പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ നരേലയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ റോക്കറ്റ് പടക്കം നെഞ്ചിൽ പതിച്ച് പത്തുവയസുകാരൻ മരിച്ചു. നരേല സ്വദേശി ഋഷിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി കുടുംബത്തോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ആകാശത്തേക്ക് ഉയർന്നു പൊട്ടേണ്ട റോക്കറ്റ് പടക്കത്തിന് തീ കൊളുത്തുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. എന്നാൽ മുകളിലേക്ക് കുതിച്ചുയരുന്നതിന് പകരം റോക്കറ്റ് നേരെ വന്ന് കുട്ടിയുടെ നെഞ്ചിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
എന്നാൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. അടിയന്തരമായി ചികിത്സ നൽകേണ്ട ഘട്ടത്തിൽ ഡോക്ടർമാർ കടുത്ത അനാസ്ഥയാണ് കാണിച്ചതെന്ന് ഋഷിയുടെ മൂത്ത സഹോദരൻ മോഹിത് കുറ്റപ്പെടുത്തി.
കുട്ടി മരിച്ചെന്ന വാർത്ത കേട്ടയുടൻ പിതാവ് ബോധരഹിതനായി വീണു. കുട്ടിക്ക് അപ്പോഴും ശ്വാസമുണ്ടായിരുന്നുവെന്നും കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും അമ്മ അഞ്ജലിയും ആരോപിച്ചു.
ദീപാവലി രാത്രിയിൽ ഡൽഹി അഗ്നിശമന സേനയ്ക്ക് റെക്കോർഡ് അടിയന്തര കോളുകളാണ് ലഭിച്ചത്. പടക്ക അപകടങ്ങളുമായി ബന്ധപ്പെട്ട 24 കോളുകൾ ഉൾപ്പെടെ ആകെ 257 അടിയന്തര സന്ദേശങ്ങളാണ് കൺട്രോൾ റൂമിലെത്തിയത്. ഇതിൽ 214 എണ്ണവും വിവിധയിടങ്ങളിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ടതായിരുന്നു.
Tags : Die Firecracker Hit