മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡ്.
മാന്നാർ: കാൽ നൂറ്റാണ്ടിലേറെയായി ഒരു റോഡിനായുള്ള നാട്ടുകാരുടെ മുറവിളി ഇനിയും അവസാനിക്കുന്നില്ല. മൂർത്തിട്ട- മുക്കാത്താരി ബണ്ട് റോഡ് നിർമാണത്തിനായിട്ടാണ് ഒരു നാട് ഒന്നാകെ വർഷങ്ങളായി ആവശ്യമുയർത്തുന്നത്.
സമരപരമ്പരകളെയും നിവേദനങ്ങളെയും തുടർന്ന് 10 വർഷം മുമ്പ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സർക്കാർ തല നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പണിതിട്ടും പണിതിട്ടും പണിതീരാത്ത റോഡായി ഇത് മാറുകയാണ്. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ഒന്ന്, രണ്ട് , മൂന്ന്, നാല് വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണ് പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട്.
മാന്നാർ-വളക്കാലി റോഡിന് സമാന്തരമായി പോകുന്ന റോഡാണിത്. കാർഷിക മേഖലയ്ക്ക് ഏറെ ഗുണകരമാകുന്ന ഈ റോഡ് നിർമാണം തുടങ്ങിയപ്പോൾ ഒരു പ്രദേശത്തിന്റെ യാത്രാ ദുരിതത്തിന് പരിഹാരമാകുകയായിരുന്നു. മുൻ മന്ത്രി സജി ചെറിയാൻ മുൻകൈയെടുത്താണ് റോഡ് നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിച്ചത്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 19.23കോടി രൂപയാണ് ഈ റോഡിന്റെ നിർമാണത്തിനായി അനുവദിച്ചത്. കുറെ പണികൾ ചെയ്ത ശേഷം ആദ്യം കരാർ ഏറ്റെടുത്ത കമ്പനി കൈയൊഴിഞ്ഞതിനെത്തുടർന്ന് നിർമാണം അനിശ്ചിതത്വത്തിലായി. തുടർന്ന് മൂർത്തിട്ട-മുക്കാത്താരി റോഡിന്റെ നിർമാണത്തിനായി പുതിയ കരാറുകൾ നൽകി.
കരാർ പിന്നീട് ഏറ്റെടുത്തത് ഊരാളുങ്കൽ സൊസൈറ്റിയാണ്. 4.5 കിലോമീറ്ററുള്ള മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡ് വീതി കൂട്ടി ഇരുവശവും സംരക്ഷണ ഭിത്തികെട്ടി കോൺക്രീറ്റ് ചെയ്യുവാനാണ് കരാർ. വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടും പുതിയ കരാറുകാർ നിർമാണം തുടങ്ങി.
എന്നാൽ വിവിധ കാരണങ്ങളാൽ മാന്നാർ പാവുക്കര മൂർത്തിട്ട- മുക്കാത്താരി ബണ്ട് റോഡിന്റെ പുനർ നിർമ്മാണം മാസങ്ങളായി നിലച്ച് കിടക്കുകയായിരുന്നു. ഇതിനെ തുടർന്ന് നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രതിനിധികൾ
സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും നിലച്ച് കിടന്ന സംരക്ഷണ ഭിത്തി നിർമാണത്തിന് നടപടി കൈക്കൊള്ളുകയുമായിരുന്നു.നിർമാണത്തിന്റെ ഭാഗമായി ബണ്ട് റോഡിന്റെ വശങ്ങളിൽ സംരക്ഷണഭിത്തി കെട്ടുന്ന പണികളാണ് ആദ്യഘട്ടമായി മൂർത്തിട്ട ഭാഗത്ത് നിന്നും ആരംഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പ്രാരംഭ പ്രവർത്തനങ്ങളോടെ തുടങ്ങിയ പുനർനിർമാണം മെയ് മാസത്തോടെയാണ് വീണ്ടും നിലച്ചത്.
പലതവണ ആരംഭിക്കുകയും ഇടയ്ക്കിടെ നിർത്തിവക്കുകയും ചെയ്ത് ഈ റോഡിന്റെ നിർമാണം നീളുന്നത് നാട്ടുകാരിൽ പ്രിഷേധമുയർത്തി.
നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോകുന്നതിനെതിരേ വീണ്ടും നാട്ടുകാരുടെ പ്രതിഷേധം ഉയർന്നപ്പോൾ നിർത്തിവച്ചിരുന്ന നിർമാണം കഴിഞ്ഞ ദിവസം വീണ്ടും ആരംഭിച്ചു.
Tags : NattuVishesham.DistricteNews