ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: പൗരസ്ത്യ ക്രൈസ്തവസമൂഹങ്ങൾക്ക് മാനുഷികവും അജപാലനപരവുമായ സഹായങ്ങൾ നൽകുന്ന "കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷന്റെ’ (സിഎൻഇഡബ്ല്യുഎ ) പ്രവർത്തനങ്ങളെ ലെയോ പതിനാലാമൻ മാർപാപ്പ പ്രശംസിച്ചു.
പൗരസ്ത്യമക്കളോടുള്ള ആഗോളസഭയുടെ സാമീപ്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സ്നേഹപൂർവമായ കരുതലിന്റെയും വ്യക്തമായ അടയാളമാണു സംഘടനയുടെ പ്രവർത്തനങ്ങളെന്ന് വത്തിക്കാനിൽ സംഘടനാ പ്രതിനിധികളെ സ്വീകരിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു.
നൂറു വർഷം മുന്പ് പീയൂസ് പതിനൊന്നാമൻ മാർപാപ്പ സ്ഥാപിച്ച സിഎൻഇഡബ്ല്യുഎ മിഡിൽ ഈസ്റ്റ്, വടക്കുകിഴക്കൻ ആഫ്രിക്ക, ഇന്ത്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ ജനങ്ങൾക്കും പൗരസ്ത്യ കത്തോലിക്കാസഭകൾക്കും മാനുഷികവും അജപാലനപരവുമായ പിന്തുണ നൽകുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ്.
ദാരിദ്ര്യം, സംഘർഷങ്ങൾ, പലായനം, മറ്റു ദുരിതങ്ങൾ എന്നിവ നേരിടുന്ന നിരവധി സമൂഹങ്ങൾക്ക് സംഘടന നൽകിവരുന്ന തുടർച്ചയായ സഹായങ്ങൾക്ക് മാർപാപ്പ നന്ദി രേഖപ്പെടുത്തി.
സ്ഥാപിതമായ കാലം മുതൽ പൗരസ്ത്യ സഭകളെ സേവിക്കുക എന്നതായിരുന്നു സംഘടനയുടെ ദൗത്യമെന്ന് മാർപാപ്പ അനുസ്മരിച്ചു. വടക്കേ അമേരിക്കയിലെയും പൗരസ്ത്യദേശങ്ങളിലെയും ക്രൈസ്തവസമൂഹങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെ പ്രധാന ഉപകരണമായാണ് അദ്ദേഹം സിഎൻഇഡബ്ല്യുഎയെ വിശേഷിപ്പിച്ചത്. ""വിസ്മരിക്കപ്പെട്ടവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയി തോന്നാവുന്ന എണ്ണമറ്റ ആളുകൾക്ക് നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആഗോളസഭയുടെ സാമീപ്യം അനുഭവവേദ്യമാകുന്നു’’-മാർപാപ്പ വ്യക്തമാക്കി.
മതപരമായ വേർതിരിവുകളില്ലാതെ ആവശ്യക്കാരായ എല്ലാവർക്കും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, അവശ്യവസ്തുക്കൾ, അഭയാർഥികൾക്കുള്ള അടിയന്തര സഹായം എന്നിവ സംഘടന നൽകുന്നുണ്ട്. കൂടാതെ, മെത്രാന്മാരെയും വൈദികരെയും പിന്തുണയ്ക്കുന്നതിനൊപ്പം സ്ത്രീകളെയും പുരുഷന്മാരെയും നേതൃത്വത്തിനായി സജ്ജരാക്കുകയും ചെയ്യുന്നു.
സമൂഹങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം സഭകളുടെ ജീവിതവും ദൗത്യവും കെട്ടിപ്പടുക്കാൻ സിഎൻഇഡബ്ല്യുഎ സഹായിക്കുന്നുണ്ടെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
Tags : Pope Leo VIX Eastern Christians embraced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash