District News
ഇരിങ്ങാലക്കുട: ക്രൈസ്തവ വിശ്വാസം എന്താണെന്ന് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ അതു സ്നേഹമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്. പരിപൂർണതയേക്കാൾ സഹാനുഭൂതിയും അനുകന്പയും ആയിരിക്കണം ക്രൈസ്തവന്റെ സവിശേഷതയെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട രൂപതയുടെ കുടുംബവർഷത്തിന്റെയും സാമുദായിക ശാക്തീകരണത്തിന്റെയും ഭാഗമായി നടത്തിയ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ മഹാസംഗമം ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങൾ കണ്ടുമുട്ടലിന്റെ വേദിയാകണം. വ്യക്തി എന്ന രീതിയിൽ ഒറ്റപ്പെട്ടു പോകരുത്. കുടുംബബന്ധങ്ങളിൽ സ്നേഹം നഷ്ടപ്പെടുന്നു; അതിലൂടെ വിശ്വാസത്തിന്റെ ആഴവും. അതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം.
സ്നേഹബന്ധം ഉൗഷ്മളമാക്കാൻ ലെയോ മാർപാപ്പ "സ്നേഹത്തിന്റെ സന്തോഷം' എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പറയുന്ന മൂന്നുകാര്യങ്ങൾ പറയാൻ ശീലിച്ചാൽ നമുക്കു സാധിക്കും. സോറി, താങ്ക് യു, പ്ലീസ് എന്നീ മൂന്നു വാക്കുകളാണ് അവ.
ഇന്നു കൗമാരക്കാരും യുവാക്കളും വലിയൊരു പങ്ക് രാസലഹരിയുടെ പിടിയിലാണ്. ഓപ്പറേഷൻ തൂഫാൻ പോലുള്ള പദ്ധതികളിലൂടെ സംസ്ഥാന സർക്കാർ വലിയൊരു ദൗത്യത്തിനു നാന്ദികുറിച്ചിരിക്കുകയാണ്. അതിന് ഏവരുടെയും പിന്തുണ അനിവാര്യമാണ്. അണു കുടുംബങ്ങളായതോടെ കുട്ടികൾ നിരവധി മാനസിക വെല്ലുവിളികളും ഇപ്പോൾ നേരിടുന്നുണ്ട്. കുടുംബമാണ് കുട്ടിയുടെ പ്രഥമ പാഠശാല. കുടുംബങ്ങൾക്ക് തിരുത്തൽശക്തിയായി മാറാൻ കഴിയണം.
സ്വന്തം മതത്തിന്റെ അന്തസത്ത കൃത്യമായി ആഴത്തിൽ ബോധ്യപ്പെടാത്ത അംഗങ്ങളാണ് ആ മതത്തിന്റെ ഏറ്റവും വലിയ ശത്രു. അതു ഹിന്ദുവായാലും ക്രിസ് ത്യാനിയായാലും മുസൽമാനായാലും. ഹിന്ദുമതത്തിന്റെ സത്ത മനസിലാക്കിയതിനാലാണു ഗാന്ധിജി പറഞ്ഞത് ഞാൻ ഒരു യഥാർഥ ഹിന്ദുവായതിനാൽ ഞാൻ യഥാർഥ ക്രിസ്ത്യാനിയെയും മുസ്ലീമിനെയും ബഹുമാനിക്കുന്നു, അംഗീകരിക്കുന്നു, സ്നേഹിക്കുന്നു. ഈയൊരു തിരിച്ചറിവ് ഭാരതജനതയുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടാൽ ഇവിടെ മതസൗഹാർദവും സാഹോദര്യവും വളരും. വിശ്വാസം പ്രകാശിതമാകും- മന്ത്രി കൂട്ടിച്ചേർത്തു.
മാർപാപ്പ ആഹ്വാനം ചെയ്യുന്നതുപോലെ സ്വത്വബോധം വളർത്തിയെടുക്കാൻ ക്രൈ സ്തവരായ നമുക്കു കഴിയ ണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂ ക്കാടൻ തന്റെ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
നാം തിന്മകൾക്കു കീഴ്പ്പെടരുത്. വിവര സാങ്കേതികതയും ആർട്ടിഫിഷൽ ഇന്റലിജൻസും നമ്മുടെ ചിന്താശേഷിയേയും സർഗശേഷിയേയും അടിമപ്പെടുത്തരുത്. നാം ദൈവമക്കളാണെന്ന അടിസ്ഥാനബോധ്യം വിസ്മരിക്കരുത്.
ബാബേൽ ഗോപുരം പണിതതോടെയാണ് ഇസ്രയേൽജനം ചിതറിക്കപ്പെട്ടത്. അഹങ്കാരവും ദൈവത്തെ മറന്നുള്ള പ്രവൃത്തികളും നമ്മെ ചിതറിക്കും. എളിമയുള്ളിടത്തേ ദൈവാനുഗ്രഹത്തിന്റെ നിറസമൃദ്ധിയുണ്ടാകൂ- ബിഷപ് പറഞ്ഞു.
വികാരി ജനറാള്മാരായ മോണ്. ജോസ് മാളിയേക്കല്, മോണ്. വില്സണ് ഈരത്തറ, മോണ്. ആന്റു ആലപ്പാടന്, കത്തീഡ്രല് വികാരി റവ.ഡോ. ലാസര് കുറ്റിക്കാടന്, രൂപത കുടുംബകൂട്ടായ്മ ഡയറക്ടര് ഫാ. ഫ്രീജോ പാറയ്ക്കല്, രൂപത കുടുംബകൂട്ടായ്മ പ്രസിഡന്റ്് ജിക്സണ് നട്ടേക്കാടന്, കത്തീഡല് കേന്ദ്രസമിതി പ്രസിഡന്റ്് ജോബി അക്കരക്കാരന് എന്നിവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒരു വർഷം ജനനങ്ങളേക്കാൾ കൂടുതൽ മരണം രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ വിലയിരുത്തുമ്പോഴാണ് ഈ ആശങ്കാജനകമായ വിവരം പുറത്തുവരുന്നത്. കുറഞ്ഞു വന്ന ജനനനിരക്കിന്റെ ഫലമായി ഈ രണ്ടു വിഭാഗങ്ങളുടെയും സ്വാഭാവിക വളർച്ച നിരക്ക് (Natural Growth Rate - NGR) നെഗറ്റീവ് രേഖപ്പെടുത്തി.
കഴിഞ്ഞ പത്തു വർഷത്തെ ഒൗദ്യോഗിക വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിലെ മരണ നിരക്കിനേക്കാൾ കുറഞ്ഞ ജനന നിരക്കാണ് രേഖപ്പെടുത്തുന്നതെന്നു കാണാം. അതേസമയം, കേരളത്തിലെ മൊത്തത്തിലുള്ള സ്വഭാവിക വളർച്ച നിരക്ക് പോസിറ്റീവ് ആയി തുടരുന്നുണ്ട്. അതിനു കാരണം മുസ്ലിം വിഭാഗത്തിൽ മരണങ്ങളേക്കാൾ കൂടുതൽ ജനനങ്ങൾ ഉണ്ടാകുന്നതുകൊണ്ടു മാത്രമാണ്.
ധനകാര്യ-സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ (Economics and Statistics Department) 2014 മുതൽ 2023 വരെയുള്ള വാർഷിക 'വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ്' റിപ്പോർട്ടുകളെ കണക്കിലെടുത്താണ് ഈ ജനന-മരണ കണക്കുകൾ തയാറാക്കിയിരിക്കുന്നത്. 2023ലെ കണക്കാണ് ഏറ്റവും ഒടുവിലായി ലഭ്യമായിട്ടുള്ളത്. ഇതു പ്രകാരം കേരളത്തിന്റെ ആകെ സ്വാഭാവിക വളർച്ചാ നിരക്ക് (ഓരോ 100 പേരിലും ജനനവും മരണവും തമ്മിലുള്ള വ്യത്യാസം) 0.249% ആയിരുന്നു.
ഇതിൽ ഹിന്ദുക്കളുടെ വളർച്ചാ നിരക്ക് -0.115ശതമാനവും ക്രിസ്ത്യാനികളുടേത് -0.084 ശതമാനവുമാണ്. ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങൾ നേരിടുന്നത് ഗൗരവതരമായ പ്രശ്നമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു വിഭാഗത്തിന്റെ സ്വഭാവിക വളർച്ചാനിരക്ക് നെഗറ്റീവ് ആയാൽ അതിന്റെ അർഥം ആ സമൂഹത്തിന് ജനസംഖ്യ നിലനിർത്താൻ കഴിയുന്നില്ല എന്നാണ്.
ഹിന്ദു വിഭാഗത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് വളർച്ചാ നിരക്ക് നെഗറ്റീവ് ആകുന്നത്. 2022ലാണ് ആദ്യമായി നെഗറ്റീവ് രേഖപ്പെടുത്തിയത്, -0.080% ശതമാനം. 2023 ആയപ്പോഴേക്കും -0.115% ആയി കൂടുതൽ കുറഞ്ഞു. ക്രിസ്ത്യൻ വിഭാഗത്തിൽ 2021 മുതൽതന്നെ നിരക്ക് നെഗറ്റീവ് ആണ് (-0.095 ശതമാനം. 2023ൽ ഇത് -0.084 ശതമാനം ആയിട്ടുണ്ട്.
ഈ വിഭാഗങ്ങളിലെ ജനസംഖ്യാ ഇടിവ് പതിറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഉയർന്ന തട്ടിലുള്ള (upper-class) ജനവിഭാഗങ്ങളിൽ ആരംഭിച്ചിരുന്നതായും ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ കേരള യൂണിവേഴ്സിറ്റിയിലെ അസി. പ്രഫസർ ഡോ. അനിൽ ചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
International
വത്തിക്കാൻ സിറ്റി: അനുകന്പയും സഹാനുഭൂതിയും ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള ക്രിസ്ത്യൻ-മുസ്ലിം സൗഹൃദത്തിന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
വത്തിക്കാനിലെ മതാന്തര സൗഹാർദത്തിനുള്ള കാര്യാലയവും ജോർദാനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഫെയ്ത്ത് സ്റ്റഡീസും തമ്മിലുള്ള എട്ടാമത് സംവാദ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
‘ആധുനികകാലത്തെ മാനുഷിക അനുകമ്പയും സഹാനുഭൂതിയും’ എന്ന പ്രമേയം മുൻനിർത്തിയായിരുന്നു സംവാദ പരിപാടി. സംവാദത്തിനായി തെരഞ്ഞെടുത്ത പ്രമേയം ഏറെ കാലോചിതമാണെന്നും ഇതു പാർശ്വവത്കരിക്കപ്പെട്ട വികാരങ്ങളല്ല; മറിച്ച്, ഇരു മതപാരമ്പര്യങ്ങളുടെയും അനിവാര്യമായ മനോഭാവങ്ങളും യഥാർഥ മനുഷ്യജീവിതം നയിക്കാനുള്ള കാഴ്ചപ്പാടുകളുമാണെന്നും മാർപാപ്പ പറഞ്ഞു.
