാമിൽ വർഷത്തിൽ ഒറ്റത്തവണ മാത്രം കൃഷിയിറക്കുന്ന പരമ്പരാഗത രീതി മാറ്റി, രണ്ട് സീസണുകളിലായി കൃഷി വ്യാപിപ്പിച്ച് ഉത്പാദനം ഇരട്ടിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനായുള്ള സമഗ്ര പദ്ധതിരേഖ ഫാം കൗൺസിൽ ചേർന്ന് ഉടൻ സമർപിക്കാൻ ഡിവിഷൻ മെംബർ ജോൺ തോമസിനെ ചുമതലപ്പെടുത്തി.
പ്രതിവർഷം 25 ലക്ഷത്തിലധികം രൂപ വരുമാനമായി ജില്ലാ പഞ്ചായത്തിലേക്ക് നൽകുന്ന മാതൃകാ സ്ഥാപനമാണിത്.
കൃഷിഭൂമി സംരക്ഷിക്കുന്നതിനായി പാടശേഖരങ്ങളുടെ പുറംബണ്ടുകളുടെ നിർമാണം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് മികച്ച ഉപജീവന മാർഗം ഒരുക്കുന്ന കേന്ദ്രത്തിൽ മികച്ചയിനം നെൽവിത്തുകൾക്ക് പുറമെ വിവിധയിനം പച്ചക്കറികളും കൃഷി ചെയ്തുവരുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് വ്യക്തമാക്കി.
വീയപുരം പഞ്ചായത്ത് പ്രസിഡന്റ് കുമാരി ഓമന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ സന്ധ്യാ ബെന്നി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അംബുജാക്ഷി ടീച്ചർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജ്യോതി പ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻ കുമാർ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews