കാരക്കസ്: ഇരട്ട ഭൂകന്പത്തെത്തുടർന്ന് തലസ്ഥാനമായ കാരക്കസ് ഉൾപ്പെടെയുള്ള എട്ടിലധികം പ്രവിശ്യകളിൽ വെനസ്വേലൻ സർക്കാർ ഇതിനകം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവുമുള്ള ലാ ഗ്വായ പ്രവിശ്യയിലാണ് ഏറ്റവും വലിയ നാശമുണ്ടായത്. ഇവിടെ മാത്രം 70,000 കുടുംബങ്ങൾ ഭവനരഹിതരായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
തുടർചലനങ്ങൾ ഭയന്ന് ആയിരക്കണക്കിനു ജനങ്ങളാണ് വീടുകളിൽ കയറാനാകാതെ പൊതുചത്വരങ്ങളിലും തുറസായ സ്ഥലങ്ങളിലും അഭയം തേടിയിരിക്കുന്നത്.
രാജ്യത്തെ വൈദ്യുതി, കുടിവെള്ള വിതരണ ശൃംഖലകൾ പൂർണമായി തകർന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുകയാണ്. പരിക്കേറ്റവരെയും മാനസികമായി തകർന്നവരെയുംകൊണ്ട് രാജ്യത്തെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും തങ്ങളുടെ പരമാവധി ശേഷി ഉപയോഗിച്ചാണു പ്രതിസന്ധിയെ നേരിടുന്നത്.
ദുരന്തഭൂമിയിൽ സജീവമായി കത്തോലിക്കാസഭ
ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകൾ മുതൽ കത്തോലിക്കാസഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസിന്റെ സന്നദ്ധപ്രവർത്തകർ ദുരന്തഭൂമിയിൽ സജീവമാണ്.
കാണാതായവരുടെ ബന്ധുക്കൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്താൻ ഇവർ മുൻകൈയെടുക്കുന്നു. കൂടാതെ, രാജ്യത്തുടനീളമുള്ള രൂപതകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസക്യാമ്പുകളും കളക്ഷൻ സെന്ററുകളും തുറന്നിട്ടുണ്ട്.
ദുരന്തം വിതച്ച മാനസികാഘാതത്തിൽനിന്നു ജനങ്ങളെ മോചിപ്പിക്കാൻ കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ പ്രത്യേക കൗൺസലിംഗ് സഹായങ്ങളും നൽകുന്നുണ്ട്.
ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളെ കണ്ടെത്താനുള്ള തെരച്ചിൽ ഒട്ടും വൈകാതെ ഊർജിതമാക്കണമെന്ന് ‘കാരിത്താസ് വെനസ്വേല’ പ്രസിഡന്റും മാറാക്കെയ്ബോ ആർച്ച്ബിഷപ്പുമായ ജോസ് ലൂയിസ് അസുവേ അയാല ആവശ്യപ്പെട്ടു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങൾക്കായി പ്രാർഥിക്കണം.
ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പൊതുസമൂഹവും സ്വകാര്യ കമ്പനികളും സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി കൈകോർക്കണം. ദുരന്തബാധിതർക്കായി സാമ്പത്തികസഹായങ്ങളും കേടുപാടുകൾ വരാത്ത ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, പ്രഥമശുശ്രൂഷാ ഉപകരണങ്ങൾ എന്നിവയും നൽകി സഹായിക്കാനും ലോകമെമ്പാടുമുള്ള ഉദാരമതികളോട് ആർച്ച്ബിഷപ് അഭ്യർഥിച്ചു.
Tags : Venezuela: State of emergency eight provinces