മനുഷ്യന്റെ അനുകമ്പയും സഹാനുഭൂതിയും ദൈനംദിന ജീവിതത്തിൽ ദൈവത്തിന്റെ നന്മയെ പ്രതിഫലിപ്പിക്കാനുള്ള ആഹ്വാനമാണെന്നു പറഞ്ഞ മാർപാപ്പ, ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പ്രത്യേക ശ്രദ്ധയും സഹായവും അർഹിക്കുന്നുവെന്ന ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ വാക്കുകളും ഉദ്ധരിച്ചു.
അനുകമ്പയും സഹാനുഭൂതിയും ഇന്ന് സമൂഹത്തിൽ അന്യംനിന്നു പോകുന്നു. സാങ്കേതിക മുന്നേറ്റങ്ങൾ ബന്ധങ്ങളെ അടുപ്പിച്ചുവെങ്കിലും നിസംഗതയിലേക്ക് നമ്മെ തള്ളിവിടുകയാണ്. ഇത് ഗുരുതരമായ ആത്മീയ വെല്ലുവിളികളിലൊന്നാണ്. അതിനാൽ, തണുത്തുറഞ്ഞ മാനവികതയെ പുനരുജ്ജീവിപ്പിക്കുക, കഷ്ടപ്പെടുന്നവർക്ക് ശബ്ദം നൽകുക, നിസംഗതയെ ഐക്യദാർഢ്യമാക്കി മാറ്റുക എന്നീ ഉത്തരവാദിത്വങ്ങൾ ക്രൈസ്തവ-ഇസ്ലാം മതങ്ങൾ ഒരുമിച്ച് ഏറ്റെടുക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
അഭയാർഥികളെ സ്വാഗതം ചെയ്യുന്നതിലും പ്രയാസകരമായ സാഹചര്യങ്ങളിൽ ആവശ്യമുള്ളവരെ സഹായിക്കുന്നതിലും ജോർദാൻ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങളെയും മാർപാപ്പ അനുസ്മരിച്ചു.
ചടങ്ങിൽ വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടും പങ്കെടുത്തു.
Kerala
കോട്ടയം: ക്രൈസ്തവ വിദ്യാർഥികളിൽ രാജ്യസ്നേഹം വളർത്തി, രാഷ്ട്രനിർമിതിയിൽ പങ്കുചേർക്കുന്ന അനിവാര്യമായ പരിശീലന പരിപാടിയാണ് പ്രോജക്ട് ജെംസ് എന്ന് ജസ്റ്റീസ് ജെ.ബി. കോശി.
സ്വന്തം കഴിവുകൾക്കനുസരിച്ച് ഉചിതമായ തൊഴിൽസാധ്യതകൾ തിരിച്ചറിഞ്ഞ് കൃത്യമായ പരിശീലനത്തിലൂടെ ഓരോരുത്തർക്കും കഴിയുന്ന സർക്കാർ ജോലികളും മറ്റ് ഉദ്യോഗങ്ങളും നേടി, സമൂഹത്തിലെ എല്ലാവർക്കും നീതി വിതരണം ചെയ്യാൻ ഇന്നത്തെ തലമുറയെ ഒരുക്കുന്ന പ്രോജക്ട് ജെംസ് എന്ന കരിയർ പരിശീലന പദ്ധതി മൈക്രോ മൈനോരിറ്റിയായി മാറുന്ന ക്രൈസ്തവ സമൂഹത്തിന് അജിതീവനത്തിന്റെ ഉണർത്തുപാട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം, അമലഗിരി ബികെ കോളജിൽ നടക്കുന്ന പ്രൊജക്ട് ജെംസിന്റെ നാലാമത് സംസ്ഥാന ക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 13 സംസ്ഥാനങ്ങളിൽനിന്നായി 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
എസ്എബിഎസ് സന്യാസിനീ സമൂഹത്തിന്റെ അസി. ജനറാൾ സിസ്റ്റർ മേഴ്സി നെടുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. സമർപ്പിതസമൂഹങ്ങൾ സമുദായ ഭദ്രതയ്ക്കായി ചെയ്യുന്ന പുണ്യകർമമാണ് പ്രോജക്ട് ജെംസ് എന്ന് അദ്ദേഹം പറഞ്ഞു.
ചെറുപ്രായത്തിൽത്തന്നെ കഴിവിനനുസരിച്ച് ജീവിതലക്ഷ്യം ഉറപ്പിക്കുന്നവർക്ക് ജീവിതവിജയം സുസാധ്യമാണെന്നും മാർ കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു.
സിസ്റ്റർ ഡോ. നവ്യമരിയ സിഎംസി മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രദീപിക ലമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് വിശിഷ്ടാതിഥിയായിരുന്നു.
സിസ്റ്റർ ആർദ്ര എസ്ഐസി, സിസ്റ്റർ എൽസാ ടോം എസ്എച്ച്, സിസ്റ്റർ ലില്ലി റോസ്, ഫാ. റോബി കണ്ണൻചിറ സിഎംഐ, ഫാ. ജയിംസ് മുല്ലശേരി സിഎംഐ, ഡോ. മിനി തോമസ്, സിസ്റ്റർ ടിസ പടിഞ്ഞാറേക്കര എസ്എബിഎസ്, സിസ്റ്റർ റോസ് ജോർജ് യുഎംഐ, സിസ്റ്റർ ഷാന്റി എസ്കെഡി, സിസ്റ്റർ ഷെറിൻ എംപിവി, സിസ്റ്റർ ആശ സിഎച്ച്എഫ്, സിസ്റ്റർ ലില്ലി ജോസഫ് എംഎംഎസ്, സിസ്റ്റർ മെറ്റി മാത്യു എസ്എബി, ക്യാന്പ് ഡയറക്ടർ അൽഫോൻസ ജോൺ എന്നിവർ പ്രസംഗിച്ചു.
പ്രോജക്ട് ജെംസ് രക്ഷാധികാരി ഫാ. റോയി കണ്ണൻചിറ സിഎംഐ ആമുഖപ്രഭാഷണം നടത്തി. നർത്തകി മരീനാ മാത്യൂസ് പ്രാർഥനാനൃത്തം നടത്തി. നിധിൻ ജോസ് സ്വാഗതവും നോയൽ സിറിയക് നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നല്കും. ഫ്രാൻസിസ് ജോർജ് എംപി അധ്യക്ഷത വഹിക്കും.
Leader Page
ദീപിക 140-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദീപിക കണ്ണൂർ യൂണിറ്റിൽ എഴുത്തുകാരൻ വിനോയ് തോമസ് നടത്തിയ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ
വളരെ നാളുകൾക്കുശേഷമാണ് ഞാൻ ദീപിക കണ്ണൂർ ഓഫീസിലേക്കു കടന്നുവരുന്നത്. 1995-96 കാലഘട്ടത്തിൽ എല്ലാ ദിവസവുംതന്നെ ഞാനിവിടെ വരുമായിരുന്നു. ഡിഗ്രി പഠിക്കുന്ന സമയത്ത് കണ്ണൂരിൽനിന്ന് അച്ചടിച്ച് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്ന പത്രവണ്ടിയുടെ ക്ലീനറായിരുന്നു ഞാൻ. ദിവസവും രാത്രി എട്ടുമണിയാകുന്പോൾ ഞാനിവിടെ എത്തും. രാത്രി 12 വരെ ഞാൻ ഓഫീസിൽ ഉണ്ടാകും. 12ന് പത്രം അച്ചടിച്ച് കിട്ടിയിട്ടു വേണം പത്രവുമായി വണ്ടിയിൽ പോകാൻ. എന്റെ ഡിഗ്രിയുടെ റിസൾട്ട് അറിഞ്ഞത് ദീപിക പത്രത്തിലൂടെയായിരുന്നു. രാത്രിയിൽ ദീപിക പത്രം എടുക്കാൻ വരുന്നതുകൊണ്ട് എനിക്കാദ്യം റിസൾട്ട് അറിയാൻ സാധിച്ചു. അപ്പോൾ, ക്ലീനർ പയ്യൻ ഡിഗ്രി പഠിക്കുന്നയാളാണെന്ന് ചുറ്റുമുണ്ടായിരുന്നവർ അന്നു തിരിച്ചറിഞ്ഞു. ഡിഗ്രിക്ക് എനിക്ക് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു. ഇതാണ് ദീപികയുമായി എന്റെ ആദ്യത്തെ ബന്ധം. കൂടാതെ, നെല്ലിക്കാംപൊയിൽ എന്ന നാട്ടിൽനിന്നു ദീപിക പത്രത്തിനായി വാർത്തകൾ പ്രാദേശിക ലേഖകൻ എന്ന രീതിയിൽ അയച്ചിരുന്നു.
മലയാള ഭാഷയുടെ സ്രഷ്ടാക്കൾ
ആരാണ് മലയാള ഭാഷ സൃഷ്ടിച്ചത്? നവംബർ ഒന്നിന് ഇരിട്ടി താലൂക്കിൽ എന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചു; മലയാളഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട്. മലയാള ഭാഷ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് മലയാള ഭാഷയ്ക്ക് ഒരു പിതാവുണ്ടെന്നും അത് എഴുത്തച്ഛൻ ആണെന്നും അവർ പറഞ്ഞു. എന്നാൽ, ഞാൻ പറയട്ടെ, എഴുത്തച്ഛൻ എന്ന് പറയുന്നയാൾ ജീവിച്ചിരുന്നിട്ടില്ല. എഴുത്തച്ഛൻ ഒന്നും എഴുതിയിട്ടില്ല. ഇത് ഞാൻ തുഞ്ചൻ സർവകലാശാലയിലും പറഞ്ഞിട്ടുള്ളതാണ്. അവിടെ ഞാൻ വെല്ലുവിളി നടത്തിയതാണ്. എഴുത്തച്ഛൻ എന്നു പറയുന്നയാൾ ജീവിച്ചിരുന്നിട്ടുണ്ടെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിലും ഞാൻ എന്റെ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കാം എന്നു വെല്ലുവിളിച്ചു. എഴുത്തച്ഛൻ എഴുതിയ ഒരു ഓലക്കഷണം കാണിക്കാനുണ്ടോയെന്നു ചോദിച്ച് വെല്ലുവിളിച്ചു. അപ്പോൾ, സർവകലാശാലയിലെ ഡയറക്ടർ എഴുന്നേറ്റ് പോകുന്നതാണ് കണ്ടത്. പിന്നെ, എങ്ങനെയാണ് ഒരു ഭാഷാപിതാവ് ഉണ്ടായത്.
