എസ്. ഇന്ദുശേഖർ
ബംഗളൂരു: ബംഗളൂരുവിൽ ടാക്സി ഡ്രൈവർ ഒരേ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. പ്രതി എസ്. ഇന്ദുശേഖറിന്റെ മൂത്ത സഹോദരൻ ശിവകുമാർ, ഭാര്യ ദിവ്യ എന്നിവരുടെ മൃതദേഹങ്ങളാണ് മൈസൂരുവിലെ ചാമുണ്ഡി ഹില്ലിന് സമീപമുള്ള വനപ്രദേശത്തുനിന്നും കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം അഞ്ചായി ഉയർന്നു.
മൈസൂരുവിലെ തവരക്കട്ടയ്ക്കും ചാമുണ്ഡി ഹില്ലിനും ഇടയിലുള്ള വനമേഖലയിൽ പ്രതിയുമായി പൊലിസ് നടത്തിയ തെളിവെടുപ്പിനിടെയാണ് ഇവിടുന്ന് 500 മീറ്റർ അകലെയായി മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒക്ടോബർ 16 നും 31 നും ഇടയിലുള്ള ദിവസങ്ങളിലാണ് കൊലപാതകം നടന്നയത്. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളും വഴക്കുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് നൽകുന്ന വിവരം. ഭാര്യ സുനിത ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് പോകുന്നതും വീട്ടുകാർ സുനിതയെ പിന്തുണയ്ക്കുന്നതുമാണ് ഇന്ദുശേഖറിൽ വൈരാഗ്യമുണ്ടാക്കാൻ കാരണം.
പ്രതിയുടെ ഭാര്യ സുനിത, ഭാര്യാമാതാവ് രൂപവതി എന്നിവരുടെ മൃതദേഹങ്ങൾ സേലം ജില്ലയിലെ വനത്തിൽനിന്ന് കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. ഇപ്പോൾ ശിവകുമാറിന്റെയും ഭാര്യ ദിവ്യയുടെയും മൃതദേഹങ്ങളും കണ്ടെത്തി. ശിവകുമാറിന്റെ മകൻ പുനീതിന്റെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.
ഇനി സുനിതയുടെ മറ്റൊരു സഹോദരനായ ശങ്കറിന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്. ഇതിനായുള്ള തെരച്ചിൽ തുടരുകയാണ്.