കേരളത്തിന്റെ ഏറ്റവും വലിയ ദിവ്യസന്പത്ത് വിദ്യാഭ്യാസംതന്നെയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് കഴിഞ്ഞകാലങ്ങളിലൊക്കെ വിദ്യാഭ്യാസത്തിന്റെ സാധ്യതകളിലും നിലവാരത്തിലും ഒന്നാംസ്ഥാനത്തു വിലയിരുത്തപ്പെട്ടിരുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ തുടർച്ചയായിട്ടാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലും കേരളത്തിന് അനന്യമായ സംഭാവനകൾ സമർപ്പിക്കാൻ സാധിച്ചിട്ടുള്ളത്. കഴിഞ്ഞകാലങ്ങളിൽ കേരളത്തിൽനിന്നു പാസായി പോയിട്ടുള്ള വിദ്യാർഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യയുടെ ഫലപ്രദമായ സാന്നിധ്യത്തെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
സാധാരണ വിദ്യാലയങ്ങളിൽ പഠിച്ച് ഉന്നതവിദ്യാഭ്യാസത്തിന്റെ ഉയർന്ന നിലകളിൽ തങ്ങളുടെ പ്രതിഭയെ തെളിയിച്ചിട്ടുള്ളവരായിരുന്നു കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകാലം ഇന്ത്യയുടെ ദേശീയതലങ്ങളിൽപ്പോലും അവരുടെ നേതൃത്വത്തെ തെളിയിച്ചിട്ടുള്ളത്. പുതിയ സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇടക്കാലത്തു നിർഭാഗ്യവശാൽ കേരളത്തിനു നഷ്ടപ്പെട്ടുപോയ ഉന്നതവിദ്യാഭ്യാസത്തിന്റെ വികസനസാധ്യതകളാണ്. മുൻ സർക്കാരിന്റെ കാലത്ത് മുൻവിധികളോടെ വിദ്യാഭ്യാസരംഗത്തെ കൈകാര്യം ചെയ്തതിന്റെ പ്രത്യാഘാതമായിട്ടാണ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന വിശ്വാസ്യതപോലും നഷ്ടപ്പെടാൻ ഇടയായത്.
ലോകത്തു സംഭവിക്കുന്ന ഗുണകരമായ മാറ്റങ്ങളോടുപോലും പ്രത്യയശാസ്ത്ര പ്രതിബന്ധങ്ങളുടെ തടസമുന്നയിച്ച് മുഖംതിരിച്ചു നിന്നതിന്റെ പ്രത്യാഘാതമായിട്ടാണ് കഴിഞ്ഞ ഒരു ദശവർഷക്കാലം കേരളം ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽനിന്നു പിന്നാക്കം പോകാൻ ഇടവന്നത്.
ലോകമെന്പാടും വന്ന മാറ്റങ്ങൾ കേരളത്തെ സ്പർശിക്കാതെ പോയി എന്നതിനെക്കാൾ കേരളത്തെ സ്പർശിക്കാതിരിക്കാനുള്ള കരുതലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഉന്നതവിദ്യാഭ്യാസരംഗത്ത് ലോകമാകെ വന്ന മാറ്റങ്ങളെ പാർശ്വവത്കരിക്കാനും ഇടയാക്കിയെന്നത് അനിഷേധ്യമായ ഒരു യാഥാർഥ്യമാണ്. സ്വകാര്യസർവകലാശാലകളുടെ ഉദാഹരണം മാത്രമെടുത്താൽ ഈ സത്യം നമുക്കു തിരിച്ചറിയാനാകും.
ഇന്ത്യയിലെ സർവസംസ്ഥാനങ്ങളിലും (ബംഗാളിലും ത്രിപുരയിലും ഉൾപ്പെടെ) സ്വകാര്യ സർവകലാശാലകൾക്ക് വാതിലുകൾ തുറന്നുകൊടുക്കപ്പെട്ടപ്പോഴാണു കേരള സർക്കാർ സ്വകാര്യ സർവകലാശാലകൾ എന്ന ആശയത്തോടുതന്നെ യുദ്ധം പ്രഖ്യാപിച്ചത്. ഒരു മുൻ സർക്കാരിന്റെ കാലത്ത് ഉന്നതവിദ്യാഭ്യാസം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളോട് ഒപ്പം നിൽക്കാൻ വേണ്ടി അന്നത്തെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ഡോ. ടി.പി. ശ്രീനിവാസന്റെ നേതൃത്വത്തിൽ വളരെ ഗൗരവമായ ഒരു ശ്രമം നടത്തുകയുണ്ടായി.
സ്വകാര്യ സർവകലാശാലകളുടെ സാധ്യതകൾ കേരളത്തിൽ സൃഷ്ടിച്ചേക്കാവുന്ന ആഗോളനിലവാരത്തിന്റെ സാന്നിധ്യം മുന്നിൽ കണ്ടുകൊണ്ടാണ് അന്നത്തെ സർക്കാർ അക്കാര്യത്തിൽ മുന്നോട്ടുപോയത്. പിന്നീടു വന്ന പത്തുവർഷക്കാലവും സ്വകാര്യസർവകലാശാലകൾ എന്ന സംവിധാനത്തിന്റെ വലിയ സാധ്യതകളെ നിലവറയിൽ വച്ചു പൂട്ടിക്കൊണ്ടാണ് ഉന്നതവിദ്യാഭ്യാസ മേഖലയെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വന്ധീകരിച്ചു നിശ്ചലമാക്കിയത്.
പുതിയ സർക്കാർ സ്വാഭാവികമായും ആദ്യമായി ഇപ്പോൾ ചെയ്യേണ്ടത് കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ തികച്ചും നിഷേധാത്മകമായ നിലപാടുകൾ മൂലം കേരളത്തിനു നഷ്ടപ്പെട്ടുപോയ ഉന്നതവിദ്യാഭ്യാസ വികസനസാധ്യതകളെ വീണ്ടെടുക്കുക എന്നതാണ്. ഉറച്ച നിലപാടുകളും സർക്കാരിനു നേതൃത്വം നൽകുന്നവരുടെ രാഷ്ട്രീയ ഇച്ഛാശക്തിയുമാണ് ഉന്നതവിദ്യാഭ്യാസമേഖലയിൽ നാം നഷ്ടപ്പെടുത്തിയ സാധ്യതകളെ മുഴുവൻ തിരികെപ്പിടിക്കാൻ സഹായിക്കേണ്ടത്.