മലയാള ഭാഷ ഉണ്ടാകുന്നത് വൈദേശികമായ പല ഭാഷകളുടെയും സങ്കലനം കൊണ്ടാണ്. നാലാം നൂറ്റാണ്ട് തൊട്ട് പേർഷ്യൻ, അറബ്, ചൈന ഉൾപ്പെടെയുള്ള പല രാജ്യക്കാരും കേരളത്തിൽ വന്നിരുന്നു. പോർച്ചുഗീസുകാരും എത്തിയിരുന്നു. ഇവരെല്ലാം കച്ചവടത്തിനായിരുന്നു വന്നത്. ആ കച്ചവടത്തിനായി ക്രിസ്ത്യാനികളും ജൂതന്മാരും ഉൾപ്പെടെ വിവിധ മതക്കാരും ഉണ്ടായിരുന്നു. കാർഷികോത്പന്നങ്ങൾ ഉണ്ടോയെന്ന് അവർ അവരുടെ ഭാഷയിൽ ചോദിക്കും. നമ്മൾ നമ്മുടെ ഭാഷയിൽ മറുപടി പറയും. അങ്ങനെ, അവരുടെ ഭാഷയും ഇവിടെയുണ്ടായിരുന്നവരുടെ ഭാഷയും കലർന്ന ഒരു വെങ്കലഭാഷയാണ് മലയാളം. ഇതിൽ, ഗദ്യമില്ലായിരുന്നു, കവിതയില്ലായിരുന്നു, ചെറുകഥയില്ലായിരുന്നു, ഇതിൽ നോവൽ ഇല്ലായിരുന്നു, നാടകം ഇല്ലായിരുന്നു, വ്യാകരണമില്ലായിരുന്നു, നിഘണ്ടു ഇല്ലായിരുന്നു. ഭാഷയുടെ ഒരു സ്വഭാവവും ഇല്ലാത്ത പ്രാകൃതമായ ഭാഷയായിരുന്നു മലയാളം. ഇത് എഴുത്തച്ഛനാണോ നിർമിച്ചത്?
ഈ മലയാള ഭാഷ എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയായാലും, മതപ്രചാരണത്തിനു വേണ്ടിയായാലും, ഉണ്ടാക്കിയതും ഇതിൽ ആദ്യമായി ഗദ്യമുണ്ടാക്കിയതും ക്രിസ്ത്യൻ മിഷണറിമാരാണ്. മലയാള ഭാഷയിൽ ആദ്യം കഥയുണ്ടാക്കുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്. വണക്കമാസത്തിലൊക്കെ ഇത്തരം കഥകളുണ്ട്. ഇതൊക്കെയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥാ രൂപങ്ങൾ. ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്ലി തുടങ്ങിയ ക്രിസ്ത്യൻ മിഷനറിമാരുടെ ശ്രമഫലമായാണ് മലയാളഭാഷ ഉണ്ടായത്. അതുകൊണ്ട് തുഞ്ചത്ത് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി വിളിക്കാൻ സാധിക്കില്ല. ക്രിസ്ത്യൻ മിഷനറിമാരെയാണ് ഈ സ്ഥാനത്ത് വിളിക്കേണ്ടത്. ഇതിനു പകരമാണ്, ജീവിച്ചിരിക്കാത്ത ഒരാളെ മലയാള ഭാഷയുടെ പിതാവായി വിളിക്കുന്നത്.
മലയാളഭാഷയുടെ വക്താക്കൾ ക്രിസ്ത്യൻ മിഷനറിമാരാണെന്ന് ഉയർത്തിക്കാട്ടാനുള്ള ബോധ്യം ദീപികയ്ക്കുണ്ടാകണം. ഇത് തമസ്കരിക്കപ്പെട്ട ചരിത്രമാണ്. ഒരു വിഭാഗത്തെ മാറ്റിനിർത്തപ്പെട്ടിരിക്കുന്നു. എഴുത്തച്ഛനെക്കുറിച്ച് നമ്മൾ പഠിക്കുന്നു. എന്നാൽ, ക്രിസ്ത്യൻ മിഷനറിമാരുടെ സാംസ്കാരിക പ്രവർത്തനത്തെക്കുറിച്ചോ സാമൂഹിക പ്രവർത്തനത്തെക്കുറിച്ചോ ഒരിടത്തും നമ്മൾ പഠിക്കുന്നില്ല. ഇതിന്റെ പാരന്പര്യം ഏറുന്ന എന്നെ മലങ്കൾട്ട് സാഹിത്യകാരനായിട്ടാണ് കാണുന്നത്. അവനൊരു കപ്പ അല്ലെങ്കിൽ നസ്രാണി സാഹിത്യകാരനായിട്ടാണ് കാണുന്നത്. ഇതിനെതിരേ സംസാരിച്ചുതുടങ്ങിയപ്പോൾ മലയാളത്തിലെ സാഹിത്യരംഗത്തുനിന്ന് എനിക്ക് ചീത്തവിളി വരാൻ തുടങ്ങി. പരന്പരാഗതമായി പറയുന്ന കാര്യങ്ങളെ അംഗീകരിച്ചുകൊണ്ടുപോയാൽ ഒരു പ്രശ്നവുമില്ല. മലയാള ഭാഷ സംസ്കാരം എങ്ങനെ രൂപപ്പെട്ടുവെന്നതിനെക്കുറിച്ച് നമ്മൾക്ക് കൃത്യമായ ധാരണ വേണം.
കർഷകസമരങ്ങൾ കുടിയേറ്റക്കാരുടേത്
കേരളം ഏകീകരിക്കപ്പെട്ടതിന്റെ പ്രധാന കാരണം മലബാർ കുടിയേറ്റമാണ്. കുടിയേറിയപ്പോൾ ജന്മിമാരുടെ അടുത്തുനിന്ന് പൈസ കൊടുത്ത് കരംകെട്ടി സ്ഥലം വാങ്ങി. കുടിയേറ്റക്കാർ വാങ്ങിയത് കാടല്ല. കുടിയേറ്റക്കാർ മരം വെട്ടിയിട്ടില്ല. നൂറ്റാണ്ടുകൾക്കു മുന്പുതന്നെ വളപട്ടണം തുറമുഖമുണ്ട്, പൊന്നാനിയിൽ തുറമുഖമുണ്ട്. ഇതൊക്കെ തടിക്കച്ചവടത്തിനുള്ളതാണ്. ജന്മിമാരാണ് തടി വെട്ടി ഈ തുറമുഖം വഴി വിറ്റിരുന്നത്. അവരാണ് മരം വെട്ടിയത്. നമ്മൾ വാങ്ങിയത് അവരുടെ കൃഷിഭൂമിയാണ്. എന്നാൽ, കുടിയേറ്റക്കാരെ വനം കൈയേറ്റക്കാരായാണ് ആളുകൾ കാണുന്നത്. കുടിയേറ്റക്കാർ സ്ഥലം വാങ്ങി കൃഷിയെ ആധുനികമായി പരിഷ്കരിക്കുകയാണു ചെയ്തത്.
കപ്പയിടാൻ കൂടം കുത്തുന്ന പരിപാടി കുടിയേറ്റക്കാർ വരുന്നതിനുമുന്പ് ഇവിടെ ഇല്ലായിരുന്നു. വലിയ തൂന്പ കൊണ്ടുവന്ന് കൂടം കുത്തിയത് കുടിയേറ്റക്കാരാണ്. നല്ല വിളവുണ്ടാക്കിയപ്പോൾ ജന്മിമാർ കുടിയേറ്റക്കാരോട് പണം തരണം, ഇല്ലെങ്കിൽ വാരം കൂട്ടിത്തരണം എന്നാവശ്യപ്പെട്ടു. ഇതാണ് ശരിക്കും മലബാറിലെ കർഷകസമരങ്ങളുടെ അടിസ്ഥാനം. ജന്മിമാർ വാരം കൂട്ടി ചോദിച്ചതാണ് സമരത്തിനു കാരണം. എന്നാൽ, ഈ സമരങ്ങൾ ചരിത്രത്തിലില്ല. പകരം, മുനയംകുന്ന് ഉൾപ്പെടെയുള്ള സമരങ്ങൾ മലബാറിലെ കർഷകസമരത്തിന്റെ ഭാഗമായി. കുടിയേറ്റക്കാർ നടപ്പാക്കിയ കാർഷിക വിപ്ലവത്തെ സംബന്ധിച്ച് ചരിത്രം പറയുന്നില്ല. ഈ ചരിത്രം തിരുത്തിയെഴുതണം. നമ്മുടെയെല്ലാം കൃഷിയിടങ്ങൾ വനനിബിഡമാണ്. കാരണം, ഒരു ചെറിയ വെയിൽപോലും കൃഷിയിടത്തിൽ വീഴാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കും. എന്നിട്ടും കുടിയേറ്റക്കാർ കാട് കൈയേറി കൃഷി ചെയ്യുന്നുവെന്ന് ആക്ഷേപിക്കുന്നു. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ ആഴത്തിലുള്ള ശ്രമം നടത്തിയ ഒരു ജനവിഭാഗത്തിന്റെ ശബ്ദത്തെ മറച്ചുവച്ചുള്ള ചരിത്രനിർമാണമാണ് നടക്കുന്നത്.
