ഡോ. എ. ബിജുകുമാർ, ഡോ. ഗിരീഷ് ഗോപിനാഥ്, ഡോ. രാധിക രാജശ്രീ, ഡോ. രാജീവ് രാഘവന്.
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. എ.ബിജു കുമാറും മൂന്ന് അധ്യാപകരും 2025 ലെ ആഗോള ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം നേടി. ഡോ. രാജീവ് രാഘവന്, ഡോ. ഗിരീഷ് ഗോപിനാഥ്, ഡോ. രാധിക രാജശ്രീ എന്നിവരാണ് മറ്റുള്ളവര്‍. സര്‍വകലാശാലയുടെ അന്തര്‍ദേശീയ ഗവേഷണ മികവും അക്കാദമിക മികവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ നേട്ടം.
വൈസ് ചാന്‍സലര്‍ ഡോ. എ. ബിജു കുമാര്‍ ഇന്ത്യയിലെ പ്രമുഖ ജലജീവശാസ്ത്രജ്ഞനും മത്സ്യശാസ്ത്രജ്ഞനുമാണ്. 30 പുസ്തകങ്ങള്‍ ഉള്‍പ്പെടെ 300ലധികം ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ രചയിതാവും. 2024ലെ ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.
കുഫോസില്‍നിന്ന് ഏറ്റവും ഉയര്‍ന്ന റാങ്ക് നേടിയത് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. രാജീവ് രാഘവനാണ്. 2021 മുതല്‍ തുടര്‍ച്ചയായി ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിലുണ്ട്. അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചവ ഉള്‍പ്പെടെ 200ലധികം ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവാണ്. 25ലധികം പുതിയ സ്പീഷീസുകളും ആറ് പുതിയ ജനുസുകളും രണ്ടു പുതിയ കുടുംബങ്ങളും കണ്ടെത്തിയത് ഡോ.രാജീവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ്.
ക്ലൈമറ്റ് വേരിയബിലിറ്റി ആന്‍ഡ് അക്വാട്ടിക് ഇക്കോ സിസ്റ്റം വിഭാഗം മേധാവിയായ ഡോ. ഗിരീഷ് ഗോപിനാഥ് ഹൈഡ്രോജിയോളജി, റിമോട്ട് സെന്‍സിംഗ്, ജിഐഎസ് എന്നീ മേഖലകളിലെ ഗവേഷകനാണ്. കൃത്രിമബുദ്ധിയുടെ സഹായത്തോടെ കേരളത്തിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി മാപ്പ് തയാറാക്കുന്നതിലും കൃഷിയിടങ്ങളിലെ മണ്ണിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനുള്ള ഹൈപ്പര്‍സ്പെക്ട്രല്‍ റിമോട്ട് സെന്‍സിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.
ഓഷ്യന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഫാക്കല്‍റ്റിയുടെ ഡീനായ ഡോ. രാധിക രാജശ്രീ സമുദ്രവിഭവങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, നാനോ ബയോകോംപോസിറ്റുകള്, ജൈവവിഘടനശേഷിയുള്ള ഫിലിമുകള്‍ തുടങ്ങിയ മേഖലകളിലെ ഗവേഷകയാണ്. നീതി ആയോഗിന്റെ ധനസഹായത്തോടെ കുഫോസില്‍ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യ മത്സ്യമേഖലായ അടല്‍ ഇന്‍ക്യുബേഷന്‍ സെന്ററിന്റെ കോ-ഓര്‍ഡിനേറ്ററാണ്.
Tags : Kufos vice chancellor global rankings scientists