പ്രതീകാത്മക ചിത്രം
കോൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ പങ്കാളിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ലിവ് ഇൻ പങ്കാളിയായ യുവതിയെയും അമ്മയെയും പൊലിസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്വെയർ എൻജിനീയറായ സാർഥക് സർക്കാർ (25) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സാർഥകിന്റെ പങ്കാളി സഞ്ചാലിക ബസു, ഇവരുടെ അമ്മ മൗമിത ബസു എന്നിവരെയാണ് ഞായറാഴ് പോലീസ് അറസ്റ്റ് ചെയ്തത്. കോൽക്കത്തയില ഗരിയ മേഖലയിൽ സാർത്ഥക് വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് സംഭവം. ഈ ഫ്ലാറ്റിലായിരുന്നു സാർഥകും സഞ്ചാലികയും ഒന്നിച്ചു താമസിച്ചിരുന്നത്. കൊൽക്കത്തയിലെ ടെക്നോ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണ് സഞ്ചാലികയെന്ന് പൊലിസ് അറിയിച്ചു.
ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തർക്കത്തിനിടെ സഞ്ചാലിക മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സാർത്ഥകിന്റെ തോളിൽ കുത്തിയെന്നാണ് വിവരം. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പരിക്കേറ്റ സാർത്ഥകിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ആദ്യം സഞ്ചാലികയെ അറസ്റ്റ് ചെയ്തു. തുടർന്ന് കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ അമ്മ മൗമിത ബസുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, ഇരുവരും തമ്മിലുണ്ടായ തർക്കത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കൊലപാതകത്തിന് പിന്നിൽ മറ്റ് എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.
Tags : Software engineer young man stabbed death Kolkata arrested