കേരള ഹൈക്കോടതി
കൊച്ചി: എൽപി സ്കൂൾ വിദ്യാർഥികൾക്കുള്ള ഫ്രീഡം ക്വിസിൽ വി.ഡി സർവർക്കറെ പുകഴ്ത്തി ചോദ്യാവലി തയാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതിന്റെ കൃത്യമായ കാരണം സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് പള്ളത്തടുക്ക എയുപി സ്കൂൾ അധ്യാപകനായ കെ. ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉൾപ്പെട്ട ബഞ്ച് സർക്കാരിനോട് വിശദീകരണം തേടിയത്.
ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയാണ് വിവാദമായത്. എൽപി സ്കൂൾ കുട്ടികൾക്കായി നടത്തിയ ക്വിസ് പരിപാടിയിലാണ് ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യ സമര സേനാനിയായി വി.ഡി. സവർക്കറെ ഉൾപ്പെടുത്തിയത്.
സംഭവം വിവാദമായതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ കഴിഞ്ഞ തവണ തയാറാകാതിരുന്ന കോടതി, സർക്കാരിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടർ ഉത്തരവ് പുറപ്പെടുവിക്കുക.
Tags : VDSavarkar Questionnaire KeralaHighCourt Suspension Kasargodu