ദീപികയുടേത് മലയാള ഭാഷയുടെ പാരന്പര്യം
ദീപികയുടെ 140 വർഷത്തെ പാരന്പര്യം മലയാള ഭാഷയുടെ പാരന്പര്യമാണ്. ഒരു പത്രം ഉണ്ടാകുകയെന്ന് പറഞ്ഞാൽ ഒരു ഭാഷയുടെ പ്രധാനപ്പെട്ട കാര്യമാണ്. 140 വർഷം ഈ പത്രത്തിലൂടെ സംസാരിക്കാൻ നമ്മൾക്ക് അവസരം ലഭിച്ചു. അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിനുവേണ്ടിയാണ് ദീപിക പ്രവർത്തിക്കുന്നത്. കുറച്ചു ദിവസമായി ദീപികയുടെ കരുത്ത് തിരിച്ചറിയുന്നുണ്ട്. സാംസ്കാരിക പശ്ചാത്തലത്തിന്റെ ആഴത്തിൽനിന്ന് ദീപിക പോരാടണം. ഒരു ആഴമുള്ള സാംസ്കാരിക ചരിത്രം ദീപികയ്ക്കുണ്ട്. മലയാളഭാഷ ഉണ്ടാക്കിയവരുടെ പൈതൃകം ദീപികയ്ക്കുണ്ട്. ദീപികയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു ചരിത്രദൗത്യമുണ്ട്.
റബർ വിദ്യാഭ്യാസം തന്നു;കപ്പ പട്ടിണി മാറ്റി
റബർ കേരളത്തിൽ വന്നപ്പോൾ മാത്രമാണ് വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചത്. റബർ വെട്ടിവച്ചു കഴിഞ്ഞാൽ പിന്നെ പാലെടുത്താൽ മതി. വൈകുന്നേരമാകുന്പോൾ ഷീറ്റടിക്കണം. പിള്ളേർക്ക് സ്കൂളിൽ പോകാനുള്ള സാഹചര്യമുണ്ടായി. കോട്ടയത്താണ് ആദ്യം റബർ വരുന്നത്. ഈ വിദ്യാഭ്യാസമാണ് കേരളത്തെ മാറ്റിമറിച്ചത്. എന്നാൽ, നെൽകൃഷി കേരളത്തിന് ദോഷമാണ് സമ്മാനിച്ചിരിക്കുന്നത്. കേരളത്തിൽ നെൽകൃഷിയാണ് കൃഷിയെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, കേരളത്തിന്റെ ചരിത്രത്തിൽ നെൽകൃഷികൊണ്ട് ഒരു കാലത്തും പട്ടിണി മാറ്റാൻ പറ്റിയിട്ടില്ല. കപ്പയാണ് നമ്മുടെ പട്ടിണി മാറ്റിയത്.
കപ്പയില്ലെങ്കിൽ കേരളം പട്ടിണി കിടന്നു മരിക്കുമായിരുന്നു. ‘കപ്പ-റബർ സാഹിത്യകാരൻ’ എന്ന വിളിയെ അഭിമാനത്തോടെ ഞാൻ സ്വീകരിക്കുന്നു. മലയോരത്തുനിന്ന് സാഹിത്യകാരന്മാർ പാടില്ലെന്നാണ് ചിലർ പറയുന്നത്. സാഹിത്യമെന്ന് വച്ചാൽ കപ്പ ചേട്ടന്മാർക്ക് പറ്റില്ലെന്നാണ് ചിലരുടെ വിചാരം. ഞാനും ഇത് എല്ലാ മേഖലയിലും നേരിടുന്നുണ്ട്. ഞാൻ ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാണ്. എന്നെ, മലങ്കൾട്ട് എന്നു വിളിച്ച് ഒതുക്കേണ്ട.
Kerala
കൊച്ചി: ക്രൈസ്തവ സഭയ്ക്കുനേരെ ബിജെപി നേതാക്കളായ പി.സി. ജോർജും ഷോണ് ജോർജും നടത്തിയ പ്രതികരണം ആസൂത്രിതമായ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്ന് കോണ്ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഇരുവരും സഭയെ കടന്നാക്രമിച്ചത് പെട്ടെന്നുള്ള പ്രതികരണമല്ല. ബിജെപിയുടെയും സംഘപരിവാറിന്റെയും ശബ്ദമാണ് പി.സി. ജോർജിലൂടെയും ഷോണിലൂടെയും കേട്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും ആർഎസ്എസും സംഘപരിവാറും ചില ഘടകങ്ങളെ ചേർത്തുപിടിച്ച്, പി.സി. ജോർജിനെ പോലെയും ഷോണിനെ പോലെയും ട്വന്റി 20 പോലെയും അബ്ദുള്ളകുട്ടിയെ പോലെയും ഉള്ളവരെ ഇറക്കി കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയും പരീക്ഷിക്കാൻ ഒരുങ്ങുകയാണ്.
രാജ്യം മുഴവൻ അധികാരം പിടിക്കുമ്പോഴും ബിജെപിക്ക് കേരളത്തിൽ വേരോട്ടം ഉണ്ടാക്കാൻ സാധിക്കാത്തതിനു കാരണം ഇത് മതേതരത്വമുള്ള നാടാണ്. പി.സി. ജോർജിനെ പോലെ സ്ഥാനമോഹികളെ കൂട്ടുപിടിച്ച് സഭയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. അത് വിലപ്പോകില്ല. രാജ്യത്ത് ഇതിനോടകം തന്നെ ധാരളം എഫ്സിആർഎ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇതിന്റെ പിന്നിൽ സംഘപരിവാർ അജൻഡ ഉണ്ട്.
ക്രൈസ്തവസഭ പല വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്. അമിത് ഷായും പി.സി. ജോർജും ഷോണും വിരട്ടിയതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ല. ബിജെപിയുടെ വർഗീയ അജൻഡ പരാജയപ്പെടുത്തണം. കേരള സമൂഹം വർഗീയതയുടെ മുന്നിൽ മുട്ടുകുത്തരുത്.
കേരളത്തിന്റെ പുരോഗതിക്കും നേട്ടത്തിനും വികസനത്തിനും വലിയ പങ്കുവഹിച്ചിട്ടുള്ളതാണ് ക്രൈസ്തവ സഭകൾ. പി.സിയുടെ വിരട്ടോന്നും വിലപോകില്ല. സഭ വിശ്വാസികളുടെ സമൂഹമാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: എഫ്സിആർഎ നിയമഭേദഗതിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കിരൺ റിജിജു പറഞ്ഞു. ചേലക്കരയിൽ എൻഡിഎ പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെ ആണ് ലക്ഷ്യം വയ്ക്കുന്നതെന്നും ക്രിസ്ത്യൻ സംഘടനകൾക്ക് ഉറപ്പു നൽകുന്നുവെന്നും കിരൺ റിജിജു പറഞ്ഞു.
അതേസമയം ബില്ലിനെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പിനുശേഷം ഡൽഹിയിലേക്ക് വിളിപ്പിക്കും. രാജ്യസുരക്ഷക്കെതിരായി പ്രവർത്തിക്കുന്ന സംഘടനകളെ മാത്രമാണ് ലക്ഷ്യമിടുന്നത്.
ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്യുന്നവർ മാത്രം ഭയന്നാൽ മതിയെന്നും ബാക്കിയുള്ള എല്ലാവരെയും സംരക്ഷിക്കുമെന്നും കിരൺ റിജിജു വ്യക്തമാക്കി.
International
ബെയ്റൂട്ട്: രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള ക്രൈസ്തവ ഗ്രാമങ്ങൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില് വത്തിക്കാന്റെ ഇടപെടല് തേടി ലബനന്.
ഹിസ്ബുള്ളയുടെ നുഴഞ്ഞുകയറ്റവും ഇസ്രേലി ആക്രമണങ്ങളും പ്രദേശത്തെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും സമീപദിവസങ്ങളിൽ ചുറ്റുമുള്ള അപകടങ്ങൾക്കിടയിലും താമസക്കാർ വീടുകളിൽത്തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണെന്നും ലബനൻ വിദേശകാര്യ മന്ത്രി യൂസഫ് റാഗി വത്തിക്കാനെ അറിയിച്ചു.
രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ് പോൾ ഗല്ലാഗറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ലബനനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും തെക്കൻ അതിർത്തി ഗ്രാമങ്ങൾ നേരിടുന്ന ദുഷ്കരമായ സാഹചര്യങ്ങളെക്കുറിച്ചും റാഗി വിശദീകരിച്ചത്.
ലബനൻ ഭരണകൂടത്തെയും അതിന്റെ ഔദ്യോഗിക സൈനിക സ്ഥാപനങ്ങളെയും സ്ഥിരമായി പിന്തുണച്ചിട്ടുള്ള ഗ്രാമങ്ങളിലെ ക്രിസ്ത്യൻ സാന്നിധ്യം നിലനിർത്താൻ സഹായിക്കുന്നതിന് ഇടപെടാനും മധ്യസ്ഥത വഹിക്കാനും അദ്ദേഹം വത്തിക്കാനോട് ആവശ്യപ്പെട്ടു.
International
ഇര്ബില്: ഇറാക്കിലെ ഇർബിലിന്റെ പ്രാന്തപ്രദേശമായ അങ്കാവയിൽ കത്തോലിക്ക സന്നദ്ധസംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് അശരണര്ക്കുവേണ്ടി നിർമിച്ച അപ്പാർട്ട്മെന്റ് സമുച്ചയത്തിനുനേരേ ഡ്രോൺ ആക്രമണം. കഴിഞ്ഞ ബുധനാഴ്ച പ്രാദേശിക സമയം രാത്രി എട്ടോടെയാണ് ആക്രമണം നടന്നതെന്ന് ഇർബില് അതിരൂപത അറിയിച്ചു.
ഇർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേര്ന്ന് സ്ഥിതിചെയ്യുന്നതിനാല് ദിവസങ്ങൾക്ക് മുമ്പുതന്നെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. വ്യത്യസ്ത സന്ദർഭങ്ങളിലായി മിസൈലും ഡ്രോണും ഉപയോഗിച്ചുള്ള ആക്രമണമാണു നടന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിൽ ഡോട്ടേഴ്സ് ഓഫ്മേരി ഇമ്മാക്കുലേറ്റ് സന്യാസിനീ സമൂഹത്തിന്റെ കോൺവീന്റിനും കേടുപാടുകൾ സംഭവിച്ചു.
ഇറേനിയൻ അതിർത്തിയിൽനിന്ന് ഏകദേശം 60 മുതൽ 90 മൈൽ വരെ പടിഞ്ഞാറുള്ള ഈ പ്രദേശത്ത് നേരത്തേയുണ്ടായ അക്രമത്തിൽനിന്ന് കുടിയിറക്കപ്പെട്ട ക്രൈസ്തവ അഭയാർഥി കുടുംബങ്ങളെയും അതിരൂപതയിലെ ജീവനക്കാരെയും പാർപ്പിച്ചിരുന്ന കെട്ടിടമാണിത്.
