ന്യൂഡൽഹി: രാജ്യത്തെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ. വിമാന ഇന്ധനത്തിന്റെ അമിതവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നിലവിലെ സാഹചര്യം തുടർന്നാൽ സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കമ്പനികൾ നൽകുന്നത്.
എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് ഇന്ധനവില അടിയന്തരമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ വലിയൊരു ശതമാനം ഇന്ധനത്തിനായാണ് ചെലവാകുന്നത്. ആഗോളതലത്തിൽ ഇന്ധനവില വർധിച്ചതോടെ കമ്പനികളുടെ ലാഭവിഹിതം ഇല്ലാതാവുകയും ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസപ്പെടുന്ന അവസ്ഥയിലുമാണ്.
വ്യവസായം നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണെന്നും സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുകയോ നിർത്തിവെക്കുകയോ ചെയ്യേണ്ടി വരുമെന്നും കമ്പനികൾ അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് അമിതമായി വർധിപ്പിക്കാതെ തന്നെ ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ നികുതി ഇളവുകളോ മറ്റ് സാമ്പത്തിക പാക്കേജുകളോ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വ്യോമയാന മേഖല.
Tags : Airlines Collapse Suspension Aviation Turbine Fuel Latest News