ഹരിപ്പാട്: കെഎസ്ആർടിസി ഡിപ്പോ കവാടത്തിലെ അശാസ്ത്രീയതയും സുരക്ഷാവീഴ്ചകളും ചൂണ്ടിക്കാട്ടി ദീപിക നൽകിയ വാർത്തകൾക്ക് പിന്നാലെ അടിയന്തര മന്ത്രിതല ഇടപെടൽ. കവാടത്തിലെ അപകടസാധ്യതകൾ ഒഴിവാക്കാനും ഡിപ്പോയുടെ സമഗ്ര വികസനത്തിനുമായി ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ നിർണായക തീരുമാനങ്ങളായി.
ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കേണ്ട പാതയിലൂടെത്തന്നെ പുറത്തേക്കും ഇറങ്ങുന്നതാണ് ഡിപ്പോ കവാടത്തിൽ വലിയ അപകടഭീഷണിയാകുന്നത്. ഇടുങ്ങിയ പ്രവേശന വഴിയിലൂടെ ബസുകൾ പുറത്തിറങ്ങുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും കടുത്ത അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനായ യുവാവ് സ്റ്റാൻഡിലേക്ക് കയറേണ്ട വഴിയിലൂടെ പുറത്തേക്ക് വന്ന ബസിനടിയിൽപ്പെട്ട് ദാരുണമായി മരണപ്പെട്ടിരുന്നു. ഇവിടുത്തെ ഗുരുതരമായ സുരക്ഷാവീഴ്ചകളും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഈ അപകടാവസ്ഥ നേരിൽക്കണ്ട് ശാശ്വത പരിഹാരം കാണുന്നതിനായി ഈ മാസം 23ന് രാവിലെ കെഎസ്ആർടിസിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തും. കൂടാതെ, ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അന്ന് രാവിലെ 10.30ന് കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറിന്റ് നേതൃത്വത്തിലുള്ള സംഘവും ഡിപ്പോ സന്ദർശിക്കും.
ദേശീയപാതയോരത്ത് ആളുകളെ കയറ്റിയിറക്കുന്നത് ഒഴിവാക്കാൻ മിന്നൽ ഒഴികെയുള്ള എല്ലാ കെഎസ്ആർടിസി ബസുകളും നിർബന്ധമായും ഡിപ്പോയ്ക്കുള്ളിൽ പ്രവേശിക്കണമെന്ന് കർശന നിർദേശം നൽകി.ഡിപ്പോയ്ക്ക് പ്രത്യേക ബജറ്റ് ടൂറിസം ലിവറി ബസ് അനുവദിക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കാനും പാസഞ്ചേഴ്സ് ഫോറം തയാറാക്കിയ സമഗ്ര വികസന രേഖ നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി.
തീർഥാടകർക്കായി തൃക്കുന്നപ്പുഴ, മുതുകുളം, വീയപുരം വഴിയുള്ള മൂന്നു പുതിയ പമ്പ സർവീസുകൾ ഉടൻ ആരംഭിക്കും. മുതുകുളം-വെട്ടത്ത്കടവ് വഴി ഉൾപ്പെടെയുള്ള പുതിയ റൂറൽ സർവീസുകൾ, നെടുമ്പാശേരി, പളനി, മൈസൂർ, മൂകാംബിക, തെങ്കാശി, കമ്പം റൂട്ടുകളും കൊച്ചുവേളി–ആർസിസി കണക്റ്റിവിറ്റി സർവീസും ഉടൻ പരിഗണിക്കും. കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, പാസഞ്ചേഴ്സ് ഫോറം പ്രസിഡന്റ് വി. ഷുക്കൂർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Tags : NattuVishesham.DistricteNews