നൈറ്റ്സ് ഓഫ് കൊളംബസിന്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട മൈക്കൽ മക്ഗിവ്നിയുടെ പേരിലാണ് അപ്പാർട്ട്മെന്റ് സമുച്ചയം സ്ഥാപിക്കപ്പെട്ടിരുന്നത്.
അതേസമയം കേടുപാടുകള് സംഭവിച്ച പാര്പ്പിടസമുച്ചയം പുനര്നിര്മിക്കുമെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് വ്യക്തമാക്കി.
Leader Page
ഫ്രാൻസിസ് മാർപാപ്പയുമായി അങ്ങേയ്ക്കു ഗാഢമായ ബന്ധമായിരുന്നല്ലോ ഉണ്ടായിരുന്നത്. ലെയോ പാപ്പായുമായി അങ്ങയുടെ അടുപ്പം എങ്ങനെയാണ്?
ഫ്രാൻസിസ് മാർപാപ്പയോടൊത്തുള്ള യാത്രകൾ എന്നെ സംബന്ധിച്ച് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. ഞാൻ കർദിനാളായിട്ടും യാത്രയുടെ ചുമതലയിൽനിന്ന് എന്നെ മാറ്റിയില്ല. 2025ൽ ഒരു യാത്രയേ ഉള്ളൂ, അതുകൂടി ക്രമീകരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്നു. എന്നാൽ തുർക്കിയിലേക്കു നിശ്ചയിച്ചിരുന്ന ആ യാത്ര നടന്നില്ല. പിന്നെ പുതിയ പാപ്പാ വന്നു. അദ്ദേഹത്തിന്റെ ആദ്യകാല യാത്രകൾക്കുവേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം ഞാൻ ചെയ്തു. ഇപ്പോൾ പുതിയ ആളെ മാർപാപ്പ വച്ചിട്ടുണ്ട്. ഇപ്പോൾ മാർപാപ്പയുടെ യാത്രകളുടെ ഉത്തരവാദിത്വം എനിക്കില്ല.
പരിശുദ്ധ പിതാവിന്റെ യാത്രയിൽ ഒരു കർദിനാൾ സംഘമുണ്ട്. അത് ഓരോ യാത്രയുടെയും പ്രത്യേകതകൾ അനുസരിച്ചാണ്. എക്യുമെനിക്കൽ സ്വഭാവമുള്ള യാത്രയാണെങ്കിൽ എക്യുമെനിസവുമായി ബന്ധപ്പെട്ടും മതാന്തര സ്വഭാവമുള്ളതാണെങ്കിൽ ആ വിഷയവുമായി ബന്ധപ്പെട്ടുമായിരിക്കും. അതുപോലെ ഓരോ രാജ്യത്തിലേക്കും പോകുന്പോൾ ആ രാജ്യക്കാരായ കർദിനാൾമാർ ഉണ്ടെങ്കിൽ അവരെയും സംഘത്തിൽ ഉൾപ്പെടുത്തും. അങ്ങനെയുള്ള ചില വ്യവസ്ഥകളുണ്ട്.
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് ലെയോ പതിനാലാമൻ എന്ന പേരു സ്വീകരിച്ച കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ഫ്രാൻസിസ് പാപ്പായുടെ കാലത്ത് മെത്രാന്മാർക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷനായിരുന്നു. സാധാരണഗതിയിൽ മാർപാപ്പയുടെ കൂടെ അദ്ദേഹം എങ്ങും വരേണ്ട കാര്യമില്ല. പ്രോട്ടോക്കോളിലും അതില്ല. പക്ഷേ, ഫ്രാൻസിസ് മാർപാപ്പ യൂറോപ്പിലുള്ള എല്ലാ യാത്രകളിലും കർദിനാൾ പ്രെവോസ്റ്റിനെ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ ഞാൻ എഴുതിച്ചേർത്തിരുന്നില്ല. പക്ഷേ, യാത്രകൾക്ക് ഏതാനും ദിവസം മുന്പ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ എഴുതിച്ചേർക്കുമായിരുന്നു. അത് എന്തുകൊണ്ടാണെന്ന് എല്ലാവരും ചോദിച്ചു. പക്ഷേ, അപ്രകാരം അദ്ദേഹം യാത്രകളിൽ ഉൾപ്പെട്ടിരുന്നതുകൊണ്ട് പിതാവുമായി എനിക്ക് അടുപ്പവും ബന്ധവും കൂടുതലായി ഉണ്ടായി. പിന്നീട് ഞാൻ കർദിനാളായി കഴിഞ്ഞപ്പോൾ അദ്ദേഹവുമായി കൂടുതൽ അടുത്തിടപഴകാൻ സാധിച്ചിട്ടുണ്ട്. കൂടാതെ, വിവിധ കാര്യാലയങ്ങളിലും ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കർദിനാൾ പ്രെവോസ്റ്റ് മാർപാപ്പയായി കഴിഞ്ഞപ്പോൾ എല്ലാ രണ്ടു മാസം കൂടുന്പോഴും കർദിനാൾമാരെ എല്ലാവരെയും വിളിച്ചുകൂട്ടാറുണ്ട്.
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനകാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടോ?
ഇന്ത്യ സന്ദർശിക്കുക എന്നത് ഫ്രാൻസിസ് പാപ്പായുടെ വലിയ ഒരു സ്വപ്നമായിരുന്നു. അതിന് അനുകൂലമായ നീക്കങ്ങൾ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമുണ്ടായിരുന്നു. ഫ്രാൻസിസ് പാപ്പായ്ക്കു പോകാൻ സാധിക്കാത്ത സ്ഥലങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ശൈലിയാണ് ലെയോ പാപ്പായുടേത്. ഉദാഹരണത്തിന് അർജന്റീന. ഫ്രാൻസിസ് പാപ്പയുടെ സ്വന്തം നാടാണെങ്കിലും മാർപാപ്പയായിക്കഴിഞ്ഞ് അവിടേക്ക് ഒരിക്കലും അദ്ദേഹം പോയിട്ടില്ല. അവിടം സന്ദർശിക്കുക എന്നത് അദ്ദേഹത്തിന് താത്പര്യമുള്ള കാര്യമായിരുന്നു. എന്നാൽ കഴിഞ്ഞ ജൂണിൽ വത്തിക്കാനിലെത്തിയ അർജന്റൈൻ പ്രസിഡന്റ് ഹാവിയർ മിലൈ മാർപാപ്പയെ അർജന്റീനയിലേക്കു ക്ഷണിക്കുകയും ലെയോ പാപ്പാ ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ പാപ്പായുടെ ഇന്ത്യാ സന്ദർശനവും ഉണ്ടാകുമെന്നു കരുതാം.
ഫ്രാൻസിസ് പാപ്പായ്ക്കു വരാൻ സാധിക്കാതിരുന്നതുകൊണ്ട് ലെയോ പാപ്പായ്ക്ക് ഇന്ത്യ സന്ദർശിക്കാൻ പ്രത്യേക താത്പര്യമുണ്ട്. സഭയുടെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇതു കാണിക്കുന്നത്.
മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിന്റെ പദ്ധതികൾ വിശദമാക്കാമോ?
കാര്യാലയത്തിന്റെ നേതൃത്വത്തിൽ സ്ഥിരമായുള്ള മതാന്തര സംവാദങ്ങൾ നടക്കുന്നുണ്ട്. ജനുവരിയിൽ ഇറാക്കിൽവച്ച് ഒരു സംവാദം നടന്നിരുന്നു. രണ്ടു വർഷം കൂടുന്പോൾ ഒരിക്കൽ വത്തിക്കാനിൽവച്ചും പിന്നീട് ഇറാക്കിലുമായി സംവാദങ്ങൾ സ്ഥിരമായി നടക്കുന്നതാണ്. ലോകമെന്പാടുമുള്ള മെത്രാൻ സംഘങ്ങൾ വത്തിക്കാനിലേക്കു വരുന്പോൾ അവരുമായുള്ള സന്ദർശനമുണ്ട്. ഈ വർഷത്തെ പ്രത്യേക പരിപാടി വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പ 1986ൽ അസീസിയിൽ വിളിച്ചുകൂട്ടിയ സർവമത സമ്മേളനത്തിന്റെ റൂബി ജൂബിലി ആഘോഷമാണ്. അതിന്റെ ഭാഗമായി ഒക്ടോബറിൽ അസീസിയിൽ സർവമത സമ്മേളനം വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ പദ്ധതിയിടുന്നു.
ഇതരമത വിദ്വേഷവും മതസ്പർധയും ആഗോളതലത്തിൽ വ്യാപിച്ചതായി കാണാം. ഇതേക്കുറിച്ച് പിതാവിന്റെ കാഴ്ചപ്പാട് എന്താണ്?
ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ മാറ്റത്തിന്റെ ഒരു യുഗത്തിലല്ല, മറിച്ച് യുഗത്തിന്റെ മാറ്റത്തിലാണ് നാം ജീവിക്കുന്നത്. നമുക്കറിയാം യുദ്ധവും മറ്റുംമൂലം അഭയാർഥികളുടെ എണ്ണം കൂടിയ ഒരു കാലഘട്ടമാണിത്. അതുപോലെതന്നെ ശാസ്ത്രസാങ്കേതിക മേഖലകളിലും വാർത്താമാധ്യമരംഗത്തും ഒരുപാട് വളർച്ചയുണ്ടെങ്കിലും മനുഷ്യരിൽ സ്വാർഥതയുടെ അംശം വർധിച്ചുവെന്നുള്ളത് സത്യമാണ്. മതപരമായ കാര്യങ്ങൾ വളച്ചൊടിക്കുന്നതിലൂടെ സ്വാർഥത വളർത്തൽ എളുപ്പമാകുന്നു. സ്വന്തം കാര്യം എളുപ്പത്തിൽ നേടാൻ അതുവഴി സാധിക്കുന്നു. എല്ലാ മേഖലകളിലും അതിന്റെ പ്രതിഫലനം കാണുന്നുണ്ട്.
ഇന്ത്യയിൽ ക്രൈസ്തവർക്കു നേരേയുള്ള ആക്രമണം വർധിച്ചുവരുന്നതായി സിബിസിഐ അടക്കം ചൂണ്ടിക്കാട്ടുന്നുണ്ട്. വത്തിക്കാന്റെ ശ്രദ്ധയിലേക്ക് ഇക്കാര്യങ്ങൾ എത്തിയിട്ടുണ്ടോ?
