ഹരിപ്പാട്: കുമാരപുരത്ത് വീട്ടുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ തെരുവുനായ ക്രൂരമായി കടിച്ചുപരിക്കേൽപ്പിച്ചു. കുമാരപുരം ആറാം വാർഡ് താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം - ദിവ്യ ദമ്പതികളുടെ മകൻ അദ്വിക് (5)ആണ് ഗുരുതരമായി പരിക്കേറ്റത്.
കരുവാറ്റ എംജിഎം സ്കൂളിലെ യുകെജി വിദ്യാർഥിയാണ് അദ്വിക്. വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം മുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിലാണ് സംഭവം. ഓടിയെത്തിയ നായ കുട്ടിയെ ചാടിവീണ് ആക്രമിക്കുകയായിരുന്നു.
മുഖത്തും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും അദ്വികിന് ആഴത്തിൽ കടിയേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളും ചേർന്നാണ് നായയെ ഓടിച്ചത്. ഉടൻ തന്നെ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനകൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.