തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട തുടർ നടപടി പഠിക്കാൻ യുഡിഎഫ് ഉപസമിതി വന്നേക്കും. യുഡിഎഫിൽ ഇതു സംബന്ധിച്ച തർക്കം തുടർന്നാലാണ് ഉപസമിതിക്കു സാധ്യത.
വീര്യംകുറഞ്ഞ മദ്യത്തിനു ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ് ധനബില്ലിൽ ഉൾപ്പെടുത്തിയെങ്കിലും ഇതു സംബന്ധിച്ച തുടർ നടപടികളാകും യുഡിഎഫ് ചർച്ച ചെയ്യുക. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പനയ്ക്ക് അനുമതി നൽകണമെന്ന അഭിപ്രായമുള്ള വരും സംസ്ഥാനത്ത് ഇത് വേണ്ടെന്ന നിലപാടുള്ള പാർട്ടികളും നേതാക്കളും യുഡിഎഫിലുണ്ട്.
ജൂലൈ ഒന്നിന് നിയമസഭാ സമ്മേളനം സമാപിക്കുന്നതിനു പിന്നാലെയാകും യുഡിഎഫ് ചേർന്ന് ഇക്കാര്യം ചർച്ച ചെയ്യുക. ധനബില്ലിൽ ഉൾപ്പെടുത്തിയെങ്കിലും നിയമസഭാ സമ്മേളനത്തിൽ ഇത് ഒഴിവാക്കാനും ആവശ്യമെങ്കിൽ സർക്കാരിനു കഴിയും. ധനബില്ലിൽ ഉൾപ്പെടുത്തിയ കാര്യങ്ങൾ ഒഴിവാക്കാൻ സർക്കാരിന് അധികാരമുണ്ട്. പ്രതിപക്ഷം വോട്ടിംഗ് ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് വേണ്ടിവരും. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ധനബില്ലിൽനിന്ന് ഇത് ഒഴിവാക്കാൻ സാധ്യത കുറവാണ്.
വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് എടുത്തതിനാൽ നിയമസഭയിൽ അതിരു കവിഞ്ഞ വിമർശനം നടത്താൻ പ്രതിപക്ഷത്തിനു കഴിയില്ലെന്ന പ്രതീക്ഷയാണ് ഭരണപക്ഷത്തിനുള്ളത്.
മദ്യം വ്യാപിപ്പിക്കുന്നതിന്റെ ദോഷവശങ്ങൾ വി.എം. സുധീരനെപ്പോലുള്ള നേതാക്കൾ ഉന്നയിക്കുമ്പോൾ പുതിയ നികുതി ഘടനവഴി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിനു ലഭിക്കാൻ സാധ്യതയുള്ള അധികവരുമാനം ചൂണ്ടിക്കാട്ടി ഘടകകക്ഷികൾ അടക്കമുള്ളവരെ അനുനയിപ്പിക്കാനാകും മുഖ്യമന്ത്രിയുടെ ശ്രമം. രണ്ടു തീരുമാനത്തിനുമിടയിൽ ഒരു അനുനയ സാധ്യതയും നേതൃത്വം പരിശോധിക്കുന്നുണ്ട്. ഇതിന്റെ കൂടി ഭാഗമായിട്ടാണ് ഉപസമിതി എന്ന ആശയവും ആലോചനയിലെത്തിയത്.
വീര്യം കുറഞ്ഞ മദ്യം മാത്രമല്ല, കാബിനറ്റ് പദവികളുടെ വീതം വയ്പ്, ബോർഡ്- കോർപറേഷൻ ചെയർമാന്മാരുടെയും അംഗങ്ങളുടെയും വിഭജനം, സർക്കാർ അഭിഭാഷക നിയമനം, പുതിയ മദ്യനയം തുടങ്ങിയ കാര്യങ്ങളും യുഡിഎഫിൽ ചർച്ചയ്ക്ക് എത്തും.
കാബിനറ്റ് പദവികൾ സംബന്ധിച്ച് ചില ഘടകകക്ഷികൾ തങ്ങളുടെ ആവശ്യം യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശനെയും ബന്ധപ്പെട്ട കോണ്ഗ്രസ് നേതാക്കളെയും അറിയിച്ചിട്ടുണ്ട്.
എന്നാൽ, യുഡിഎഫിൽ ചർച്ച ചെയ്താകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷസ്ഥാനത്തേക്ക് കോണ്ഗ്രസിലെ വി.എം. സുധീരന്റെ പേര് നേരത്തേ ഉയർന്നു കേട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണു വിവരം. മുൻ മന്ത്രി എം.കെ. മുനീറിന്റെ പേര് മുസ്ലിംലീഗ് നിർദേശിച്ചിട്ടുണ്ട്. കേരള കോണ്ഗ്രസ് നേതാവ് പി.ജെ. ജോസഫിനും കാബിനറ്റ് പദവിയുള്ള സ്ഥാനം നൽകേണ്ടിവരും.
Tags :