ലെയോ പാപ്പാ ഈ വർഷമാദ്യം വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ സംബോധന ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തിൽ, മതസ്വാതന്ത്ര്യത്തിന്റെ പേരിൽ ലോകത്തിലെ 64 ശതമാനം ആൾക്കാർ വേദനിക്കുന്നുവെന്നു പറഞ്ഞിരുന്നു. അതിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങൾ വത്തിക്കാന് അറിവുള്ളതാണ്. നയതന്ത്രതലത്തിൽ അക്കാര്യങ്ങളിൽ ഇടപെടുന്നുമുണ്ട്. ഇന്ത്യയുടെ പ്രതിനിധി വത്തിക്കാനിലും വത്തിക്കാന്റെ പ്രതിനിധി ന്യൂഡൽഹിയുമുണ്ട്. പറയാനുള്ള കാര്യങ്ങൾ ആദരവോടുകൂടി പറയാറുണ്ട്. നയതന്ത്രബന്ധങ്ങൾക്കു വലിയ ഔന്നത്യമുണ്ട്. അതിനാൽതന്നെ ഇക്കാര്യങ്ങളും അത്തരത്തിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ഇക്കാലത്തെ ഒരു പ്രത്യേകത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതു മാത്രമാണ് സത്യമെന്നു ധാരാളംപേർ ചിന്തിക്കുന്നു എന്നതാണ്. നയതന്ത്രബന്ധങ്ങൾ ഏറെയുള്ള രാജ്യമാണ് വത്തിക്കാൻ. മാർപാപ്പ നമ്മോടു പറയുന്ന കാര്യങ്ങൾ മാത്രമേ നമ്മൾ അറിയുന്നുള്ളൂ എന്നതാണ് കാര്യം. അതിനപ്പുറം നയതന്ത്രതലത്തിൽ വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്.
ഇസ്ലാമിക തീവ്രവാദത്തെയും ഐഎസ് അടക്കമുള്ള ഭീകരവാദത്തെയും എതിർക്കുന്നതിൽ വത്തിക്കാന് തീവ്രത പോരെന്ന വിമർശനത്തെ എങ്ങനെ കാണുന്നു?
മതതീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേയുള്ള വത്തിക്കാന്റെ ഉറച്ച സ്വരത്തിന് ഏറ്റവും വലിയ തെളിവാണ് ഫ്രാൻസിസ് പാപ്പാ അബുദാബിയിൽ ഒപ്പിട്ട മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള രേഖ. മതതീവ്രവാദത്തെ എതിർക്കുന്നതിൽ വത്തിക്കാന്റെ പങ്ക് അത് വെളിപ്പെടുത്തുന്നുണ്ട്. അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയ്യിബുമായി ചേർന്ന് ആദ്യമായാണ് ഒരു മാർപാപ്പ ഇപ്രകാരമുള്ള ഒരു രേഖയുണ്ടാക്കിയത്. അതുവഴി മതാന്തരസംവാദത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും അതുപോലെതന്നെ മതതീവ്രവാദത്തിനെതിരേയും മറ്റും ഔദ്യോഗികമായി നിലപാടുകളെടുക്കാൻ സാധിച്ചു.
വത്തിക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്നു നടത്തുന്ന സ്ഥിരമായ സംവാദങ്ങളുണ്ട്. രാജ്യങ്ങളുടെ ക്ഷണം സ്വീകരിച്ച് അവിടെ പോയി നടത്തുന്ന പ്രോഗ്രാമുകളുണ്ട്. അതിലൊക്കെ വ്യക്തമാകുന്നത് രാഷ്ട്രനേതാക്കൾക്കും യഥാർഥ മതനേതാക്കൾക്കും ഒരിക്കലും അക്രമങ്ങൾക്ക് അനുകൂലമായ തീവ്രനിലപാടെടുക്കാൻ സാധിക്കില്ല എന്നാണ്.
കഴിഞ്ഞ നവംബർ 21ന് അങ്ങ് ദീപികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ, എല്ലാ മതങ്ങളും ശരിയാണെന്നു വാദിച്ചാൽ ക്രിസ്തുമതത്തിന്റെ അനന്യത എങ്ങനെയാണ് ന്യായീകരിക്കുക?
മതാന്തര സംവാദത്തിന്റെ മേഖലയിൽ നമ്മുടെ പരിശ്രമമെന്നത് എല്ലാ മതങ്ങളെയും തുല്യമായി കണ്ട് ബഹുമാനിക്കുക എന്നുള്ളതാണ്. ക്രിസ്തുമതത്തിന്റെ അനന്യതയിൽ വിശ്വസിക്കുന്നത് ക്രിസ്ത്യാനികളാണ്. എന്റെ മതമാണു ശരി എന്ന വിശ്വാസത്തിൽനിന്നാണ് നമ്മൾ അതിനു ജീവൻ കൊടുക്കാൻവരെ തയാറാകുന്നത്. ലെയോ മാർപാപ്പതന്നെ പറയുന്നതുപോലെ മതാന്തര സംവാദം എന്നത് കേവലമൊരു പരിപാടിയല്ല, നമുക്കുള്ള ബോധ്യമാണ്.
ബനഡിക്ട് പാപ്പാ പറഞ്ഞതുപോലെ നമ്മൾ വിശ്വാസം പ്രചരിപ്പിക്കുന്നത് നിർബന്ധിത മതപരിവർത്തനത്തിലൂടെയോ ഏതെങ്കിലും സ്വാധീനം ചെലുത്തിയോ അല്ല. നമ്മൾ ജീവിച്ചുകാണിച്ചുകൊണ്ടാണ് മതം പ്രചരിപ്പിക്കേണ്ടത്. ഇതൊരു മത്സരമാണ്. ഏറ്റവും നല്ലത് സമൂഹത്തിന്റെ മുന്നിലേക്ക് എടുത്തുവയ്ക്കാൻ നാം മത്സരിക്കണം. അല്ലാതെ തന്ത്രമോ കുതന്ത്രമോ അല്ല. എന്റെ വിശ്വാസത്തിന്റെ ശ്രേഷ്ഠത മറ്റു മതങ്ങൾക്കു മുമ്പിലേക്ക് എടുത്തുകാട്ടാനുള്ള അവസരമാണത്. അപ്പോൾ നിർബന്ധിത മതപരിവർത്തനത്തിന്റെ ആവശ്യമില്ല.
District News
പത്തനംതിട്ട: വർധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരേ നാഷണല് ക്രിസ്ത്യന് അലൈന്സിന്റെ നേതൃത്വത്തില് വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ 16, 17 തീയതികളില് പത്തനംതിട്ട ജില്ലയില് പ്രചാരണ ജാഥ നടത്തും.
വാഹന പ്രചാരണ ജാഥയുടെ ആദ്യദിനം കോന്നി തണ്ണിത്തോട് തൂമ്പാക്കുളം സെന്റ് മേരിസ് ഓര്ത്തഡോക്സ് പള്ളിയില് ഓര്ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
കുര്യാക്കോസ് മാര് ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, ഡോ. ഏബ്രഹാം മാര് സെറാഫിം മെത്രാപ്പോലീത്ത, ബിഷപ് ജോസ് ജോര്ജ് എന്നിവര് പ്രസംഗിക്കും. കോന്നി, റാന്നി, അടൂര് അസംബ്ലികളിലെ പ്രചാരണത്തിനു ശേഷം വൈകുന്നേരം അടൂര് കെഎസ്ആര്ടിസി സ്റ്റാന്ഡില് സമാപന സമ്മേളനം മാത്യൂസ് മാര് സെറാഫിം എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും.
രണ്ടാം ദിന റാലി തിരുവല്ല എസ് സിഎസ് ജംഗ്ഷനില് മാര്ത്തോമ്മാ സഭാധ്യക്ഷന് ഡോ.തിയഡോഷ്യസ് മാര്ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ബിലീവേഴ്സ് ഈസ്റ്റേണ് ചര്ച്ചിന്റെ അധ്യക്ഷന് സാമുവേല് തെയോഫിലോസ് മെത്രാപ്പോലീത്ത, ആര്ച്ച് ബിഷപ് ഡോ. തോമസ് മാര് കൂറിലോസ് മെത്രാപ്പോലീത്ത, ഡോ. ഗീവര്ഗീസ് മാര് കൂറിലോസ് മെത്രാപ്പോലീത്ത, പാസ്റ്റര് ജെ. ജോസഫ്, പാസ്റ്റര് രാജു പൂവക്കാല തുടങ്ങിയവര് സന്ദേശം നല്കും. തിരുവല്ല ആറന്മുള അസംബ്ലികളിലെ പര്യടനത്തിനുശേഷം സമാപന സമ്മേളനം പത്തനംതിട്ടയില് ബിഷപ് ഡോ. ഉമ്മന് ജോര്ജ് ഉദ്ഘാടനം ചെയ്യുമെന്ന് കോഓര്ഡിനേറ്റര്മാരായ റവ. എ. ആർ. നോബിള്, അനീഷ് തോമസ് എന്നിവര് അറിയിച്
Leader Page
ലെയോ മാർപാപ്പയുടെ തുർക്കി സന്ദർശനവും 1,700 വർഷങ്ങൾക്കുമുന്പ് കത്തോലിക്കാ സഭയിലെ ഒന്നാമത്തെ സാർവത്രിക സൂനഹദോസ് നടന്ന അതിപുരാതനമായ നിഖ്യാ(ഇപ്പോഴത്തെ ഇസ്നിക്)യിൽ കോണ്സ്റ്റാന്റിനോപ്പിൾ ഓർത്തഡോക്സ് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമൊത്തു നടത്തിയ എക്യുമെനിക്കൽ പ്രാർഥനയും തുർക്കിയുടെ പ്രത്യേകമായ ചരിത്രപശ്ചാത്തലവും, ആ രാജ്യത്തിന്റെ സവിശേഷമായ ക്രൈസ്തവ പാരന്പര്യവും എന്തെന്നു പഠിക്കാൻ പലർക്കും പ്രചോദനമാകുന്നുണ്ട്. ഈ രാജ്യത്തെ പല പ്രദേശങ്ങളും പട്ടണങ്ങളും ഇവിടെ ജനിച്ച്, ജീവിച്ച്, പ്രവർത്തിച്ച്, മരിച്ച പല വലിയ വ്യക്തികളും അനേകം ചരിത്രസംഭവങ്ങളും ഇവിടത്തെ പള്ളികളും ഈ രാജ്യത്ത് നടന്ന സഭാ കൗണ്സിലുകളുമെല്ലാം തുർക്കിയുടെ ക്രൈസ്തവ പാരന്പര്യം പഠിക്കാൻ നമ്മെ സഹായിക്കുന്ന ഘടകങ്ങളാണ്. 13-ാം നൂറ്റാണ്ടുവരെ ക്രൈസ്തവമായിരുന്ന തുർക്കിയിൽ ഇന്ന് ഒരു ശതമാനത്തിൽ താഴെ മാത്രമായി ക്രൈസ്തവർ കുറഞ്ഞതിന് വിവിധ കാരണങ്ങളുണ്ട്.
