തീപിടിത്തമുണ്ടായ കെട്ടിടം
മുംബൈ: മഹാരാഷ്ട്രയിൽ ദീപാവലി ആഘോഷത്തിനിടെ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ഉത്തം ത്രിംബക് കരണ്ടെ, ചന്ദ്രകല ഉത്തം കരണ്ടെ, ഗോവിന്ദ് ഉത്തം കരണ്ടെ, ജ്യോതി ഗോവിന്ദ് കരണ്ടെ, ഗായത്രി ഗോവിന്ദ് കരണ്ടെ, സിദ്ധി ഗോവിന്ദ് കരണ്ടെ എന്നിവരാണ് മരിച്ചത്. ധരാശിവ് ജില്ലയിലെ യെദ്ഷിയിൽ ഞായറാഴ്ച പുലർച്ചെ 2.30-നാണ് തീപിടിത്തമുണ്ടായത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കത്തിച്ചുവച്ച നിലവിളക്കിൽ നിന്നോ ചിരാതിൽ നിന്നോ തീ പടർന്നതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. താഴത്തെ നിലയിൽ പലചരക്ക് കടയും മുകൾനിലയിൽ കുടുംബം താമസിക്കുന്ന വീടുമാണ് രണ്ട് നിലകളുള്ള ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിലെ കടയിൽ വലിയ അളവിൽ പാചക എണ്ണയും നെയ്യും സൂക്ഷിച്ചിട്ടുണ്ടായിരുന്നതിനാൽ തീ നിമിഷനേരംകൊണ്ട് മുകൾനിലയിലേക്ക് അതിവേഗം പടരുകയായിരുന്നു. പുലർച്ചെയായതിനാൽ ഉറക്കത്തിലായിരുന്ന ആറുപേരും മുകൾനിലയിൽ കുടുങ്ങിപ്പോവുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : DiwaliCelebration Family Die House Fire