ബെയ്റൂട്ട്: ലബനനെതിരായ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അവതരിപ്പിച്ച ബദൽ ആശയത്തിൽ ഞെട്ടി മേഖല. ഇസ്രയേൽ ലബനനിൽനിന്ന് പിൻവാങ്ങുകയും സിറിയൻ വിമതർ ഹിസ്ബുള്ളയ്ക്കെതിരേ പോരാടുകയും ചെയ്യട്ടെയെന്നാണു ട്രംപിന്റെ നിർദേശം.
ഇസ്രയേൽ സൈന്യത്തേക്കാൾ നന്നായി പ്രവർത്തിക്കാൻ സിറിയൻ വിമതർക്കാകുമെന്നും ബഷർ അസാദിനെ അട്ടിമറിച്ച വിമതർ ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയുമെന്നുമാണു ട്രംപിന്റെ വാദം. എന്നാൽ ഹിസ്ബുള്ളയ്ക്കെതിരേ പോരാടാൻ താത്പര്യമില്ലെന്നായിരുന്നു സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാരയുടെ മറുപടി. ട്രംപിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാവാമെന്നും അദ്ദേഹം പറഞ്ഞു.
ജി 7 ഉച്ചകോടിക്കിടെ ഇസ്രയേലിന്റെ ലബനൻ നടപടിയിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിരവധി ആളുകളാണ് യുദ്ധത്തിൽ കൊല്ലപ്പെടുന്നത്. ആരെയെങ്കിലും ലക്ഷ്യംവയ്ക്കുമ്പോൾ ഒരു പാർപ്പിട സമുച്ചയം അപ്പാടെ തകർക്കേണ്ടതില്ല. അവിടെ നിരവധി ആളുകളുണ്ട്. അവരെല്ലാം ഹിസ്ബുള്ളയല്ല-ട്രംപ് കുറ്റപ്പെടുത്തി. “ഹിസ്ബുള്ളയെ സിറിയയ്ക്ക് വിട്ടുകൊടുക്കാൻ ഞാൻ ഇസ്രയേലിനോടു നിർദേശിച്ചു. അവർ മികച്ച രീതിയിൽ പൂർത്തിയാക്കുമെന്ന് ഞാൻ കരുതുന്നു’’ ട്രംപ് പറഞ്ഞു.
സിറിയ ലബനനിൽ ഇടപെടുമെന്ന് ചിലർ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ശരിയല്ലെന്ന് സിറിയൻ പ്രസിഡന്റ് അൽ ഷാര പറഞ്ഞു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയാണ്. സുരക്ഷിതവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിൽ സിറിയയുടെ പങ്കിനെക്കുറിച്ച് ട്രംപ് സംസാരിച്ചു. എന്നാൽ സിറിയ നാളെ രാവിലെ ലബനൻ ആക്രമിക്കാൻ പോകുകയാണെന്ന മട്ടിൽ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു- അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ്ഹൗസ് ട്രംപിന്റെ പുതിയ നിർദേശത്തിന് എത്രത്തോളം ഗൗരവം നൽകുന്നുണ്ടെന്ന് വ്യക്തമല്ല.
Tags : Trump wants Syria to wage war