ഭൂമിശാസ്ത്രവും രാഷ്ട്രീയ സാഹചര്യങ്ങളും
ഏഷ്യാ വൻകരയുടെ പടിഞ്ഞാറെ അറ്റത്തുള്ള ഏഷ്യാ മൈനർ അഥവാ അനതോലിയ ഉപദ്വീപിലും യൂറോപ്യൻ വൻകരയുടെ കിഴക്കേ അറ്റത്തുള്ള ബാൾക്കൻ പ്രദേശത്തെ ത്രേസിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ് തുർക്കി. പുരാതന നാഗരികതകളിൽ ഒന്നായ തുർക്കി ക്രിസ്ത്വബ്ദം 11-ാം നൂറ്റാണ്ടിൽ തുർക്കികൾ ഏഷ്യാ മൈനറിൽ എത്തുന്നതുവരെ ഹിറ്റൈറ്റ്, പേർഷ്യൻ, ഗ്രീക്ക്, റോമൻ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു. റോമൻ കാലത്ത്, എഡി നാലാം നൂറ്റാണ്ടിൽ, റോമാ സാമ്രാജ്യത്തിന്റെ കിഴക്ക്-പടിഞ്ഞാറ് വിഭജനകാലത്ത് ഏഷ്യാ മൈനർ (ഇപ്പോഴത്തെ തുർക്കിയുടെ 95 ശതമാനവും) കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി. ബിസി ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം നിലവിൽ വന്നപ്പോൾ ഏഷ്യാ വൻകരയുടെ പടിഞ്ഞാറുഭാഗത്ത് പേർഷ്യക്കാരിൽനിന്ന് പിടിച്ചെടുത്ത റോമാ അധീനതയിലുള്ള പ്രദേശത്തെ ഏഷ്യാ മൈനർ എന്ന പേരിൽ ഒരു റോമൻ പ്രവിശ്യയാക്കി. വടക്ക് ബോസ്ഫറസും തെക്ക് ഡാർഡനൽസും കടലിടുക്കുകൾ തുർക്കിയെ കരിങ്കടലും മെഡിറ്ററേനിയൻ കടലുമായി ബന്ധിപ്പിക്കുന്നു. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന കര, വ്യോമപാതകൾ തുർക്കിയിലൂടെയാണ് കടന്നുപോകുന്നത്. ഈ വസ്തുതകൾ ഈ രാജ്യത്തെ വളരെ തന്ത്രപ്രാധാന്യമുള്ള ഒരു ഭൂഖണ്ഡാന്തര പ്രദേശമാക്കുന്നു.
മധ്യപൂർവദേശത്ത് അറബി, ഇറേനിയൻ വിഭാഗങ്ങളെക്കൂടാതെ 11-ാം നൂറ്റാണ്ടിൽ പ്രബലപ്പെടുകയും അധികാരത്തിൽ വരികയും ചെയ്ത ഒരു ജനവിഭാഗമാണ് തുർക്കികൾ. മധ്യേഷ്യയിൽനിന്ന് മധ്യപൂർവദേശത്തേക്കു വന്ന ഒരു നൊമാഡിക് ജനതയാണ് അവർ. കാലക്രമത്തിൽ അവർ ഇസ്ലാം മതം സ്വീകരിച്ചു. യുദ്ധനിപുണരായിരുന്ന അവർ അടിമകളും സൈനികരുമായി അബാസിഡ്, സമനിഡ്, ഗഡ്നാവിഡ്, ബുയിദ് ഭരണകാലത്തെല്ലാം സേവനമനുഷ്ഠിച്ചു. സുന്നി വിഭാഗത്തിൽ ഓഗസ് വംശത്തിൽപ്പെട്ട ഇവർ 11-13 നൂറ്റാണ്ടുകളിൽ ഇറാൻ, സിറിയ, പലസ്തീന, അനതോലിയ അഥവാ ഏഷ്യാമൈനർ (ഇപ്പോഴത്തെ തുർക്കി) എന്നിവിടങ്ങളിലെല്ലാം അധികാരം സ്ഥാപിച്ച് മധ്യേഷ്യയും പൂർവഭാഗവും ഉൾപ്പെടുന്ന ഒരു സാമ്രാജ്യത്തിന് രൂപം കൊടുത്തു. 1070ൽ മാൻസിക്കട്ട് യുദ്ധത്തിൽ തുർക്കികൾ ശക്തരായ ബൈസന്റൈനെ പരാജയപ്പെടുത്തി 1071ൽ നിഖ്യയും 1080ൽ അന്ത്യോക്യയും പിടിച്ചെടുത്തു. 1092ൽ ഇസ്ലാമിക അബാസിഡ് വംശം ഭരിച്ചിരുന്ന സിറിയയും പലസ്തീനയും തുർക്കികൾ കീഴ്പ്പെടുത്തി. സെൽയുക്ക് തുർക്കികളാണ് ഏഷ്യാമൈനറിലെത്തിയ ആദ്യ തുർക്കി വംശജർ. അധികാരത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള വിവിധ തുർക്കി വംശജരുടെ പരസ്പര പോരാട്ടങ്ങളിൽ ഓട്ടോമൻ തുർക്കികൾ ആധിപത്യം നേടി. 1453ൽ ഓട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോണ്സ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തു. അങ്ങനെയാണ് ക്രൈസ്തവമായിരുന്ന ഏഷ്യാ മൈനർ ഇസ്ലാമിക തുർക്കിയായിത്തീരുന്നത്.
തുർക്കിയുടെ ശ്ലൈഹിക പാരന്പര്യം
വളരെ അപ്പസ്തോലിക പാരന്പര്യമുള്ള രാജ്യമാണ് തുർക്കി. അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസാണ് അന്ത്യോക്യൻ സഭയുടെ സ്ഥാപകൻ. ഹേറോദേസ് അഗ്രിപ്പയുടെ കാലത്ത് എഡി 43ലാണ് രണ്ടാമത്തെ ജയിൽവാസശേഷം (അപ്പ. പ്രവ. 12) അദ്ദേഹം സുവിശേഷ പ്രഘോഷണത്തിനായി അന്ത്യോക്യയിലേക്ക് പോകുന്നത്. വിശുദ്ധ പൗലോസിന്റെ പ്രേഷിതയാത്രകളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രം തുർക്കിയായിരുന്നു. തുർക്കിയിലെ താർസൂസിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പ്രേഷിതയാത്രകളിൽ (എഡി 45-48, 50-52, 53-58) അദ്ദേഹം പ്രവർത്തിച്ച സ്ഥലങ്ങളിൽ തുർക്കിയിലെ ലിക്കോണിയ, പിസീദിയ, ഫ്രീജിയ, ഗലാത്തിയ, എഫേസൂസ്, ത്രോവാസ് എന്നിവ ഉൾപ്പെടുന്നു. പൗലോസ് സ്ഥാപിച്ച ഏഴ് സഭകൾ (വെളിപാട് 1, 2 അധ്യായങ്ങൾ) ഏഷ്യാമൈനറിലെ ഗ്രീക്ക് സംസാരിക്കുന്ന പെർഗമും, തിയത്തീറ, സാർദിസ്, ഫിലാഡെൽഫിയ, സ്മിർണ, എഫേസൂസ്, ലവൊദിക്കിയ എന്നിവയായിരുന്നു. വിശുദ്ധ പൗലോസിന്റെ ഗലാത്തിയർക്കും എഫേസൂസുകാർക്കും കൊളോസൂസുകാർക്കുമുള്ള ലേഖനങ്ങൾ ഏഷ്യാ മൈനറിലെ ഈ സ്ഥലങ്ങളിലെ സഭകളെ ഉദ്ദേശിച്ച് രചിക്കപ്പെട്ടവയാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ സുവിശേഷപ്രവർത്തനരംഗം എഫേസൂസായിരുന്നു. ട്രാജൻ ചക്രവർത്തിയുടെ കാലത്ത് എഡി 100ൽ വിശുദ്ധ യോഹന്നാൻ എഫേസൂസിൽ മരിച്ച് അവിടെ സംസ്കരിക്കപ്പെട്ടു.
സഭാ കേന്ദ്രങ്ങളും പാത്രിയാർക്കേറ്റുകളും
സഭയുടെ ആദ്യനൂറ്റാണ്ടുകളിലെ മൂന്നു സഭാ കേന്ദ്രങ്ങളിൽ (Tetrarchy) ഒന്നായിരുന്നു അന്ത്യോക്യാ. കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനവും അന്ത്യോക്യായായിരുന്നു. ബിസി 300ൽ ആരംഭിച്ച ഈ പട്ടണം പേർഷ്യൻ സെലൂസിഡ് വംശത്തിന്റെ ആസ്ഥാനമായിരുന്നു. ബിസി 63ലാണ് റോമാക്കാർ ഇതു പിടിച്ചെടുക്കുന്നത്. ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടിലാണ് അന്ത്യോക്യൻ ദൈവശാസ്ത്രപീഠം ആരംഭിക്കുന്നത്. അലക്സാൻഡ്രിയൻ ദൈവശാസ്ത്രപീഠവുമായി യോജിക്കാത്ത തനതായ ഒരു ബൈബിൾ വ്യാഖ്യാനശൈലിയും ക്രിസ്തുവിജ്ഞാനീയവും അന്ത്യോക്യൻ സ്കൂൾ വികസിപ്പിച്ചെടുത്തു. അതിന്റെ ഫലമായാണ് കാലക്രമത്തിൽ അന്ത്യോക്യൻ സഭ, അന്ത്യോക്യൻ റീത്ത്, അന്ത്യോക്യൻ ആരാധനക്രമം, അന്ത്യോക്യൻ പാത്രിയാർക്കേറ്റുകൾ എന്നിവ പ്രാബല്യത്തിൽ വരുന്നത്. അന്ത്യോക്യ എന്ന പേര് ചേർത്തുള്ള നാല് കത്തോലിക്കാ പാത്രിയാർക്കേറ്റുകളും രണ്ട് അകത്തോലിക്കാ പാത്രിയാർക്കേറ്റുകളും അന്ത്യോക്യൻ സഭയുടെ വ്യാപ്തിയും ശക്തിയും സ്വാധീനവും ആചാരരീതികളുമാണ് കാണിക്കുന്നത്. ഈ ആറ് പാത്രിയാർക്കേറ്റുകൾ- സിറിയൻ, മാറോനൈറ്റ്, മെൽക്കൈറ്റ്, ലാറ്റിൻ എന്നീ നാല് കത്തോലിക്കാ പാത്രിയാർക്കേറ്റുകളും സിറിയൻ ഓർത്തഡോക്സ്, ഗ്രീക്ക് ഓർത്തഡോക്സ് എന്നീ രണ്ട് അകത്തോലിക്കാ പാത്രിയാർക്കേറ്റുകളുമാണ്.
