ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടർച്ചയായ രണ്ടാം ദിവസവും സംഘർഷം. ഇറാനു നേരേ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തിയതിനുപിന്നാലെ, ബഹ്റിനിലെയും കുവൈറ്റിലെയും യുഎസിന്റെ സൈനികകേന്ദ്രങ്ങൾക്ക് നേരേ മിസൈലാക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു.
ശനിയാഴ്ച ഹോർമുസ് കടലിടുക്കിൽ പനാമ പതാകയേന്തിയ എംടി കികു എന്ന എണ്ണ ടാങ്കറിനു നേർക്ക് ആക്രമണമുണ്ടായതിനെത്തുടർന്നായിരുന്നു ഇറാനിൽ യുഎസ് ആക്രമണം നടത്തിയത്.
ഇറാന്റെ നിരീക്ഷണ സംവിധാനങ്ങൾ, കമ്യൂണിക്കേഷൻ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയടക്കം പത്തു കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇതിനുപിന്നാലെയാണ് ബഹ്റിനിലെയും കുവൈറ്റിലേയും യുഎസ് താവളങ്ങളിലേക്ക് ഇറാൻ ഒരേസമയം മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയത്.
സമാധാനക്കരാറിൽ നിന്നു പിന്മാറുമെന്ന ഭീഷണിയും ഇറാൻ മുഴക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പശ്ചിമേഷ്യയിൽ കൂടുതൽ ഏറ്റുമുട്ടലുകൾ ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തന്നത്.
Tags : US and Iran attack