എൻ. ഷംസുദ്ദീൻ
മലപ്പുറം: പിഎം ശ്രീ ഉപാധികളോടെ നടപ്പാക്കാമെന്ന ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ എം.കെ. മുനീറിന്റെ പരാമർശത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കെ.എം. മുനീറിന്റെ പരാമർശം ശ്രദ്ധയിൽ പെട്ടില്ലെന്ന് പറഞ്ഞ മന്ത്രി പിഎം ശ്രീയെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെന്നും എല്ലാ അഭിപ്രായങ്ങളും പരിശോധിക്കുകയാണെന്നും വ്യക്തമാക്കി.
ഇതുവരെ സർക്കാർ ഒരു തീരുമാനം എടുത്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഫണ്ട് കിട്ടാൻ കേരളത്തിന് അർഹതയും യോഗ്യതയും ഉണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കുട്ടികളുടെ അവകാശമാണ് ഈ കേന്ദ്ര ഫണ്ടെന്നും ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു.
നമ്മുടെ നികുതിയുടെ ഒരു വിഹിതമാണ് അങ്ങോട്ട് പോകുന്നത്. സമഗ്രശിക്ഷ വഴിയാണ് ഏറ്റവും അധികം ഫണ്ട് വരുന്നത്. വിവിധ ഇനത്തിൽ കേരളത്തിന് 2,000 കോടിയോളം രൂപ കിട്ടാനുണ്ട്. രാഷ്ട്രീയ പശ്ചാത്തലം ഉള്ളതുകൊണ്ട് കുറച്ചു ചർച്ചകൾ വേണ്ടി വരും. വിദ്യാഭ്യാസ വകുപ്പിന് അതിന്റെ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.
Tags : NShamsudheen UDF MuslimLeague Malappuram NewsUpdate Headlines