തിരുവന്തപുരം: പ്രമുഖ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ വിഭാഗം ജീവനക്കാരെയും ലക്ഷ്യമിട്ട് ‘ബോസ് സ്കാം’എന്ന പേരിൽ അറിയപ്പെടുന്ന പുതിയ തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്നു പോലീസ്.
ആർബിഐ അല്ലെങ്കിൽ ഔദ്യോഗിക ഓഡിറ്റ് ടീമുകളുടെ പേരിൽ വ്യാജ അടിയന്തര സന്ദേശം അയച്ച് ഉദ്യോഗസ്ഥരിൽ പരിഭ്രാന്തി സൃഷ്ടിച്ച് സിപ് ഫയലുകളിലൂടെ മാൽവെയർ അടങ്ങിയ ഫയലുകൾ ഉപയോഗിച്ച് സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളുടെ നിയന്ത്രണം കൈക്കലാക്കും. കൂടാതെ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജപ്രൊഫൈലുകൾ നിർമിക്കുകയോ അല്ലെങ്കിൽ അവരുടെ അക്കൗണ്ടുകൾ കൈക്കലാക്കുകയോ ചെയ്യുന്നു.
കംപ്യൂട്ടറുകളുടെ നിയന്ത്രണം ലഭിക്കുന്നതോടെ ജീവനക്കാരുടെ വാട്സാപ്പ് വെബ് സംവിധാനം ഉപയോഗിച്ച് സിഇഒമാരുടെ പേരിൽ വ്യാജ സന്ദേശം അയയ്ക്കുന്നു. ഇത്തരം സന്ദേശങ്ങളിലൂടെ അടിയന്തരമായി പണം കൈമാറാൻ ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ പണം തട്ടിയെടുക്കുന്നതാണ് രീതി.
ശ്രദ്ധിക്കേണ്ടവ
വാട്സ്ആപ്പ് അല്ലെങ്കിൽ ഇ-മെയിൽ സന്ദേശം മാത്രം വിശ്വസിച്ചു പണമിടപാട് നടത്തരുത്. തുകകൾ കൈമാറുന്നതിന് മുമ്പ് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് ഉറപ്പാക്കണം. അപരിചിതരിൽനിന്ന് ലഭിക്കുന്ന സിപ്, എക്സ്, ഡിഎൽഎൽ ഫയലുകൾ യാതൊരു കാരണവശാലും തുറക്കരുത്. സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നന്പറിൽ അറിയിക്കണം.
Tags : Police on alert against boss scam