പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: എഥനോൾ പെട്രോൾ വിവാദം വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ചു ചേർക്കാൻ പെട്രോളിയം മന്ത്രാലയം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തുന്നത്.
കർണാടക സർക്കാർ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിൽ 30 ശതമാനത്തിന് മുകളിൽ വരെ പെട്രോളിൽ എഥനോൾ കണ്ടെത്തിയ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. പിന്നാലെ കേരളത്തിലും തെലങ്കാന ഹിമാചൽ എന്നീ സംസ്ഥാനങ്ങളിലും പരിശോധനക്ക് നിർദേശം നൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തന്നെയാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ.
പുതിയ വിവാദത്തിലൂടെ സമരത്തിന് കാരണം കണ്ടെത്തുകയാണ് കോൺഗ്രസ് എന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്. ദീപാവലി അവധി കഴിഞ്ഞതോടെ പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. നേരത്തെ ഇ20 പെട്രോളിനെതിരെ വിമർശനം കടുത്തതിന് പിന്നാലെ പ്രധാന വാഹന നിർമാതാക്കളെ അടക്കം അണിനിരത്തി മന്ത്രാലയം വാർത്താ സമ്മേളനം നടത്തിയിരുന്നു.
കർണാടകയിലെ പരിശോധന ഫലം തള്ളിക്കൊണ്ട് എണ്ണ കമ്പനികളുടെ സംയുക്ത പ്രസ്താവനയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും ഒരുമിച്ച് വിശദമായ പ്രതികരണം നൽകുന്നതും ആലോചനയിലുണ്ട്.
നേരത്തെ കർണാടകയിലെ പെട്രോൾ പമ്പുകളിലടക്കം നടത്തിയ പരിശോധനയിൽ 21 ശതമാനം വരെ മാത്രമാണ് എഥനോൾ ബ്ലെൻഡിംഗ് എന്നാണ് കണ്ടെത്തിയത് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇ20 ജനത പാർട്ടി എന്ന പേരിലുള്ള കൂട്ടായ്മ ജന്തർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇ20 ജനത പാർട്ടിക്ക് പിന്നിലും കോൺഗ്രസാണെന്നാണ് ബിജെപി ആരോപണം.
Tags : petrol Ethanol controversy Petroleum Ministry high-level meeting