തുർക്കിയിലെ രണ്ടാമത്തെ പ്രധാന ക്രൈസ്തവകേന്ദ്രമാണ് കോണ്സ്റ്റാന്റിനോപ്പിൾ അഥവാ ഇസ്റ്റാംബുൾ. ബിസി 600ൽ ആരംഭിച്ച ബൈസാൻസിയും (Byzantium) എന്നറിയപ്പെടുന്ന ഈ പട്ടണം യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്നതിനാൽ വളരെ തന്ത്രപ്രാധാന്യമുള്ള ഒന്നാണ്. എഡി 330ൽ കോണ്സ്റ്റന്റൈൻ ഇതിനെ കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി വിപുലപ്പെടുത്തിയതു മുതൽ പുതിയ റോം അഥവാ കോണ്സ്റ്റാന്റിനോപ്പിൾ (കുസ്റ്റാന്റിനോപ്പോളിസ് = കോണ്സ്റ്റന്റൈന്റെ പട്ടണം) എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടിൽ ഓട്ടോമൻ തുർക്കികളാണ് ഈ പട്ടണത്തെ ഇസ്റ്റാംബുൾ ആക്കിയത്. വളരെ പ്രാചീനമായ വാണിജ്യ, സാംസ്കാരിക, തുറുമുഖപട്ടണമെന്നതിലുപരി ഇത് ഓർത്തഡോക്സ് സഭയുടെ കേന്ദ്രവുമാണ്. സാർവത്രിക സഭയുടെ നാല് സൂനഹദോസുകളാണ് ഈ പട്ടണത്തിൽ നടന്നിട്ടുള്ളത്. അവ കോണ്സ്റ്റാന്റിനോപ്പിൾ I (381), കോണ്സ്റ്റാന്റിനോപ്പിൾ II (553), കോണ്സ്റ്റാന്റിനോപ്പിൾ III (680-681), കോണ്സ്റ്റാന്റിനോപ്പിൾ IV (869) എന്നിവയാണ്.
ഒരുകാലത്ത് റോമാ സാമ്രാജ്യത്തിലെ നാലാമത്തെ പ്രധാന പട്ടണമായ തുർക്കിയിലെ എഫേസൂസ് വളരെ പ്രധാനപ്പെട്ട ഒരു ക്രൈസ്തവകേന്ദ്രമായിരുന്നു. വിശുദ്ധ പൗലോസ് പ്രവർത്തിച്ച സ്ഥലം, അദ്ദേഹം സ്ഥാപിച്ച ഏഴ് സഭകളിൽ ഒന്ന്, എഫേസൂസിലെ സഭയ്ക്കുള്ള പൗലോസിന്റെ ലേഖനം ഇതെല്ലാം എഫേസൂസിന്റെ ക്രൈസ്തവപാരന്പര്യം തെളിയിക്കുന്നു. കത്തോലിക്കാ സഭയുടെ മൂന്നാമത്തെ സാർവത്രിക സൂനഹദോസ് (431ൽ) നട
District News
കോട്ടയം: ഭരണഘടന ഉറപ്പുനല്കുന്ന ക്രൈസ്തവ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള് സംരക്ഷിക്കാന് സര്ക്കാര് തയാറാകണമെന്ന് ഓള് ഇന്ത്യാ കാത്തലിക് യൂണിയന്. നേതൃസമ്മേളനം സംസ്ഥാന ചെയര്മാന് അല്ഫോന്സ് പെരേര ഉദ്ഘാടനം ചെയ്തു. വര്ക്കിംഗ് പ്രസിഡന്റ് ജോസ് ആന്റണി അധ്യക്ഷത വഹിച്ചു.
ജനറല് സെക്രട്ടറി ബാബു അത്തിപ്പൊഴിയില്, സി.ജെ. ജയിംസ്, ഫ്രാന്സി ആന്റണി, തോമസ് തേവരത്ത്, കല്ലട ദാസ്, സൈബി അക്കര, പ്രഫ. ജെ. ജേക്കബ്, ജോസ് കുരിശിങ്കല് തുടങ്ങിയവര് പ്രസംഗിച്ചു.
District News
കോട്ടയം: യാക്കോബായ സഭ ഭദ്രാസന പ്രാര്ഥനാ സമാജം സില്വര് ജൂബിലി സമാപന സമ്മേളനവും ധ്യാനസംഗമവും എപ്പിസ്കോപ്പല് സുന്നഹദോസ് സെക്രട്ടറി തോമസ് മാര് തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മാര് ക്ലിമീസ് വചനസന്ദേശം നല്കി.
ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര, തോമസ് ഇട്ടി കോര്എപ്പിസ്കോപ്പ കുന്നത്തൈയ്യേട്ട്, എ. തോമസ് കോര്എപ്പിസ്കോപ്പ വേങ്കടത്ത്, ഫാ. സാമൂവേല് ടി. വര്ഗീസ്, ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില് എന്നിവര് പ്രസംഗിച്ചു.
അമ്പതാം വര്ഷ പൗരോഹിത്യ ജൂബിലി ആചരിക്കുന്ന തോമസ് മാര് തിമോത്തിയോസ് സ്നേഹ ഉപഹാരം നല്കി. കോര്എപ്പിസ്കോപ്പ സ്ഥാനം ലഭിച്ച വേങ്കടത്ത് തോമസ് കോര്എപ്പിസ്കോപ്പായെയും പ്രാര്ഥനാ സമാജം ഡയറക്ടര് ഫാ. പി.ടി. തോമസ് പള്ളിയമ്പില്, 25 വര്ഷ ശുശ്രൂഷ ചെയ്ത ഭദ്രാസന അല്മായ സുവിശേഷകന് ബ്രദര് സണ്ണി പോട്ടേത്തറ എന്നിവര്ക്ക് ഉപഹാരം നല്കി ആദരിച്ചു.
ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില്, ഫാ. ജോര്ജ് കരിപ്പാല്, ഫാ. എബി ജോണ് കുറിച്ചിമ, ഫാ. സോബിന് ഏലിയാസ് അറയ്ക്കലൊഴത്തില്, ഫാ. വിപിന് വെള്ളാപ്പള്ളി, ഫാ. എമില് വര്ഗീസ് വേലിക്കകത്ത്, ഫാ. അലക്സ് ഫിലിപ്പ് കടവുംഭാഗം എന്നിവര് പ്രസംഗിച്ചു.
International
സിയൂൾ: ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു ഉള്ള വ്യക്തിയായി അറിയപ്പെടുന്ന ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞൻ ഡോ. യംഗ്ഹൂൺ കിം സമൂഹമാധ്യമത്തിലൂടെ തന്റെ ക്രിസ്തുവിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു. കഴിഞ്ഞ 17ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് 36കാരനായ കിം തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചത്. “ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റിക്കാർഡുടമ എന്നനിലയിൽ, യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നാണ് അദ്ദേഹം എഴുതിയത്.
അദ്ദേഹത്തിന്റെ ഈ പോസ്റ്റ് ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. വ്യാഴാഴ്ചവരെ അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടത് എക്സ് ഉടമയും അമേരിക്കൻ വ്യവസായപ്രമുഖനുമായ ഇലോൺ മസ്ക് ഉൾപ്പെടെ ഒന്നര കോടിയോളം ആളുകളാണ്. തന്റെ എക്സ് പോസ്റ്റിനു ലഭിച്ച വൻ ജനപ്രീതിയോടു പ്രതികരിച്ച് 19ന് എക്സിൽ പങ്കുവച്ച മറ്റൊരു പോസ്റ്റിൽ, “ഈ അവസരം ഉപയോഗിച്ച് നിരവധി ആത്മാക്കളെ ഞാൻ യേശുവിലേക്ക് നയിക്കു”മെന്ന് കിം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ “ദൈവം ഉണ്ട്. 100%” എന്നു കിം എക്സ് പോസ്റ്റിൽ എഴുതിയിരുന്നു.
മനുഷ്യബുദ്ധിയുടെ അളവുകോലായ ഐക്യു അഥവാ Intelligence Quotient ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്നത് (276) തനിക്കാണെന്ന് യംഗ്ഹൂൺ കിം അവകാശപ്പെടുന്നു. ഗിഗാ സൊസൈറ്റി, മെൻസ, വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പുകൾ, വേൾഡ് മെമ്മറി സ്പോർട്സ് കൗൺസിൽ, ഔദ്യോഗിക ലോക റിക്കോർഡ് തുടങ്ങിയ സംഘടനകൾ ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റിക്കാർഡ് ഉടമയെന്ന കിമ്മിന്റെ അവകാശവാദം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ദക്ഷിണ കൊറിയൻ സർക്കാരിന്റെ പിന്തുണയുള്ള സംഘടനയായ ന്യൂറോസ്റ്റോറിയുടെ സ്ഥാപകനും സിഇഒയുമാണ് കിം. യുണൈറ്റഡ് സിഗ്മ ഇന്റലിജൻസ് അസോസിയേഷൻ സ്ഥാപിച്ച അദ്ദേഹം, ശാസ്ത്രീയ പുരോഗതി പ്രോത്സാഹിപ്പിക്കുന്ന ലൈഫ് ബോട്ട് ഫൗണ്ടേഷന്റെ ബോർഡിലും അംഗമാണ്. തന്ത്രപരമായ ചിന്തയും നേതൃത്വവും, വൈജ്ഞാനിക വിദ്യാഭ്യാസവും നേതൃത്വവും തുടങ്ങിയ വിഷയങ്ങളിൽ വിവിധ സർവകലാശാലകളിൽ ഓണററി പ്രഫസറുമാണ് ഡോ. യംഗ്ഹൂൺ കിം.